നന്മയുടെ സുകൃതം ജോര്‍ജ്ജ് ജോസഫിന് ഇതു രണ്ടാം ജന്മം! നാലുവര്‍ഷം ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്കൊടുവില്‍ ജന്മനാട്ടിലെത്തുമ്പോള്‍ ത്യാഗത്തിന്റെയും, പുന്ജന്മത്തിന്റെയും കഥയാണ് ജോര്‍ജ്ജ് ജോസഫിന് പറയാനുള്ളത്. തന്നെ രക്ഷിക്കാന്‍ ഭാരതദേശം കെല്‍പ്പുള്ളതാണെന്ന പ്രതീക്ഷയോടെ, വേഴാമ്പലിന്റെ മഴയ്ക്കുള്ള കാത്തിരിപ്പുപോലെ. അത് തികച്ചും ജീവിതത്തിനും മരണത്തിനുമിടയിലെ നേര്‍ത്ത നിമിഷങ്ങളായിരുന്നു.
കൂത്താട്ടുകുളം ചെള്ളയ്ക്കപ്പടി പുതിയകുന്നേല്‍ ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും പുത്രനായ ജോര്‍ജ്ജ് ജോസഫിന് തന്നെ സഹായിച്ചവരോടുള്ള നന്ദിയും കടപ്പാടും പറഞ്ഞാല്‍ തീരുന്നതായിരുന്നില്ല. നാട്ടുകാര്‍ക്ക് അവരുടെ തങ്കച്ചന് ചേട്ടനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷവും അതിരുകടന്നതായിരുന്നു. സൊമാലിയന്‍ കടല്‍കൊള്ളക്കാരുടെ പിടിയില്‍ അകപ്പെട്ട യുഎഇ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഷിപ്പിംഗ് കമ്പനിയുടെ എംടി അസ്ഫള്ട്ട് വെന്‍ഞ്ച്വര്‍ എന്ന കപ്പലിലെ ഫസ്റ്റ് എന്‍ജീനീയര്‍ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം (2014 നവംബര്‍ ഏഴിന്) ജന്മനാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഗംഭീരമായസ്വീകരണമാണ് നല്‍കിയത്. നാലു നൂറ്റാണ്ട് കൊണ്ടനുഭവിക്കേണ്ട യാതനകള്‍ നാലുവര്‍ഷം കൊണ്ടനുഭവിച്ചപ്പോള്, നാട്ടില്‍കിട്ടിയ സ്നേഹപ്രകടനം ദുഃഖത്തെ നാലിലൊന്നായി കുറച്ചതും യാദൃച്ഛികം തന്നെ.
രാവിലെ തന്നെ വീട്ടിലെത്തിയ സന്ദര്‍ശകരായ ബന്ധുക്കളോടും മാധ്യമപ്രവര്‍ത്തകരോടും, നാട്ടുകാരോടുമെല്ലാം സന്തോഷം പങ്കുവെച്ചത് അനാരോഗ്യത്തിന്റെ അടഞ്ഞ ശബ്ദത്തോടെയും നിറമിഴികളോടെയുമായിരുന്നു. ”തടവിലായിരുന്നപ്പോള്‍ രാവിലെ 11 മണിക്കും വൈകിട്ട് ആറുമണിക്കും മാത്രമാണ് ഭക്ഷണം കിട്ടുന്നത്. അരിയോ മൈദയോ കൊണ്ടുണ്ടാക്കുന്ന ഭക്ഷണം ഉപ്പും മുളകും എന്താണെന്നു പോലും അറിയാനാകുന്നതായിരുന്നില്ല. കൊടും വനത്തില്‍ ടാര്‍പോളിന്‍ ഷീറ്റുകളില്‍ എത്ര കഠിനമായ ക്ഷീണത്തോടെ കിടന്നാലും ഉറങ്ങാന്‍ കഴിയുമായിരുന്നില്ല. ചുറ്റിനും മെഷീന് ഗണ്ണുകളും പിടിച്ച് ആറോ എഴോ പേരുടെ കാവലുണ്ടാകും.” ഇടയ്ക്ക് പറഞ്ഞുനിര്ത്തുമ്പോഴുള്ള നിശബ്ദതയെ ഭഞ്ജിക്കാന്‍ ആര്‍ക്കും തോന്നാത്തവിധമായിരുന്നു അദ്ദേഹത്തിന്റെ മുഖഭാവം. വീണ്ടും പറഞ്ഞുതുടങ്ങുമ്പോള്‍ ഭാര്യ മേഴ്സിയും ഒപ്പമെത്തും. നാലുവര്‍മായി അപേക്ഷകളും നിവേദനങ്ങളുമായി ഓഫീസുകളില്‍ കയറി ഇറങ്ങാന്‍ മേഴ്സി മാത്രമേ ഉണ്ടായിരുന്നുള്ളു.
”മഴ വെള്ളം ടാര്‍പോളിന്‍ ഷീറ്റുകളില്‍ സംഭരിച്ചു. അത്യാവശത്തിന് പോലും വെള്ളം തുച്ഛമായിരുന്നു. അതില്‍ എലിയും പുഴുക്കളുമൊക്കെ ചത്തുകിടക്കുന്നുണ്ടാവും. ഈ വെള്ളമാണ് ഭക്ഷണത്തിന് പോലും ഉപയോഗിച്ചിരുന്നത്. രണ്ടോ മൂന്നോ മാസം കഴിയുമ്പോള്‍ വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ അനുവദിക്കും. അഞ്ചു കിലോ മീറ്ററില്‍ അധികം ദൂരം വാഹനത്തില്‍ എത്തിച്ച് വളരെ കുറച്ചുനിമിഷം മാത്രമാണ് ഫോണ്‍ വിളിക്കാന്‍ അനുവദിക്കുന്നത്. ഒരു തവണ കൊണ്ടു പോയ സ്ഥലത്തായിരിക്കില്ല പിന്നീട് കൊണ്ടു പോകുന്നത്.”
മടങ്ങുമ്പോള്‍ മെഴ്സി ഓടിവന്ന് ഞങ്ങളോട്, സഹായിച്ചവരുടെ ഫോണ്‍ നമ്പരുകള്‍ പലതും നഷ്ടപ്പെട്ടുവെന്നും, ഉണ്ടെങ്കില്‍ അത് നല്‍കണമെന്നും പറഞ്ഞു. ”ഒ.രാജഗോപാല്‍ സാറിനെയും, വി. മുരളീധരന് സാറിനെയും വിളിക്കണം. നന്ദി പറയണം”. ഫോണ്‍ നമ്പര്‍ നല്കി മടങ്ങുമ്പോള്‍ ജോര്‍ജ്ജ് ജോസഫിന്റെ മുഖത്ത് പ്രതീക്ഷ നിറഞ്ഞ പുതു ജീവിതത്തിന്റെ പ്രകാശം. പതിനെട്ടുവര്‍ഷത്തെ സര്‍വ്വീസ് പൂര്‍ത്തിയാക്കി, ഇനി രണ്ടോ മൂന്നോ മാസങ്ങള്‍ വിശ്രമവും, പഴയ ജീവിതത്തിലേക്കുള്ള അന്തരം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ജോര്‍ജ്ജ് ജോസഫ്. ”കേന്ദ്ര സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ സര്‍ട്ടിഫിക്കറ്റുകളെല്ലാം ശരിയാക്കി നല്‍കാമെന്ന് ഡയറക്ട് ജനറല്‍ ഷിപ്പിംഗിന്റെ അധികാരികള്‍ പറഞ്ഞിട്ടുണ്ട്. തിരിച്ചുപോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല.”
ഭാര്യ മേഴ്സി ആലുവ എന്‍എഡി കേന്ദ്ര വിദ്യാലയത്തില്‍ അദ്ധ്യപികയാണ്. മൂത്ത മകന് ജോസഫ് ജോര്‍ജ്ജ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയും, മകള്‍ അന്നാ മരിയ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: