നമ്മളെപ്പോഴും മനുഷ്യരുമായി ബന്ധപ്പെട്ട കാര്യങ്ങളാണല്ലോ ചര്‍ച്ചക്ക് വിധേയമാക്കാറ്. ഇത്തവണ അതിലേക്ക് മൃഗങ്ങളും ഇഴജന്തുക്കളും ഒക്കെയൊന്ന് കടന്നു വന്നാല്‍ എങ്ങനെയിരിക്കും? ഒരു മാറ്റം ആരാണ് ഇഷ്ടപ്പെടാത്തത് അല്ലേ? മാറ്റം മാത്രമെ മാറാത്തതായി ഉള്ളൂവെന്ന് ഒരു മഹാന് പറഞ്ഞതും നമുക്ക് ഇത്തരുണത്തില്‍ ഓര്‍ക്കാം. ചിലപ്പോള്‍ മനുഷ്യരെക്കുറിച്ച് പറയുന്നതിനെക്കാള്‍, ചിന്തിക്കുന്നതിനെക്കാള്‍ മാനസികോര്‍ജം കിട്ടുക മൃഗങ്ങളെക്കുറിച്ച് പറയുമ്പോഴായിരിക്കും.
സ്നേഹവും സൗമ്യതയും പല മൃഗങ്ങളുടെയും ജന്മസിദ്ധമായ പ്രത്യേകതയാണ്. വളര്‍ത്തു നായയുടെ സ്നേഹത്തിന് പകരംവെക്കാന്‍ മറ്റെന്തെങ്കിലും ഈ ലോകത്തുണ്ടോ? കണ്ണീര് വാര്ത്തുപോവുന്ന എത്രയെത്ര സംഭവഗതികള്‍ ശ്വാനന്മാരുമായി ബന്ധപ്പെട്ടുണ്ട്. തല്ക്കാലം നമുക്ക് വിദേശത്തെ ഒരു സംഭവം ഇവിടെ ഓര്‍ത്തുവെക്കാം.
മരണാസന്നരായി കിടക്കുന്നവരോട് അവസാനത്തെ ആഗ്രഹത്തെക്കുറിച്ച് സാധാരണഗതിയില്‍ ഡോക്ടര്‍മാര്‍ തിരക്കാറില്ല; ആശുപത്രിയിലായാലും വീട്ടിലായാലും. തൂക്കാന്‍ വിധിച്ചവരോട് അങ്ങനെ ചോദിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. അങ്ങ് ലണ്ടനിലെ വിഗാന് റോയല്‍ ഇന്ഫര് മേരി ആശുപത്രിയില്‍ കാന്‍സര്‍ ബാധിതയായി കിടക്കുകയായിരുന്നു ഷീലമാര്ഷ് എന്ന 77 കാരി. ഇനി ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് സ്പഷ്ടം. അവിടുത്തെ രീതിയനുസരിച്ച് ഡോക്ടര്‍ ചോദിച്ചു: അമ്മയ്ക്കെന്താണ് ആഗ്രഹം. അതിനുള്ള ഉത്തരം ഡോക്ടറെയും അവിടെ കൂടിയ ഷീലമാര്ഷിന്റെ മകള്‍ ടീന ഒഴികെയുള്ളവരെയും ഞെട്ടിച്ചു. എന്തായിരുന്നു ഉത്തരം? നവം. 09ലെ മലയാള മനോരമയില്‍ അതു വായിക്കാം. തലക്കെട്ട് ഇങ്ങനെ: കുതിര ഉമ്മ വെച്ചു, അന്ത്യ യാത്രയായി.
ഇനി വാര്‍ത്തയിലേക്ക്: താന്‍ 25 വര്‍ഷമായി വളര്‍ത്തുന്ന കുതിരയെ ഉമ്മവച്ചു യാത്രയാകണം എന്നതായിരുന്നു അവരുടെ അവസാന ആഗ്രഹം. വിഗാനിലെ വീട്ടില്‍ വളര്‍ത്തുന്ന ആറു കുതിരകളോടും അമ്മയ്ക്കുള്ള സ്നേഹം ടീന ജനിച്ചപ്പോള്‍ മുതല്‍ കാണുന്നതാണ്. ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ രണ്ടു കുതിരകളെ എത്തിച്ചു. ഷീല മാര്‍ഷിനെ കിടക്കയോടെ ആശുപത്രി മുറ്റത്തെത്തിച്ചു. തങ്ങളുടെ പ്രിയപ്പെട്ട യജമാനത്തിയെ കണ്ട കുതിരകള്‍ അവരുടെ ശരീരത്തില്‍ മുട്ടിയുരുമ്മി നിന്നു.
ഷീല മാര്‍ഷ് ഏറ്റവുമധികം സ്നേഹിച്ച ബ്രോണ്‍വെന്‍ എന്ന കുതിര അവരുടെ കവിളില്‍ ചുംബിച്ചു. കണ്ണീരണിഞ്ഞ് ചുറ്റും ആളുകള്‍ നില്‍ക്കേ ഷീല മാര്‍ഷിനെ മുറിയിലേക്ക് തിരികെ കൊണ്ടുപോയി. മണിക്കൂറുകള്‍ക്കകം അവര്‍ മരണത്തിനു കീഴടങ്ങി. സ്നേഹത്തിന്റെ ശക്തിനോക്കുക, ലോകം മുഴുവന്‍ ആയുധം കൊണ്ട് വെട്ടിപ്പിടിച്ചയാള്ക്ക് അവസാനയാത്രക്കൊരുങ്ങുമ്പോള് ആ അമ്മയ്ക്ക് കിട്ടിയ സ്വാസ്ഥ്യം കിട്ടുമോ? ഒരു വേള ഇത്തിരി കണ്ണീര് പൊടിയാതിരിക്കില്ല നമുക്കാ വാര്‍ത്ത വായിക്കുമ്പോള്‍. മൃഗവും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ വര്‍ണനൂലുകളാല്‍ നെയ്തെടുത്ത മനോഹര ചിത്രം.
ലണ്ടനില്‍ നിന്ന് നേരെ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരാം. ഇവിടെയും അതുപോലുള്ളതല്ലെങ്കിലും മറ്റൊരു മുഖമുള്ള സ്നേഹസ്പര്‍ശം. തൃശൂരിലെ കൊക്കാലയില്‍ ഒരു മൂര്‍ഖന്‍ പാമ്പ് ടാറില്‍ മുങ്ങിപ്പോയി. റോഡുപണിക്കാര്‍ ബാക്കി വന്ന ടാര്‍ അശ്രദ്ധമായി റോഡിനോരത്ത് ഒഴിച്ചതാണ് പാമ്പിന് കെണിയായത്. ഉഗ്രശബ്ദത്തിലുള്ള ചീറ്റല്‍ കേട്ട രണ്ട് ചെറുപ്പക്കാരാണ് പാമ്പിനെ കൊക്കാലയിലുള്ള മൃഗാശുപത്രിയില്‍ എത്തിച്ചത്. ഡോ. ജോണ്‍ മാര്‍ട്ടിന്റെ നേതൃത്വത്തില്‍ വെളിച്ചെണ്ണ തേച്ച് ഒരു വിധത്തില്‍ ടാര്‍ മൂര്‍ഖന്റെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്തു.
മാതൃഭൂമി (നവം.11) അത് ഒന്നാംപുറത്ത് ഭംഗിയായി കൊടുത്തിട്ടുണ്ട്. വെട്ടും കുത്തും ഗുണ്ടായിസവും ആഭാസ സമരവും മാത്രം വായിച്ച് തല പെരുത്തുപോവുന്നവര്ക്ക് ആഹ്ലാദം പകരുന്ന വാര്‍ത്തയായിരുന്നു അത്. വാര്‍ത്തയിലേക്ക്: ~ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മൂര്‍ഖന്റെ ദേഹം ഒരുവിധം വെളുപ്പിച്ചെടുത്തു. ഇതിനിടെ തലയിലെ വടി അയഞ്ഞതോടെ പത്തിവിടര്‍ത്തിയ പാമ്പിനെക്കണ്ട് ജീവനക്കാരടക്കമുള്ളവര്‍ പിന്നോട്ടുമാറി. മേശയില്‍ നിന്ന് പാമ്പ് താഴേയ്ക്ക് ചാടിയെങ്കിലും വാലില്‍ പിടിച്ചിരുന്നയാള് പിടിവിടാത്തതിനാല്‍ കുഴപ്പമൊന്നുമുണ്ടായില്ല. ഇനി വാര്‍ത്ത വായിക്കുന്നവര്‍ക്ക് തലയറഞ്ഞ് ചിരിക്കാനുള്ള ഒരു വക കൂടി കാണുക: ടാര്‍ ഒരുവിധം നീങ്ങിയ പാമ്പിന് ദേഹത്ത് പുരട്ടാന്‍ ഡോക്ടര്‍ മരുന്നും കുറിച്ചു നല്കി. മേപ്പടി കുറിപ്പുമായി തൃശൂരിലെ മെഡിക്കല്‍ ഷോപ്പുകളിലൊന്നും മൂര്‍ഖന്‍ പാമ്പ് പോയതായി റിപ്പോര്ട്ടില്ലാത്തതു കൊണ്ട് അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന് വായനക്കാര്‍ക്ക് അനുമാനിക്കാം. മാതൃഭൂമി ചാനലിലെ നല്ല വാര്‍ത്തയ്ക്കു സമാനമായി ഇതിനെ നമുക്കു കണക്കാക്കാം.
കാര്‍ട്ടൂണീയം
ഇനിയാണ് മേപ്പടി വാര്‍ത്തയുടെ രാഷ്ട്രീയ-ഹാസ്യമുഖം നമുക്കു ദര്‍ശിക്കാനാവുന്നത്. ബാറും ടാറും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ ടാറില്‍ മുങ്ങിയ പാമ്പിനെ പോലെ ബാറില്‍ പോയാല്‍ പാമ്പാകും എന്ന നാട്ടു പ്രയോഗം മാത്രം. കൃതഹസ്തനായ ഗോപീകൃഷ്ണന് ബാറിലെ രാഷ്ട്രീയത്തിലൂടെ ബ്രഷ് ചലിപ്പിക്കുമ്പോള്‍ നമുക്ക് മനംകുളിര്‍ത്ത് ചിരിക്കാം, പിന്നെ ചിന്തിക്കാം. നവം. 12ലെ മാതൃഭൂമിയില്‍ ഒന്നാംപുറത്ത് ഒരു ഒന്നൊന്നര വര കാണാം. ബാറില്‍ വീണ് ചളിപുരണ്ടവനെ വെളിച്ചെണ്ണയില്‍ കുളിപ്പിക്കുന്നവരുടെ മുഖഭാവം ശ്രദ്ധിക്കുക. ഇനി ഇതിലെ ആന്റി ക്ലൈമാക്സ് ഗോപീകൃഷ്ണന് പറയാതെ പറയുന്നുണ്ട്.
ടാര്‍ കഴുകിക്കളയാന്‍ ഏറ്റവും ഉത്തമം മണ്ണെണ്ണയാണ്. എന്നാല്‍ കൊക്കാല മൃഗാശുപത്രിക്കാര്‍ അതുപയോഗിച്ചില്ല. എന്താ കാര്യം? മണ്ണെണ്ണയായാല് മൂര്‍ഖന്‍ മൂപ്പര്‍ക്ക് പൊള്ളും. പിന്നീട് സിദ്ധി കൂടുകയും ചെയ്യും. ബാറില്‍ മുങ്ങിയ വിദ്വാനെതിരെ കുഴപ്പമില്ലാത്ത വെളിച്ചെണ്ണ അന്വേഷണമായാല്‍ സംഗതി ജോര്. കടുംവെട്ട് മണ്ണെണ്ണ പ്രയോഗമായ സിബിഐ അന്വേഷണം വന്നാല്‍ ഉമ്മച്ചന് സഹകരണ കമ്പനി ധിം തരികിട തോം. എങ്ങനെയുണ്ട് ഗോപീകൃഷ്ണന് പറയാതെ പറയുന്ന കഥകള്‍!
മനുഷ്യര്‍ വന്യമൃഗങ്ങളെ സ്നേഹിക്കുകയാണോ ദ്വേഷിക്കുകയാണോ എന്ന് അവര്‍ക്കറിയില്ലെങ്കില്‍ എന്തു സംഭവിക്കും? മലപ്പുറം, വയനാട്, ഇടുക്കി, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് ഇടക്കിടെ വന്യജീവകളുടെ ആക്രമണത്തെക്കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച വാര്‍ത്തകള്‍ വരുന്നുണ്ട്. അര്‍ധസത്യവും അല്പസത്യവുമായ വാര്‍ത്തകളുടെ ആകെത്തുകയെന്തെന്നാല്‍ വന്യമൃഗങ്ങള്‍ ജനങ്ങളുടെ ശത്രുക്കള്‍. അതില്‍ നിന്ന് ഒരു മാറ്റം വേണമെന്ന ഉദ്ദേശ്യത്തോടെ എല്ലാ ജില്ലയിലും സെമിനാറും ചര്‍ച്ചകളും നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം വയനാട്ടില്‍ അത്തരമൊന്ന് നടന്നു. പ്രമുഖ ജൈവശാസ്ത്രജ്ഞയായ ഡോ. വിദ്യ ആത്രേയയുടെ അഭിപ്രായത്തില്‍ അവ അപകടകാരികളാവുന്നത് സ്വയരക്ഷയ്ക്കാണെന്നാണ്. അവരുടെ വാക്കുകളിലേക്ക്: വന്യജീവികള്‍ക്കെല്ലാം മനുഷ്യരെ ഭയമാണ്. ജിവനിലുള്ള ഭയം മൂലമാണ് അവ ആക്രമണത്തിന് മുതിരുന്നത്. വന്യജീവികള്‍ നാട്ടിലിറങ്ങുമ്പോള്‍ ജനങ്ങള്‍ കൂട്ടം കൂടുന്നതും ഓടിക്കുന്നതും അവയെ ഭയപ്പെടുത്തും.
രക്ഷപ്പെടാന്‍ പഴുതുകള്‍ തേടുമ്പോഴാണ് കടുവയടക്കമുള്ളവ ആക്രമണകാരികളാവുന്നത്. (ജന്മഭൂമി, നവം. 11) ദല്‍ഹിയിലെ കടുവക്കൂട്ടിലേക്ക് വീണുപോയ നിസ്സഹായന്റെ മുമ്പില്‍ അരുമയായി നിന്ന വെള്ളക്കടുവ അയാളെ കടിച്ചുകുടഞ്ഞത് എപ്പോഴായിരുന്നുവെന്ന് ലൈവായി കണ്ടവര്‍ക്ക് മനസ്സിലാവും. സ്വയം രക്ഷയ്ക്ക് കൊലപ്പെടുത്തുന്നവരെ നിയമം വെറുതെ വിടുന്നതിന്റെ പൊരുള്‍ വിദ്യയുടെ അഭിപ്രായത്തിലുണ്ട്. പക്ഷേ, അതൊക്കെ പ്രായോഗികമാണോ എന്ന വലിയ ചോദ്യത്തിന്റെ മറുപടി ഇങ്ങനെയുമാവാം: ഞങ്ങളുടെ ആവാസമേഖലകള്‍ കൈയേറി വെട്ടിവെളുപ്പിച്ചാല്‍ ഞങ്ങളെന്ത് ചെയ്യും? മൃഗസഞ്ചയം മുന്നില്‍ വന്ന് ഇങ്ങനെ ചോദിക്കുമ്പോള്‍ കസ്തൂരിരംഗന്‍, ഗാഡ്ഗില്‍, പരിസ്ഥിതി, പാറമട, ധാതുമണല്‍ എന്നൊക്കെ പറഞ്ഞ് രക്ഷപ്പെടാമെന്ന് കരുതണ്ട.
തൊട്ടുകൂട്ടാന്‍
അഴകാര്‍ന്ന തവ രൂപ ദര്‍ശനത്താല്‍
ശോകദുരിതങ്ങളകലെയായെന്നില്
അഴിയുന്ന ഭൗതികാന്ധതയില്‍ അഭൗ
മമാമനുഭൂതി പകരുന്നുവെന്നില്
വഴിയുന്ന സ്നേഹക്കടല്പ്പരപ്പില്
കാവ്യമധുരമായ് ഒഴുകി നീയെന്നില്‍
അമ്പലപ്പുഴ രാജഗോപാല്‍
കവിത: ‘നീ, യെന്നില്‍’
ഹിരണ്യ മാസിക (നവംബര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: