കഴിഞ്ഞ ആഴ്ചയില്‍ ദല്‍ഹിയില്‍ അധികം മാധ്യമശ്രദ്ധ പിടിച്ചുപറ്റാത്ത, എന്നാല്‍ അത്യന്തം ശ്രദ്ധേയമായ ഒരു പരിപാടി നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അവിടുത്തെ മുഖ്യപ്രഭാഷകനായിരുന്നു. മലയാള പത്രങ്ങള്‍ മിക്കവയും ആ പരിപാടിയെ അവഗണിക്കുകയായിരുന്നു. മന്ത്രിസഭാ വികസനവും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ കൊതിക്കെറുവും മറ്റുമായിരുന്നു അന്നു പത്രങ്ങള്‍ക്കും മലയാള ചാനലുകള്‍ക്കും വിഭവങ്ങളായത്.
ഭാരതത്തിലെ ആധുനിക ഭഗീരഥനെന്നു വിശേഷിപ്പിക്കാവുന്ന മാനനീയ ഏകനാഥ് റാനഡേയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ വിവേകാനന്ദ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയാണിവിടെ സൂചിപ്പിക്കപ്പെട്ടത്.
കന്യാകുമാരി സന്ദര്‍ശകര്‍ക്ക് കഴിഞ്ഞ 47 വര്‍ഷമായി ഒഴിവാക്കാനാകാത്ത പരിപാടിയാണ് മൂന്ന് സമുദ്രങ്ങളുടെ സംഗമത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന വിവേകാനന്ദ ശിലാസ്മാരകവും ശ്രീപാദമണ്ഡപവും. രണ്ടുപതിറ്റാണ്ടുകാലമായി അടുത്ത പാറയില്‍ മഹര്‍ഷി തിരുവള്ളുവരുടെ ഭീമാകാരമായ പ്രതിമയും ഉയര്‍ന്നിട്ടുണ്ട്.മനുഷ്യസങ്കല്‍പ്പത്തില്‍ പെടുത്താവുന്ന എല്ലാവിധ തടസ്സങ്ങളെയും തന്റെ പുരുഷാര്‍ത്ഥത്താല്‍ മറികടന്ന് ഏകനാഥ്ജി പടുത്തുയര്‍ത്തിയ ആ സ്മാരക സൗധങ്ങളോടു താരതമ്യം ചെയ്യാന്‍ ലോകത്ത് മറ്റൊരു നിര്മിതിയുണ്ടാവില്ല.
1963ലെ സ്വാമി വിവേകാനന്ദ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കന്യാകുമാരിയില്‍ സ്വാമിജിക്ക് തന്റെ വിശ്വദൗത്യത്തിന്റെ വെളിപാടുണ്ടായ പാറയില്‍ എന്തെങ്കിലും ചടങ്ങു നടത്തണമെന്ന്, അന്ന് തമിഴ്നാട് പ്രാന്തപ്രചാരകനായിരുന്ന ദത്താജി ഡിഡോള്ക്കര്ക്കുണ്ടായ മോഹമാണ് ആ പദ്ധതിയുടെ ബീജാവാപം. അദ്ദേഹം കന്യാകുമാരിയിലെയും നാഗര്‍കോവിലിലെയും പ്രമുഖ സംഘാനുഭാവികളെയും ഹൈന്ദവ പ്രമുഖരെയും ആ സംരംഭത്തിനു ഉദ്യുക്തരാക്കി.
കന്യാകുമാരിയിലെ സമുദ്രം സദാ പ്രക്ഷുബ്ധമായതിനാല്‍ പാറയിലേക്കു തോണിയില്‍ വേണ്ടിയിരുന്നു പോകാന്‍. അവിടുത്തെ മുക്കുവരെല്ലാം തന്നെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ക്രിസ്ത്യാനികളായി മാറിയവരാണ്. ശ്രീപാദപ്പാറയിലെ കാര്‍ത്തിക ദീപം തെളിയിക്കുന്ന പതിവുപോലും അവരുടെ നിസ്സഹകരണം മൂലം വര്‍ഷങ്ങളായി മുടങ്ങിക്കിടന്നു. വിവേകാനന്ദപ്പാറയില്‍ ഒരു സ്മാരക ഫലകം സ്ഥാപിക്കണമെന്നതായിരുന്നു കന്യാകുമാരിക്കാരുടെ ഉദ്ദേശ്യം. അതിന് അവിടെയെത്താന്‍ വിശ്വസനീയരായ തോണിക്കാര്‍ കൂടിയേ കഴിയൂ. പക്ഷേ വിവേകാനന്ദപ്പാറ ക്രിസ്ത്യാനികള്‍, അവരെ നൂറ്റാണ്ടുകള്‍ക്കുമുമ്പു മതം മാറ്റിയ ശൗരിയാര് പുണ്യാളന്റെ (ഫ്രാന്‍സിസ് സേവിയര്‍) പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചു. സ്മാരകം നിര്മാണത്തെപ്പറ്റിയുള്ള വാര്‍ത്ത പരന്നതോടെ അവര്‍ പള്ളി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം പാറയില്‍ ഒരു കുരിശ് നാട്ടി; ആ കുരിശ് കാണാവുന്നത്ര കടലില്‍ മത്സ്യം കൂടുതല്‍ കിട്ടുമെന്നു പ്രചരിപ്പിച്ചു.
വിവേകാനന്ദ സമിതിക്കാരാകട്ടെ സംഘത്തിന്റെ സഹായം തേടി ദത്താജിയുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട്ടെ കടപ്പുറങ്ങളില്നിന്നുള്ള സ്വയംസേവകരെ കന്യാകുമാരിയില്‍ എത്തിക്കാനുള്ള നടപടികളെടുത്തു. തുടര്‍ന്നു പാറയില്‍ പോകാന്‍ ആവശ്യമായ വള്ളങ്ങളുമായി അവര്‍ എത്തുകയും സ്മാരക നിര്‍മാണ ശ്രമങ്ങള്‍ക്കു തുടക്കമാവുകയും ചെയ്തു. 1963 ജനുവരിയില്‍ പാറമേല്‍ സ്ഥാപിച്ച ഫലകം ക്രിസ്ത്യാനികള്‍ തകര്‍ത്തത് പുതിയ സ്തംഭനാവസ്ഥ സൃഷ്ടിച്ചു. ഈ ഘട്ടത്തില്‍ സര്‍സംഘചാലക് ശ്രീ ഗുരുജി, സര്‍കാര്യവാഹ് ആയിരുന്ന ഏകനാഥ റാനഡെയെ ശിലാസ്മാരക ചുമതലയേല്‍പ്പിച്ചു.
വിവേകാനന്ദ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സ്വാമിജിയുടെ വചനങ്ങളുടെ ഒരു സമാഹാരം തയ്യാറാക്കി എല്ലാ ഭാഷകളിലും പ്രസിദ്ധീകരിച്ചത് ഏകനാഥ്ജിയായിരുന്നു. മലയാളത്തില്‍ ‘ഉത്തിഷ്ഠഭാരത’ എന്ന പേരില്‍ അത് ലഭ്യമാണ്. സംഘം ഏല്‍പ്പിച്ച ആ ദൗത്യം അദ്ദേഹം സര്‍വാത്മനാ ഏറ്റെടുത്തു. മനുഷ്യപ്രയത്നത്തിന് അസാധ്യമായി ഒന്നുമില്ലെന്ന് ഇരുപതാം നൂറ്റാണ്ടില്‍ ആരെങ്കിലും സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അതു ഏകനാഥ്ജിയായിരുന്നു.
സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തുതന്നെ സംഘസ്ഥാപകനായിരുന്ന പൂജനീയ ഡോക്ടര്‍ ഹെഡ്ഗേവാറുടെ ദൃഷ്ടിയില്‍പ്പെട്ട ഏകനാഥ്ജി, സംഘത്തെ തന്റെ ജീവിതദൗത്യമാക്കി. പ്രചാരകനെന്ന നിലയ്ക്ക് തൊട്ടതെല്ലാം പൊന്നാക്കുന്ന മിദാസ് വൈഭവത്തിനുടമയായിരുന്നു അദ്ദേഹം. 1948ല്‍ സംഘം നിരോധിക്കപ്പെടുകയും ശ്രീഗുരുജിയടക്കം ആയിരക്കണക്കിനാളുകളുടെ കാരാഗൃഹത്തിലടയ്ക്കപ്പെടുകയും ചെയ്തപ്പോള്‍, പിടികൊടുക്കാതെ ഭാരതം മുഴുവന്‍ സഞ്ചരിച്ച് പ്രതിരോധം സംഘടിപ്പിച്ചു. 1950 കളില്‍ ദല്‍ഹിയിലെ ചില പ്രമുഖ സംഘപ്രവര്‍ത്തകര്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ അവിടുത്തെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കിയപ്പോള്‍ ഏകനാഥ്ജി അവിടെച്ചെന്ന് മാസങ്ങളോളം താമസിച്ച് തന്റെ തീവ്രമായ പരിശ്രമത്തിലൂടെ അതിനു പരിഹാരമുണ്ടാക്കി.
സര്‍കാര്യവാഹ് എന്ന നിലയ്ക്ക് ഏകനാഥ്ജി സംഘപ്രവര്‍ത്തകര്‍ക്ക് നല്കിയ മാര്‍ഗനിര്‍ദ്ദേശവും മാതൃകയും അന്യാദൃശമായിരുന്നു. അദ്ദേഹം ഒരിക്കല്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ക്കു നല്കിയ ഉപദേശങ്ങള്‍ സമാഹരിച്ച് ഹരിയേട്ടന് നമ്മുടെ സംഘടന എന്ന ചെറു പുസ്തകം തയ്യാറാക്കി എത്തിച്ചിരുന്നു. സംഘടനാ ശാസ്ത്രവും സംഘടനാ മനഃശാസ്ത്രവും ഇത്രയും കുറ്റമറ്റ രീതിയില്‍ വിവരിക്കുന്ന മറ്റ് പുസ്തകങ്ങള്‍ വിരളമാണ്. കാര്‍ണഗി ഇന്‍സ്റ്റിറ്റിയൂട്ട് പോലുള്ള സ്ഥാപനങ്ങള്‍, മനഃശാസ്ത്രപരമെന്നവകാശപ്പെട്ടുകൊണ്ടു പുറത്തിറക്കുന്ന സെല്‍ഫ് ഇംപ്രൂവ്മെന്റ് ഗ്രന്ഥങ്ങളെക്കാള്‍ എത്രയോ പടി ഉയരത്തിലാണ് ഏകനാഥ്ജിയുടെ വിശകലനങ്ങളെന്നു കാണാം.
വ്യവസ്ഥാപ്രിയത, നിത്യസിദ്ധശക്തി, കര്തൃത്വക്ഷമത മുതലായ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സ്വയം ചെയ്യേണ്ട കാര്യങ്ങള്‍ അദ്ദേഹം പറയുമായിരുന്നു. വിവേകാനന്ദ കേന്ദ്ര പ്രവര്‍ത്തകര്‍ക്കായി അദ്ദേഹം നടത്തിയ പ്രബോധനങ്ങള്‍ പുസ്തകങ്ങളാക്കിയത് സര്‍വീസ് എ മിഷന് (സേവനം ഒരു തപസ്യ എന്നു മലയാളം) ആ ഗണത്തില്‍പ്പെടുന്നു. സംഘത്തിന്റെ പ്രവര്‍ത്തനത്തെ അഖിലഭാരത വ്യാപകമായി വികസിപ്പിക്കുന്നതിനുള്ള അതിസൂക്ഷ്മ തലത്തിലുള്ള ആസൂത്രണം അദ്ദേഹം 1960 ല്‍ ഇന്‍ഡോറില്‍ ചേര്‍ന്ന അഖിലഭാരതീയ പ്രചാരകന്മാര്ക്കു മുമ്പില്‍ വെച്ചിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രചാരകന്മാര്ക്കായി 1958 ല്‍ കൊച്ചിയില്‍ നടന്ന ശിബിരത്തില്‍ അദ്ദേഹം പത്തുവര്‍ഷത്തിനുള്ളില്‍ 1000 ശാഖകള്‍ എന്ന ലക്ഷ്യം കേരളത്തിനായി നല്കി.
വിവേകാനന്ദ ശിലാ സ്മാരകം നിര്‍മിക്കുന്നതില്‍ ഏകനാഥ്ജിക്ക് നേരിടേണ്ടി വന്ന തടസ്സങ്ങള്‍ അനവധിയായിരുന്നു. കന്യാകുമാരിയിലെ ക്രിസ്ത്യാനികളുടെ, അന്നത്തെ തമിഴ്നാട് സര്‍ക്കാരിന്റെ, കേന്ദ്രമന്ത്രിമാരുടെ, രാഷ്ട്രീയകക്ഷികളുടെ, സ്മാരകസമിതിയിലെ ചില അംഗങ്ങളുടെ വ്യക്തിതാത്പര്യങ്ങളുടെ, സാധനദൗര്ലഭ്യങ്ങളുടെ, വിവേകാനന്ദപ്പാറയുടെ സ്ഥാനത്തിന്റെ ,കന്യാകുമാരി ദേവസ്വം ബോര്‍ഡിന്റെ, താന്‍ വിശ്വസിച്ചു പ്രധാനകാര്യങ്ങള്‍ ഏല്‍പ്പിച്ച ചില വ്യക്തികളുടെ, അങ്ങനെ എത്രയെത്ര.
ഒരെതിര്‍പ്പിനും മുന്നില്‍ മനംമടുക്കാതെ, തലകുനിക്കാതെ, ഏറ്റുമുട്ടാതെ, ആരുടെയും വാതില്‍ അടയ്ക്കാതെ, ഒരിക്കലും ചര്‍ച്ചകള്‍ വഴിമുട്ടാനനുവദിക്കാതെ ഏകനാഥ്ജി അവയൊക്കെ തരണം ചെയ്തു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു സംശയദൃഷ്ടിയോടെ കണ്ടിരുന്ന വ്യക്തിയും പ്രസ്ഥാനവുമായിരുന്നിട്ടുപോലും ഭൂരിപക്ഷം പാര്‍ലമെന്റംഗങ്ങളും ഒപ്പിട്ട ഒരു നിവേദനം തയ്യാറാക്കി ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് അംഗത്തെക്കൊണ്ടുതന്നെ അദ്ദേഹത്തിന് സമര്‍പ്പിച്ചു. കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ്, ഡിഎംകെ, ജനസംഘം തുടങ്ങിയ എല്ലാ കക്ഷിക്കാരെയും അതില്‍ സഹകരിപ്പിച്ചു. സ്മാരകഫലകം, ചെറിയ പ്രതിമ തുടങ്ങിയ ആദ്യകാല സങ്കല്‍പ്പങ്ങളെ വളര്‍ത്തി വളര്‍ത്തി ഇന്നുകാണുന്ന ഭവ്യവും മനോഹരവുമായ സമുച്ചയമെന്ന തലത്തിലേക്ക് അതിനെ ഏകനാഥ്ജി ഉയര്‍ത്തി. തികച്ചും ജനകീയമായ വിധത്തിലാണ് അദ്ദേഹം അതിനു ധനസമാഹരണം നടത്തിയത്. പൂര്‍വാഞ്ചലിലെ ഗിരിവര്‍ഗ പ്രദേശങ്ങളെയും പശ്ചിമബംഗാളിലെ മാര്‍ക്സിസ്റ്റ് മുഖ്യമന്ത്രിയുടെ ഭാര്യയെയും ഡിഎംകെയിലെ അണ്ണാദുരയെയും കരുണാനിധിയെയും സാര്‍വത്രികമായി വിദ്യാര്‍ത്ഥി വര്‍ഗത്തെയും സ്മാരക നിര്‍മാണത്തില്‍ സഹകരിപ്പിച്ചു.
സ്മാരകം നിര്‍മാണത്തിനു തുടര്‍ച്ചയായി അടുത്തഘട്ടത്തിന്റെ ആസൂത്രണവും അത്യന്തം ദീര്‍ഘവീക്ഷണവും ഭാവനാസമൃദ്ധിയെയും കാട്ടിക്കൊണ്ട് അദ്ദേഹം നിര്‍വഹിച്ചു. കന്യാകുമാരിയിലെ വിശാലമായ വിവേകാനന്ദ കേന്ദ്രവും അതിന്റെ ആഭിമുഖ്യത്തില്‍ വിശ്വവിശാലമായ തോതില്‍ നടക്കുന്ന വിവിധതലങ്ങളിലും സാംസ്കാരിക ധാര്‍മിക പ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തവയാണ്.
സംഘം മഹത്തായ ദൗത്യത്തെ ഏറ്റെടുത്ത് ഏകനാഥ്ജി കന്യാകുമാരിയെത്തന്നെ തന്റെ കേന്ദ്രമാക്കി. ജീവിതത്തിന്റെ അന്തിമനിമിഷംവരെ അവിടെ കഴിഞ്ഞു. വിവേകാനന്ദ ശിലാ സ്മാരകത്തിന്റെ ദൃഷ്ടിയെത്തുന്ന സ്ഥാനത്തുതന്നെ ആ ദേഹം പഞ്ചഭൂതങ്ങളില്‍ വിലയിച്ചു. ആയിരക്കണക്കിനാളുകളെ രാഷ്ട്രസേവനത്തിന് പ്രചോദിപ്പിച്ചു. ഭാരതത്തിന്റെ മഹിമ ലോകത്തിനു മനസ്സിലാക്കിക്കൊടുക്കുന്ന നിരവധി പ്രസിദ്ധീകരണങ്ങള്‍ കന്യാകുമാരിയില്‍ നിന്നും പുറത്തുവരുന്നു. ഒരാള്‍ക്ക് എന്തുമാത്രം നേടാനാവുമെന്നതിന് അതിരില്ലെന്ന് സംഘജീവിതത്തിലൂടെ തെളിയിച്ച ഏകനാഥ്ജിയുടെ നൂറ്റാണ്ടുപിറന്നാള് അങ്ങനെ കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: