ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചില ആറുമാസം സോപാന കാവല്ക്കാര് ഭക്ത ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായ് ആരോപണം. ക്ഷേത്രത്തിലെത്തിയ ഭക്തരെ പരസ്യമായി ദേഹോപദ്രവം ഏല്‍പ്പിച്ച സംഭവം കഴിഞ്ഞിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴേക്കുമാണ് പുതിയ താത്ക്കാലിക ജീവനക്കാര്‍ ആരാധനാ സംസ്ക്കാരത്തിന് പോലും കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ആറുമാസത്തേക്ക് ജോലിയില്‍ പ്രവേശിക്കുന്ന ഇവര്‍ക്കെതിരേയുള്ള പരാതികള്‍ക്ക് ദേവസ്വം ഭരണാധികാരികള്‍ ശിക്ഷാനടപടികളൊന്നും സ്വീകരിക്കാത്തത് ഇക്കൂട്ടര്‍ക്ക് കൂടുതല്‍ പ്രചോദനമാകുകയാണ്. ഇതിനിടെ സോപാനപടിയില്‍ നിന്നും പണം മോഷ്ടിച്ചതിന് ഒരു ആറുമാസം സോപാന കാവല്‍ക്കാരനെ പണാപഹരണത്തിന് മാസങ്ങള്‍ക്ക് മുമ്പ് ജോലിയില്‍ നിന്നും നീക്കം ചെയ്തിരുന്നു.
ക്ഷേത്രത്തിലെ ആറുമാസം സോപാന കാവല്‍ക്കാരായ ചിലരുടെ ഇത്തരം ചെയ്തികളില്‍ ഭക്തജനസംഘടനകള്‍ പ്രക്ഷോപം സംഘടിപ്പിച്ചിരിക്കയാണ്. തിരക്കുള്ള ശീവേലി സമയത്ത് സ്ത്രീകളുടെ ശരീരത്തില്‍ ബോധപൂര്‍വ്വം തട്ടിമാറ്റിയും, അകാരണമായി ഭക്തരെ തള്ളി മാറ്റിയുമാണ് ഇക്കൂട്ടര്‍ ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ദൂരദേശങ്ങളില്‍ നിന്നെത്തി നിന്ന് ജലപാനം പോലും കഴിക്കാതെ ക്യൂവില്‍ മണിക്കൂറുകള്‍നീണ്ട കാത്തിരിപ്പിന് ശേഷം ഭഗവത് ദര്‍ശനത്തിനായി ക്ഷേത്രത്തിന് അകത്ത് പ്രവേശിക്കുന്ന ഭക്തജനങ്ങള്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കേണ്ടവര്‍ അതിനുള്ള അവസരം നിഷേധിച്ച് പിടിച്ചുമാറ്റുന്നത് ദൈവനിന്ദയാണെന്ന് ഭക്തനങ്ങളും പറയുന്നു. എന്നാല്‍ ഇതിനെതിരെ പ്രതികരിക്കുകയോ, ചോദ്യം ചെയ്യുകയോ ചെയ്താല്‍, ചോദ്യംചെയ്യുന്ന ഭക്തരെ ഇവര്‍ അസഭ്യം പറയുകപോലും ചെയ്യുന്നതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: