ന്യൂദല്‍ഹി: എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം ഉടനില്ലെന്ന് വ്യോമയാനമന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ സ്വകാര്യവല്‍ക്കരണ പദ്ധതിയില്ല. എന്നാല്‍ ഭാവിയില്‍ സ്വകാര്യവല്ക്കരണമുണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കരടു വ്യോമയാന നയം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടേയും ദേശീയ ഹെലികോപ്റ്റര്‍ കമ്പനിയായ പവന്ഹാന്സിന്റെയും ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുമെന്ന് അശോക് ഗജപതി രാജു പറഞ്ഞു. കമ്പനികളുടെ സുതാര്യതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനായാണ് നടപടി. എയര്‍ ഇന്ത്യയുടെ വികസനപദ്ധതികള്‍ക്കായി വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യയെ അതിന്റെ പൂര്ണ്ണരീതിയില് സജ്ജമാക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ കടമയാണ്. വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും കൂടുതല്‍ കാര്യക്ഷമതയോടുകൂടി പ്രവര്‍ത്തിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കിക്കഴിഞ്ഞു,കേന്ദ്രമന്ത്രി പറഞ്ഞു.
മിനിരത്ന പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയുടെ കീഴില്‍ 125 വിമാനത്താവളങ്ങളാണുള്ളത്. പതിനൊന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളും 81 ആഭ്യന്തരവിമാനത്താവളങ്ങളുമുണ്ട്. പ്രതിരോധവകുപ്പിന്റെ ഉപയോഗത്തിനായി 25 വിമാനത്താവളങ്ങളും എയര്‍ ഇന്ത്യയുടെ നിയന്ത്രണത്തിനായുണ്ട്.
മുംബൈ,ദല്‍ഹി, ഹൈദ്രാബാദ്, ബംഗലൂരു, നാഗ്പൂര്‍ വിമാനത്താവളങ്ങളെ ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വ്യോയാന മേഖലയുടെ സമ്പൂര്‍ണ്ണ നിയന്ത്രണം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍വഹിക്കുന്നുണ്ട്. 1985ല്‍ രൂപീകരിച്ച പവന്‍ഹാന്‍സിന്റെ 51 ശതമാനം ഓഹരികള്‍ കേന്ദ്രസര്‍ക്കാരും 49 ശതമാനം പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയുമാണ് കൈവശം വെച്ചിരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ കമ്പനിയായ പവന്‍ഹാന്‍സിന് സ്വന്തമായി 47 ഹെലികോപ്റ്ററുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: