മണ്ണാര്‍ക്കാട്: മൃഗഡോക്ടര്‍മാരുടെ അഭാവം മൂലം അട്ടപ്പാടിയിലെ പതിനായിരക്കണക്കിന് ക്ഷീരകര്‍ഷകര്‍ ദുരിതത്തില്‍. 2009 മുതല്‍ അഗളിയിലെ മൃഗാശുപത്രിയില്‍ വെറ്ററിനറി സര്ജന് ഇല്ല. നിലവില്‍ പുതൂര്‍ മൃഗാശുപത്രിയില്‍ മാത്രമാണ് ഒരു ഡോക്ടര്‍ ഉള്ളത്. അട്ടപ്പാടിയില്‍ രണ്ട് മൃഗാശുപത്രിയും രണ്ട് ഡിസ്പെന്‍സറിയും അഗളി പഞ്ചായത്തില്‍ എട്ട് ഐ.സി.ഡി.പി. സബ്സെന്ററുകളും ഷോളയൂര്‍ പഞ്ചായത്തില്‍ രണ്ട് സബ് സെന്ററുമാണുള്ളത്. ഇവിടെയെല്ലാമായി ഒരു സീനിയര്‍ വെറ്ററിനറി സര്ജന് മാത്രം.
ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ പലര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ ചാകുമ്പോള്‍ കിട്ടേണ്ട ഇന്‍ഷുറന്‍സ് തുകപോലും കിട്ടാറില്ല. ഗോസുരക്ഷ പോലുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. മൂന്ന് പഞ്ചായത്തുകള്‍ വഴിയും ബ്ലോക്ക് പഞ്ചായത്ത് വഴിയും നടപ്പിലാക്കേണ്ട ക്ഷീരപദ്ധതികളും വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയുമാണ്. പഞ്ചായത്തിന്റെ വികസനഫണ്ടുപയോഗിച്ച് നടത്തേണ്ട പദ്ധതികളും നടപ്പിലാക്കുന്നില്ല. ദിവസേന നൂറിലധികം മൃഗങ്ങളെ ചികിത്സക്കെത്തിക്കുന്ന അഗളി മൃഗാസ്?പത്രിയില്‍ പരിചയസമ്പന്നരായ ഡോക്ടറോ അസിസ്റ്റന്റുമാരോ ഇല്ല. ഫീല്‍ഡില്‍ പോകുന്നതിന് ജീവനക്കാരില്ലാത്തത് പലപ്പോഴും മൃഗങ്ങള്‍ ചത്തുപോകുന്നതിന് കാരണമാകുന്നു. ക്ഷീരകര്‍ഷകരുടെ നിരന്തരമായ ആവശ്യം ഉന്നതരെ അറിയിക്കുവാന്പോലും ജീവനക്കാര്‍ തയ്യാറാകാറില്ല.
സേവനസന്നദ്ധരായവരെ രാഷ്ട്രീയസമ്മര്ദമുപയോഗിച്ച് സ്ഥലം മാറ്റുന്നതായും ജനങ്ങള്‍ പറയുന്നു. ഇന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ് എത്തു മ്പോള്‍ തങ്ങളുടെ ഈ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ കാത്തിരിക്കുകയാണ് അട്ടപ്പാടിയിലെ ക്ഷീരകര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: