ഗുരുവായൂര്‍: ദേവസ്വം അധികാരികളുടെ ഒത്താശയോടെ ഏകാദശി വിളക്ക് വഴിപാട് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് തൊഴാനും പ്രസാദം നല്‍കാനും സംവിധാനം വിവാദമാകുന്നു. വിളക്ക് നടത്തുന്നവര്‍ ഒരാളില്‍ നിന്നും രണ്ടായിരം രൂപയോളം വാങ്ങിച്ച് അയ്യപ്പക്ഷേത്രത്തിനു മുന്നിലെ വഴിയിലൂടെ സുഗമമായി ദര്‍ശനം നടത്തുവാനും അതിനുശേഷം പ്രസാദത്തിന്റെ ഒരു കിറ്റും കൊടുക്കുന്നതായാണ് പറയുന്നത്.
മണിക്കൂറുകളോളം വരിയില്‍ നിന്നിട്ടും ദേവസ്വം ജീവനക്കാരുടെ തള്ളും ശകാരവും കേട്ട് ശരിയായി ദര്‍ശനം ലഭിക്കാതെ നിരാശരായി മടങ്ങിപോകുമ്പോള്‍ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് പണം നല്കി ചിലര്‍ ദര്‍ശനവും പ്രസാദവും നേടിയെടുക്കുന്നത് അനീതിയല്ലേ എന്നാണ് ഭക്തര്‍ ചോദിക്കുന്നത്.
നേരത്തെ ഒരു സ്വകാര്യ സംഘടന വര്‍ഷം തോറും നടത്തിവരാറുള്ള പ്രഭാഷണ പരമ്പര നടത്തി ഭീമമായ തുക വാങ്ങിച്ച് ഭക്ഷണവും താമസവും ദര്‍ശനവും നല്‍കിയിരുന്നത് വിവാദമായിരുന്നു. ഏകാദശി വിളക്ക് തുടങ്ങിയതിന് ശേഷം അയ്യപ്പക്ഷേത്രത്തിനു സമീപത്തുകൂടി നൂറുകണക്കിന് ആളുകള്‍ നാലമ്പലത്തിനകത്ത് ദര്‍ശനത്തിന് പോകുന്നത് ഭക്തജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതാണ് പരക്കെ ആക്ഷേപമുയരാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: