ശാസ്ത്രം കമ്യൂണിസ്റ്റുകാരുടെ മാത്രം സ്വന്തമെന്ന ധാരണ നിലനിന്ന കാലം. ഭാരതീയമായതെന്തിനേയും പുച്ഛത്തോടെയും അവജ്ഞയോടെയും പരിഗണിച്ചിരുന്ന സാഹചര്യം. പാശ്ചാത്യലോകത്തിന്റെ കണ്ടുപിടിത്തങ്ങള്‍ക്ക് പുറകേ മാത്രം രാജ്യത്തെ ശാസ്ത്രലോകം നടന്ന സമയം. ആര്യഭടന്‍ ആരാണെന്ന് ചോദിച്ചാല്‍ ഭാരതം അയച്ച ഉപഗ്രഹമെന്ന മറുപടി ലഭിച്ച നാളുകള്‍. എന്നാല്‍ അതിസമ്പന്നമായ ഭാരതത്തിന്റെ ശാസ്ത്രപാരമ്പര്യത്തെ വഴിയിലുപേക്ഷിക്കാനും അവഗണനകള്‍ക്ക് വിട്ടു നല്‍കാനും ദേശസ്നേഹികള്‍ക്കാവുമായിരുന്നില്ല.
1991ല്‍ ഒക്ടോബര്‍ 21ന് നാഗ്പൂരിലെ കാപ്രിയില്‍ ഇതിനെല്ലാം പരിഹാരമുടലെടുത്തു. വിജ്ഞാന് ഭാരതി എന്ന മഹാപ്രസ്ഥാനത്തിന് തുടക്കമിടുകയായിരുന്നു അന്നവിടെ.
പ്രമുഖരുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു ഭാരതീയ ശാസ്ത്രപാരമ്പര്യത്തിന്റെ പുനര്‍ജന്മത്തിനായി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ പ്രൊഫ. കെ.ഐ. വാസുവിന്റെ നേതൃത്വത്തില്‍ പ്രമുഖരായ 120ലേറെ ശാസ്ത്രജ്ഞന്മാര്, ആര്‍എസ്എസ് സര്‍സംഘചാലക് പ്രൊഫ. രാജേന്ദ്രസിങ്, പിന്നീട് സര്‍സംഘചാലകായിരുന്ന കെ.എസ്. സുദര്ശന്, സര്‍കാര്യവാഹായിരുന്ന എച്ച്.വി. ശേഷാദ്രി, ഭാരത തൊഴിലാളി പ്രസ്ഥാനങ്ങളുടെ തലതൊട്ടപ്പനായിരുന്ന ദത്തോപാന്ത് ഠേംഗ്ഡ്ജി, ഡോ. മുരളീ മനോഹര്‍ ജോഷി എന്നീ പ്രമുഖരും ഒരു വലിയ വിപ്ലവത്തിനു തുടക്കക്കാരായി കാപ്രിയിലെത്തി.
വലിയ ലക്ഷ്യത്തോടെ, പരാജയമെന്തെന്നറിയാത്ത അമാനുഷിക സംഘാടകരുടെ സാന്നിധ്യത്തില്‍ ആരംഭിച്ച, ഭാരതീയ വൈജ്ഞാനിക-ശാസ്ത്ര മേഖലകള്‍ക്ക് പുത്തനുണര്‍വ്വു നല്കിയ വിജ്ഞാന് ഭാരതി രണ്ടു പതിറ്റാണ്ട് തികയുകയാണ്. രാജ്യതലസ്ഥാനത്തെ പ്രഗതി മൈതാനിയില്‍ നാലുദിനങ്ങളായി തുടരുന്ന ലോക ആയുര്‍വ്വേദ കോണ്‍ഗ്രസ് തന്നെയാണ് ദൗത്യം വിജയിച്ചതിന്റെ തെളിവ്. തുടങ്ങിയ സംഘടനകളൊന്നും പരാജയപ്പെട്ടിട്ടില്ലാത്ത മഹാപ്രസ്ഥാനത്തിന്റെ വിശ്വരൂപങ്ങളിലൊന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അണിനിരക്കുന്ന ലോക ആയുര്‍വ്വേദ കോണ്‍ഗ്രസ്.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ആയുഷ് വകുപ്പ്, ദല്‍ഹി സംസ്ഥാന സര്‍ക്കാര്‍, ലോക ആയുര്‍വേദ ഫൗണ്ടേഷന് എന്നിവയെ മുന്നില്‍ അണിനിരത്തി വിജ്ഞാന് ഭാരതി അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. ശാസ്ത്രങ്ങളിലെ ഭാരതീയ സംഭാവനകള്‍ ജനങ്ങളിലേക്ക് കൂടുതല്‍ എത്തിച്ചതിന്റെയും അവഗണനയുടേയും അവജ്ഞയുടേയും കാലത്തെ ഭാരതീയ ശാസ്ത്രമേഖലയില്‍ നിന്നും ഇല്ലായ്മ ചെയ്ത നേട്ടങ്ങളുമായാണ് സംഘടനയുടെ പ്രയാണം.
ഭാരതീയ ശാസ്ത്രങ്ങളുടെ പുനര്‍ജീവനവും പ്രചാരണവും ലക്ഷ്യമാക്കി രൂപീകരിച്ച സംഘടന അതിന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിലേക്ക് അതിവേഗമാണ് എത്തുന്നത്. രാജ്യത്തെ സ്നേഹിക്കുന്ന, രാജ്യത്തിന്റെ പൈതൃകത്തില്‍ അഭിമാനിക്കുന്ന ഒരു പുതിയ ശാസ്ത്ര തലമുറയെ സൃഷ്ടിക്കുകയെന്ന ദൗത്യമാണ് വിജ്ഞാന് ഭാരതിക്കുണ്ടായിരുന്നത്. പണമോ പ്രതാപമോ ഇല്ലാതെ, ‘ബൗദ്ധിക പ്രമാണികളുടെ’ പിന്തുണ ഇല്ലാതെ, നിരവധി അവഹേളനങ്ങള്‍ സഹിച്ച് ഭൗതികവാദത്തിലൂന്നി നിന്ന അന്നത്തെ ഭാരതീയ ശാസ്ത്ര ലോകത്തിന് പുതിയ ദിശാബോധം നല്കാന് കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തിലാണ് വിജ്ഞാന് ഭാരതി.
ഇരുപതു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ പിന്തിരിഞ്ഞു നോക്കുമ്പോള്‍ പൗരാണിക ശാസ്ത്രലോകത്തിന്റെ അഭിമാന സ്തംഭങ്ങളായ ആര്യഭടനും ഭാസ്ക്കരനും വരാഹമിഹിരനുമെല്ലാം ഇന്ന് രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സുചരിചിതരാണ്. സര്‍ജറിയുടെ പിതാവാരെന്ന് ചോദിച്ചാല്‍ ക്ലാസ് മുറികളില്‍ നിന്ന് ശുശ്രുതനെന്ന് വിളിച്ചു പറയാന്‍ വിദ്യാര്‍ത്ഥികളുണ്ട്.
ശാസ്ത്രപ്രതിഭാ മത്സര പരീക്ഷകളിലൂടെ വിദ്യാലയങ്ങളില്‍ ഭാരതീയമായ ശാസ്ത്ര സംഭാവനകള്‍ വിദ്യാര്‍ത്ഥികളിലെത്തിച്ചു. ഇന്ന് ശാസ്ത്രപ്രതിഭാ പരീക്ഷ യുഎഇ അടക്കമുള്ള വിദേശരാജ്യങ്ങളിലേക്കും എത്തിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം 15000ത്തിലേറെ വിദ്യാര്‍ത്ഥികളാണ് യുഎഇയില്‍ പരീക്ഷ എഴുതിയത്. ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികള്‍ ഭാരതത്തില്‍ പരീക്ഷയെഴുതുന്നു.
രണ്ടു പതിറ്റാണ്ടു മുമ്പുള്ള സ്ഥിതി ഇതായിരുന്നില്ല. ഭൗതികതയിലൂന്നി നിന്ന മാര്‍ക്സിസ്റ്റ് ചിന്താഗതിയുള്ള പുരോഗമനവാദ നാട്യക്കാരുടെ കൈകളിലായിരുന്നു രാജ്യത്തെ സര്‍വ്വകലാശാലകളും ഗവേഷണ കേന്ദ്രങ്ങളും. മാര്‍ക്സിസ്റ്റ് ബുദ്ധിജീവികളും ശാസ്ത്രസാഹിത്യ പരിഷത്തുപോലെയുള്ള ഇടതുസംഘടനകളും പ്രചരിപ്പിച്ചത് ഭാരതത്തിന് തനതു ശാസ്ത്രമില്ലെന്നായിരുന്നു.
സ്വന്തം നിലപാടുകള്‍ സമര്‍ത്ഥിക്കാന്‍ നന്നെ പാടുപെടേണ്ടിവന്ന അക്കാലത്താണ് വിജ്ഞാന് ഭാരതിയുടെ ആദ്യരൂപമായി സ്വദേശി ശാസ്ത്രപ്രസ്ഥാനം എന്ന സംഘടനയ്ക്ക് കേരളത്തില്‍ തുടക്കമാകുന്നത്. എ.ജയകുമാറായിരുന്നു സംഘനടാ സെക്രട്ടറി. സ്വന്തമായി ഒരു ഓഫീസ് പോലുമില്ലാതെ സംഘടന ആരംഭിക്കുമ്പോള്‍ അതാദ്യം ശ്രദ്ധിച്ചതു മറ്റാരുമല്ലായിരുന്നു. ഇഎംഎസ് എന്ന കമ്യൂണിസ്റ്റ് നേതാവ് അവരുടെ അടിത്തറയിളക്കുന്ന ഒരു സംഘടന രൂപം കൊണ്ടത് വളരെ വേഗത്തില്‍ തിരിച്ചറിഞ്ഞു.
1992ല്‍ ചിന്ത വാരികയിലെഴുതിയ ലേഖനത്തില്‍ ശാസ്ത്രത്തെ തെറ്റായ വഴിയില്‍ വഴിതിരിച്ചുവിടുന്നതിനായി സ്വദേശി ശാസ്ത്രപ്രസ്ഥാനം രൂപീകരിച്ച കാര്യവും അതിനെ എതിര്‍ക്കേണ്ടതിന്റെ അനിവാര്യതയും ഇഎംഎസ് ചൂണ്ടിക്കാട്ടി. അങ്ങനെ തുടക്കത്തില്‍ തന്നെ പുരോഗമന നാട്യക്കാരുടെയും മാര്‍ക്സിസ്റ്റ് ബുദ്ധിജീവികളുടേയും കണ്ണിലെ കരടായി മാറുകയായിരുന്നു സ്വദേശി ശാസ്ത്രപ്രസ്ഥാനം. 1996ല്‍ പീച്ചിയിലെ കേരളാ ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ആറാം സ്വദേശി ശാസ്ത്ര സമ്മേളനത്തില്‍ ഡിവൈഎഫ്ഐക്കാരുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടും ആറ്റോമിക് കമ്മീഷന് ചെയര്മാന് പി.കെ അയ്യങ്കാര്‍ സമ്മേളനത്തിലെത്തിയത് ഏറെ ചര്‍ച്ചയായി.
രണ്ടുപതിറ്റാണ്ടായി വിജ്ഞാന് ഭാരതിയെ നയിച്ചുകൊണ്ട് മലയാളിയായ ആര്‍എസ്എസ് പ്രചാരകന് എ.ജയകുമാര്‍ തന്റെ ദൗത്യം തുടരുകയാണ്. ലോകആയുര്‍വ്വേദ കോണ്‍ഗ്രസ് ഉദ്ഘാടന സദസ്സില്‍ കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗത്തിന്റെ ഭൂരിഭാഗവും എ.ജയകുമാറിന്റെ പ്രവര്‍ത്തനത്തെ പ്രശംസിക്കാനാണ് മാറ്റിവെച്ചത് എന്നതു അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്കുള്ള രാജ്യത്തിന്റെ നന്ദിപ്രകടനമായാണ് കണക്കാക്കുക. ശാസ്ത്രരംഗത്തുനിന്നും മാര്‍ക്സിസ്റ്റ് സ്വാധീനം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ വിജ്ഞാന് ഭാരതിക്കായി എന്ന് ജയകുമാര്‍ വ്യക്തമാക്കുന്നു. ഭാരതത്തിന്റെ ശാസ്ത്രപാരമ്പര്യം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുകയെന്ന ദൗത്യവുമായി വിജ്ഞാന് ഭാരതി അതിന്റെ പ്രവര്‍ത്തനം തുടരുകയാണെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലീഷ് ഭാഷയിലുള്ള ശാസ്ത്ര പഠനരീതി തന്നെ ഉപേക്ഷിച്ച് മാതൃഭാഷകളിലുള്ള ശാസ്ത്രപഠനമെന്ന പുതുസമ്പ്രദായം വിജ്ഞാന് ഭാരതി തുടക്കമിട്ടതും ശാസ്ത്രത്തെ ജനങ്ങളോട് കൂടുതല്‍ അടുപ്പിച്ചു. കന്നട വിജ്ഞാന് സമ്മേളനവും ഹിന്ദി വിജ്ഞാന് സമ്മേളനവും വലിയ ജനശ്രദ്ധ നേടി. ശാസ്ത്രം ഭൗതിക നേട്ടത്തിനാണെന്ന പാശ്ചാത്യ മാതൃകയുടെ തായ്വേരറുക്കാന്‍ വിജ്ഞാന് ഭാരതിക്കായി.
പതിമൂന്നു സംഘടനകളാണ് വിജ്ഞാന് ഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. വേള്‍ഡ് ആയുര്‍വ്വേദ ഫൗണ്ടേഷന് എന്ന സംഘടന കഴിഞ്ഞ അഞ്ചു വര്‍ഷമായി നടത്തിവരുന്ന ലോക ആയുര്‍വ്വേദ കോണ്‍ഗ്രസ് ഇത്തവണ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്ന തലത്തിലേക്ക് ആ പ്രസ്ഥാനം വളര്‍ന്നു കഴിഞ്ഞിരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: