നാഗസ്വരവാദ്യരംഗത്ത് ആറരപ്പതിറ്റാണ്ടിന്റെ സപര്യയുമായി നാഗസ്വരകുലപതി തിരുവിഴ ജയശങ്കര്‍ ഇന്നും സജീവം. പന്ത്രണ്ടാം വയസില്‍ തന്റെ അച്ഛന് നാഗസ്വര വിദ്വാന് തിരുവിഴ രാഘവപ്പണിക്കരുടെ ശിക്ഷണത്തില്‍ ആരംഭിച്ച മംഗളവാദ്യമായ നാഗസ്വരപഠനം എഴുപ്പത്തിയാറാം വയസിലും തുടരുകയാണ് ഇദ്ദേഹം.
എല്ലാ ദിവസവും സന്ധ്യാവന്ദനത്തിനു ശേഷം ഒരു മണിക്കൂര്‍ സമയം നാഗസ്വരം പരിശീലിക്കുക എന്നത് ജീവിതചര്യയുടെ ഭാഗമായി ഇന്നും കൊണ്ട് നടക്കുകയാണ് ജയശങ്കര്‍. നാഗദൈവങ്ങളുടെ അനുഗ്രഹമെന്നപോല്‍ ഈ വര്‍ഷത്തെ മണ്ണാറശാല ശ്രീ നാഗരാജ പുരസ്കാരത്തിന് അര്‍ഹനായതും ഇദ്ദേഹമാണ്. നാളെ മണ്ണാറശാലയില്‍ നടക്കുന്ന ചടങ്ങില്‍ ഇല്ലത്തെ കാരണവര്‍ പുരസ്കാരം സമര്‍പ്പിക്കും.
1937 ജനുവരി 31 ന് ആലപ്പുഴ ജില്ലയിലെ തിരുവിഴയില്‍ ജനിച്ച ജയശങ്കര്‍ തന്റെ അഞ്ചാമത്തെ വയസില്‍ കോട്ടയത്തേക്ക് താമസം മാറി. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ നേരിട്ടുള്ള ഭരണത്തിലായിരുന്ന തിരുനക്കര മഹാദേവക്ഷേത്രത്തിലെ നിത്യപൂജാ സമയത്ത് നാഗസ്വരം വായിക്കുവാന്‍ അച്ഛന് നാഗസ്വര വിദ്വാന് തിരുവിഴ രാഘവപ്പണിക്കരെ നിയമിച്ചുകൊണ്ട് കൊട്ടാരത്തില്‍ നിന്നുമുള്ള കല്‍പ്പനയെ തുടര്‍ന്നാണ് ജയശങ്കറിന്റെ കുടുംബം കോട്ടയത്തേക്ക് താമസം മാറിയത്.
സംഗീത വാദ്യോപകരണ കലാരംഗത്ത് വലിയ സംഭാവനകള്‍ നല്കിയ നാഗസ്വര പഠനത്തിന് പുതിയതലമുറയ്ക്ക് താല്പര്യമില്ല എന്നത് ഈ കലാശാഖ നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് വൈക്കം ക്ഷേത്രകലാപീഠം ഉപദേശകസമിതിയംഗം കൂടിയായ ജയശങ്കര്‍ അഭിപ്രായപ്പെട്ടു. സര്‍ട്ടിഫിക്കേറ്റ് കരസ്ഥമാക്കുക എന്നതിലുപരിയായി ഒരു ലക്ഷ്യവും ഈ തലമുറക്കില്ല. കലാവാസനയുള്ള ശിഷ്യന്മാരിലൂടെ മാത്രമേ കലകള്‍ക്ക് സ്ഥായിയായ നിലനില്പ് ഉണ്ടാകൂ എന്ന പക്ഷക്കാരനാണ് തിരുവിഴ ജയശങ്കര്‍ .
ഏറെ നിഷ്ഠയോടുകൂടിയ പഠനം ഈ വാദ്യോപകരണത്തിന്റെ പ്രയോഗത്തിന് അനിവാര്യമാണ്. കാലഭേദമനുസരിച്ചുള്ള രാഗവിസ്ഥാരവും, സാഹിത്യമറിഞ്ഞുള്ള പ്രയോഗരീതിയും ഉണ്ടാവണം. വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങളില്‍ ഉപയോഗിക്കാനുള്ള വെറുമൊരു വാദ്യോപകരണമല്ല നാഗസ്വരം. ഭാരതത്തില്‍ പുരാതനകാലം മുതല്‍ ആചരിച്ചുവരുന്ന സര്‍പ്പാരാധനയുടെ ചുവടു പിടിച്ചാണ് നാഗസ്വരത്തിന്റെ രംഗപ്രവേശം.
സര്‍പ്പാരാധകര്‍ മകുടിയാണ് ആദ്യം ഉപയോഗിച്ചിരുന്നത്. കാലക്രമേണ മകുടി കുറും കുഴലും പിന്നീട് നാഗസ്വരവും ആയിമാറിയെന്നാണ് തിരുവിഴയുടെ അനുമാനം. പിന്നീട് ഈ വാദ്യോപകരണം സംഗീത ലോകത്തിന് നല്കിയ സംഭാവനകള്‍ വളരെ വലുതാണ്.
തിരുവിഴ എന്ന ജന്മസ്ഥലവുമായുള്ള ബന്ധം നിലനിര്‍ത്തുന്ന കാര്യത്തില്‍ ജയശങ്കറിന് നിര്‍ബന്ധ ബുദ്ധിയാണുള്ളത്. ഇപ്പോള്‍ താമസിക്കുന്ന കുമാരനെല്ലൂരിലെ വീടിനും തിരുവിഴ എന്ന പേരാണ് നല്‍കിയിരിക്കുന്നത്.
നാഗസ്വരം എന്ന വാദ്യകലയ്ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു തിരുവിഴ ജയശങ്കറിന്റേത്. 1960 ല്‍ തൃപ്പൂണിത്തറ ആര്‍എല്‍വി മ്യൂസിക്ക് കോളേജില്‍ നിന്നും ഗാനഭൂഷണവും , 1962 ല്‍ ചിറ്റൂര്‍ ഗവണ്മെന്റ് കോളേജില്‍ നിന്ന് ബിരുദവും നേടിയ ജയശങ്കര്‍ ഇന്ന് നാഗസ്വര വാദ്യകലാരംഗത്തെ കുലപതിയാണെന്ന് നിസംശയം പറയാം. തന്റെ പത്തൊമ്പതാം വയസില്‍ ഓള് ഇന്ത്യ റേഡിയോ സംഘടിപ്പിച്ച സംഗീത മത്സരത്തില്‍ വിജയിച്ചപ്പോള്‍ അന്നത്തെ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദില്‍ നിന്നും സ്വര്‍ണമെഡല്‍ നേടിയതു മുതല്‍ 2013 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡുവരെയുള്ള നിരവധി അംഗീകാരങ്ങള്‍ ജയശങ്കറിനെ തേടിയെത്തിയിട്ടുണ്ട്.
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ പള്ളിയുണര്‍ത്തലിന് ഭൂപാള രാഗം വിസ്തരിക്കുമ്പോള്‍ തന്റെ മനസ്സില്‍ തെളിഞ്ഞ രൂപത്തിന് ചിത്രാവിഷ്ക്കാരം നടത്തിയപ്പോള്‍ പ്രകൃതിയും സംഗീതവും തമ്മിലുള്ള അഗാതമായ ബന്ധത്തിന്റെ കൂടി ആവിഷ്കാരമായി മാറി അത്.
തിരുവിഴ ജയശങ്കറിന്റെ രാഗങ്ങളുടെ ചിത്രാവിഷ്കാരത്തിന് ഇന്ന് ഏറെ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹമെഴുത്തിയ നാഗസ്വരപഠനം എന്ന പുസ്തകം 2000ല്‍ കേരള സംസ്ഥാന ലൈബ്രറി മിഷന് പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ തിരുവിഴ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തില്‍ ഒരു ദിവസം ജയശങ്കറിന്റെ കച്ചേരി നിര്‍ബന്ധമാണ്.
ഭാര്യ സീതാലക്ഷ്മിയും ഇളയമകന് ആനന്ദ്ശങ്കറും ഭാര്യയുമാണ് കുമരകത്തെ വീട്ടില്‍ ജയശങ്കറിനോടൊപ്പമുള്ളത്്. മൂത്ത മകന് അജിത്ത് ശങ്കറും ഭാര്യയും ബംഗളൂരുവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: