ഈ ചെഞ്ചോര ചൊരിഞ്ഞത്ര
ചുവപ്പോളം വരുമോ, നീ
ചെമ്പട്ടുടുപ്പിച്ച കരിങ്കല്‍
പ്രതിമതന്‍ കുമ്പസാരം
മൃതിയുടെ കണ്ണീരൊലിപ്പാടു പടര്‍ന്ന
പകലിരവിനു മീതേ,
പെയ്തൊഴിച്ച ചോരമഴയിലെ
ചെഞ്ചായമത്രയും കവര്‍ന്നെടുത്തതാരാണ്
ഉത്തരം താങ്ങുന്ന പല്ലിയപ്പോഴും
വലത്തോട്ടു നോക്കി ചിലച്ചു
ചോരവാര്‍ന്ന ഞരമ്പിനു
നീല നിറമണെന്നു നിരീക്ഷിച്ച-
വസാന ജ്ഞാനിയുമിന്നു പടിയിറങ്ങുന്നു
ചുവപ്പത്രയും ചോര്‍ന്ന്
വിളര്‍ത്തൊരു കൊടിക്കൂറ
താരങ്ങളടര്ന്ന സാന്ധ്യവര്ണ്ണം
പുതച്ചു നിദ്രയെ പുല്കവെ
ഉലയിലൂതിച്ചുവപ്പിച്ച
കനല് വാരി വിഴുങ്ങി
മൃതപ്രായരായ ഒരു കൂട്ടം
ഉറുമ്പുകളിപ്പോള് മോര്‍ച്ചറിയുടെ
പടിവാതിലിലത്യന്തം വിവശരായെ-
ന്തോ പരിതപിക്കുന്നു
നിരത്തുവക്കില്‍ കണ്മിഴിച്ച
ചോരപ്പൂക്കളുടെ ചുവപ്പത്രയും കോരി
വേലിപ്പടര്‍പ്പില്‍ തലനീട്ടിയ
തെച്ചിയും ചെമ്പരത്തിയും
ഋതുകാലമണയുംമുമ്പേ
തിരണ്ടിരിക്കുന്നുവെന്നതെന്താശ്ചര്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: