കഥയോ കവിതയോ സമരോത്സുകതയോ എന്ന് ആഖ്യാനപാടവത്തിന്റെ ധ്വനീസാന്ദ്രതകൊണ്ട് വേര്‍തിരിച്ചറിയാന്‍ സാധിക്കാത്ത ചരിത്ര നോവലുകള്‍ നമുക്കേറെയില്ല. സിവിയുടെ നോവല്ത്രയത്തിനുശേഷം ഇത്തരത്തില്‍ വിരലിലെണ്ണാവുന്നവയെ മലയാളത്തിന് ലഭിച്ചിട്ടുള്ളൂ. ഇതാ, ഇപ്പോള്‍ മലയാള സാഹിത്യത്തിന്റെ ഉത്തര-ഉത്തരാധുനിക ഘട്ടത്തില്‍ അങ്ങനെയൊന്ന് ഉണ്ടായിരിക്കുന്നു എന്ന അറിവ് ഒട്ടൊന്നുമല്ല അനുവാചകരെ വിസ്മയിപ്പിക്കുന്നത്.
‘ജന്മഭൂമി’ ദിനപത്രത്തിന്റെ സംസ്കൃതി പേജില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുമ്പോള്‍ തന്നെ ശ്രദ്ധേയമായ യജ്ഞം, പ്രാഗ്വംശമെന്ന പേരോടുകൂടി പുസ്തക രൂപത്തില്‍ അവതരിപ്പിച്ചത് ഇത്തരത്തിലുള്ള എണ്ണം പറഞ്ഞ ഗ്രന്ഥങ്ങള്‍ എക്കാലവും പുറത്തിറക്കാന്‍ ഔത്സുക്യം കാട്ടിയിട്ടുള്ള ‘കുരുക്ഷേത്ര’യാണ്.
സത്യത്തെ ധര്മദേവതയായി പ്രതിഷ്ഠിച്ചും വിശ്വത്തിന്റെ സര്‍വസ്വവും ആ സത്യശക്തിയുടെ സ്ഫുരണങ്ങളാണെന്നുമുള്ള ഭാവചിത്രീകരണമാണ് പ്രാഗ്വംശം. കേരളത്തിന്റെ മണ്ണില്‍ വടക്കുനിന്നെത്തിയവരും മുമ്പേ കുടിയേറിയവരും തമ്മിലുള്ള സാംസ്കാരിക ലയനം ഇതിവൃത്തമാക്കുന്ന ആഖ്യായികയില്‍ സത്യ-ധര്‍മത്തിന്റെ ചിരന്തനമായ ജയശംഖൊലിയാണ് മുഴങ്ങുന്നത്.
യജ്ഞസംസ്കാര സംരക്ഷണത്തിനുവേണ്ടി ജീവനും ജീവിതവും ആഹുതി ചെയ്തവരുടെ ചരിത്രത്തെ വിവരിക്കുക വഴി മിത്തുകളിലും അര്‍ദ്ധവിരാമങ്ങളിലും കുരുങ്ങിയ നാള്‍വഴികളെ അതിന്റെ തന്മയീരൂപത്തില് പുനഃസൃഷ്ടിക്കാന്‍ രചയിതാവിന് കഴിഞ്ഞിരിക്കുന്നു. ഇതുതന്നെയാകുന്നു ഈ ചരിത്രാഖ്യായികയുടെ ശക്തിയും സൗന്ദര്യവും.
പ്രാഗ്വംശം
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രസാധകന്: കുരുക്ഷേത്ര പ്രകാശന്
വില: 300
പ്രതികരിക്കാൻ ഇവിടെ എഴുതുക: