പോഷകാഹാരക്കുറവു മുതല്‍ അര്‍ബുദത്തിനു വരെയുള്ള ഫലപ്രദമായ ആയുര്‍വ്വേദ ചികിത്സാ രീതികളെപ്പറ്റിയുള്ള ഗവേഷണ പ്രബന്ധങ്ങള്‍ ലോകആയുര്‍വേദ കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നത് വൈദ്യശാസ്ത്രലോകത്തിന് വലിയ മാറ്റങ്ങളാണ് സമ്മാനിക്കുന്നത്.
ഇന്ത്യയിലും ഏഷ്യയിലും ആഫ്രിക്കയിലും ഉള്‍പ്പെടുന്ന ഒരുകൂട്ടം വികസ്വര രാജ്യങ്ങളിലും കുട്ടികളിലെ പോഷകാഹാരക്കുറവ് ഒരു പ്രശ്നമായി മാറുമ്പോള്‍ പ്രതീക്ഷയ്ക്കു വകനല്കുന്ന പരിഹാരനിര്‍ദ്ദേശവുമായി ആയുര്‍വേദം രംഗത്തെത്തുന്നു. അകാലമരണവും ബോധനശേഷിക്കുറവും ഉള്‍പ്പെടെ ഒരുപിടി രോഗങ്ങള്‍ക്ക് വഴിതെളിക്കുന്ന പോഷകാഹാരക്കുറവിന് താരതമ്യേന ചെലവുകുറഞ്ഞ ആയുര്‍വേദ പരിചരണവും ‘ഭക്ഷണരീതിയും പരിഹാരമാര്ഗമാണെന്നാണ് ഗവേഷണത്തിലെ കണ്ടെത്തല്‍.
ലോകത്തെ വളര്‍ച്ചാമുരടിപ്പുള്ള കുട്ടികളില്‍ 80 ശതമാനവും ജീവിക്കുന്നത് 14 രാജ്യങ്ങളിലാണെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാന്, ഇന്‍ഡോനേഷ്യ, ബംഗ്ലാദേശ്, എതോപ്യ, കോങ്ഗോ, ഫിലിപ്പീന്‍സ്, താന്‍സാനിയ, ഈജിപ്റ്റ്, കെനിയ, ഉഗാണ്ട, സുഡാന് എന്നിവയാണവ. പോഷകാഹാരക്കുറവ് നേരിടുന്ന അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഏറെയുള്ളതും ഈ രാജ്യങ്ങളിലാണ്. ഗര്ഭത്തില്തന്നെയുള്ള വളര്‍ച്ചക്കുറവും തൂക്കക്കുറവും ലോകത്ത് പ്രതിവര്‍ഷം 22 ലക്ഷം ശിശുമരണങ്ങളാണ് സൃഷ്ടിക്കുന്നത്. വൈറ്റമിന്‍ എയുടേയും സിങ്കിന്റെയും കുറവ് വര്‍ഷംതോറും പത്തുലക്ഷം കുട്ടികളുടെ മരണത്തിന് കാരണമാകുന്നു.
അഞ്ചുമാസം 23 കുട്ടികളില്‍ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ് വിദ്യാധര്‍ കുംഭാര്‍ എന്ന ചികിത്സകന്“ആയുര്‍വേദത്തിലൂടെ പോഷാകാഹാരക്കുറവിന്റെ നിര്‍മാര്‍ജ്ജനം’ എന്ന ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്. പാരിമാണികവും ഗുണപരവുമായ സമീപനത്തിലൂടെ ആഹാരനിര്ദ്ദേശങ്ങളും ആഴ്ചതോറുമുള്ള പരിശോധനകളും അഭിമുഖവും നടത്തിയാണ് ഇത് തയ്യാറാക്കിയത്. ആയുര്‍വേദ ചികില്‍സയുടെ സമയത്തും അതിനു മുന്‍പും പിന്‍പും തൂക്കവും ഉയരവും ഉള്‍പ്പെടെയുള്ളവ രേഖപ്പെടുത്തിയിരുന്നു. വിവരങ്ങള്‍ സ്ഥിതിവിവരങ്ങളനുസരിച്ച് വിശകലനം ചെയ്തതും പരിശോധനകള്‍ നടത്തിയുള്ളതുമാണ്.
ഇന്‍സിഡന്‍സ് ഓഫ് മാല്ന്യൂട്രീഷ്യന് ഇന്‍ ചില്‍ഡ്രന്‍ ആന്‍ഡ് ഇറ്റ്സ് മാനേജ്മെന്റ് ത്രൂ ആയുര്‍വേദ- ആന്‍ ഒബ്സര്‍വേഷണല്‍ സ്റ്റഡി’ എന്ന പ്രബന്ധത്തില്‍ സ്നേഹലത ഡൊര്ണാല എന്ന ഡോക്ടര്‍ പുതിയ ചികിത്സാ രീതി ചൂണ്ടിക്കാട്ടിയത് ഇപ്രകാരമാണ്. ആരോഗ്യവര്‍ധിനി വടി, മധുമാലിന വസന്ത് എന്നീ ഗുളികകള്‍ ഒന്നുവീതം ദിവസം മൂന്നുനേരവും, വെറും വയറ്റില്‍ ഒരു നുള്ള് നവയാസ് ലൗഹ, ചൂടുപാലില് കലര്‍ത്തിയ അര ടീസ്പൂണ്‍ അശ്വഗന്ധ ചൂര്‍ണം, ഇരിമേദാദി തൈലം എന്നിവയാണ് ചികില്‍സയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വെണ്ണ, കല്‍ക്കണ്ടം, ശര്‍ക്കര, നിലക്കടല, നെയ്യില്‍ നന്നായി പൊരിച്ച ഈന്തപ്പഴം, ചൂടുപാല്, നെയ്യ്, ഏത്തപ്പഴം, തേന്‍, ഉണക്കമുന്തിരി, പച്ചക്കറികള്‍ തുടങ്ങിയവ ഭക്ഷണരീതിയിലും ഉള്‍പ്പെടുത്തി.
നെല്ലിക്ക, താന്നിക്ക, കടുക്ക എന്നിവ ചേര്‍ന്ന ആയുര്‍വേദത്തിലെ ത്രിഫലയ്ക്ക് പുതുതലമുറ രോഗങ്ങളെ ചെറുക്കാനുള്ള കഴിവുമുണ്ടെന്ന് ഗവേഷകര്‍. ചുമയും കഫവും പോലുള്ള ചെറുരോഗങ്ങള്ക്കും നല്ല ദഹനത്തിനും പ്രതിരോധശേഷിക്കുമൊക്കെയായി നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന കൂട്ടാണ് ത്രിഫല. കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം, ആന്റിബയോട്ടിക്കുകളോടുള്ള ശരീരത്തിന്റെ പ്രതിരോധഫലമായുണ്ടാകുന്ന പ്രശ്നങ്ങള്‍, പ്രമേഹം തുടങ്ങിയ പല രോഗങ്ങള്‍ക്കും ഇത് ഫലപ്രദമാണെന്നാണ് പുതിയ കണ്ടെത്തല്‍. ശരീര ശുദ്ധീകരണം മുതല്‍ അര്‍ബുദത്തെ ചെറുക്കുന്നതിനുവരെ ഇവ ഉപയുക്തമാണെന്ന് സമീപകാലപഠനങ്ങളിലാണ് വ്യക്തമായിട്ടുള്ളത്. ജയ്പൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദയിലെ അമിതാ‘ മപ്ദാര് നടത്തിയ പഠന പരീക്ഷണത്തിലാണ് കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിന് (സിവിഎസ്) ത്രിഫല ഉപയുക്തമാണെന്നു വ്യക്തമായത്.
ത്രിഫലയ്ക്കൊപ്പം തേനും നെയ്യും ചേര്‍ത്ത “ത്രിഫല മധു സര്‍പ്പി’ എന്ന ഔഷധ സംയുക്തമാണ് ഈ രോഗശാന്തിക്ക് ഉപയോഗപ്രദമായി ഇവര്‍ കണ്ടെത്തിയത്. കംപ്യൂട്ടറിന്റെ നിരന്തര ഉപയോഗം മൂലം കണ്ണുകള്‍ വരളുക, കാഴ്ച അവ്യക്തമാകുക, അസ്വസ്ഥതയുണ്ടാകുക, ക്ഷീണിക്കുക, തലവേദന, കഴുത്തിനും പുറത്തിനും തോളുകള്‍ക്കുമുള്ള വേദന തുടങ്ങിയ ലക്ഷണങ്ങളോടു കൂടിയുണ്ടാകുന്ന പുതുതലമുറ രോഗമാണ് സിവിഎസ്. രണ്ടുമാസത്തെ ത്രിഫല മധുസര്പ്പിയുടെ ഉപയോഗം മൂലം മുക്കാല്‍ പങ്ക് ആളുകളുടെയും രോഗം മാറ്റാന്‍ സാധിച്ചതായി പഠനത്തില്‍ പറയുന്നു.
ശ്രീലങ്കയിലെ പെരദേനിയ സര്‍വ്വകലാശാല മെഡിക്കല്‍ ഫാക്കല്‍റ്റി മൈക്രോബയോളജി വകുപ്പിലെ ഗവേഷകനായ അമിര്തസിംഗം മനോരാജാണ് ത്രിഫലയുടെയും ഇവയുണ്ടാകുന്ന സസ്യങ്ങളുടെയും സത്തിന് ആന്റിബയോട്ടിക്കുകളെ ചെറുക്കുന്നതിലൂടെ ഉണ്ടാകുന്ന രോഗങ്ങള്‍ തടയാനാകുമെന്ന് കണ്ടെത്തിയത്. പെന്സിലിനെ ചെറുക്കുന്നതുമൂലം ചികില്‍സ ബുദ്ധിമുട്ടേറിയതാക്കുന്ന സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ ഉള്‍പ്പെടെയുള്ള ഒരുപിടി രോഗങ്ങള്ക്കെതിരേയാണ് ഈ സത്ത് പരീക്ഷിച്ച് വിജയിച്ചത്.
ത്രിഫലയും അതിന്റെ ഘടകങ്ങളും ബാക്ടീരിയയുടെ വളര്‍ച്ചയെ ചെറുക്കുമെന്നും വളരെയധികം നേര്പ്പിച്ചാല്പോലും അവ ബാക്ടീരിയക്കെതിരെ പ്രവര്‍ത്തിക്കുമെന്നും പരീക്ഷണഫലങ്ങള്‍ തെളിയിക്കുന്നു.
ശ്വാസകോശത്തിലെ അണുബാധമൂലം ഉണ്ടാകുന്ന മൂക്കൊലിപ്പുള്പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് തേനും നെയ്യും ചേര്‍ത്ത് ഉണ്ടാക്കുന്ന ത്രിഫല രസായനം ഉപകാരപ്രദമാണെന്ന് തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളജിലെ അങ്കുഷ് ജഗോത നടത്തിയ പരീക്ഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: