മുണ്ടക്കയം: ചികില്‍സാ സഹായത്തിന്റെ പേരില്‍ തട്ടിപ്പു നടത്തിയ ഏഴംഗസംഘത്തിലെ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി. വിവിധ മാരക രോഗങ്ങള്‍ മൂലം ചികില്‍സയിലാണന്ന പേരില്‍ വീടുകളും മുസ്ലിം പളളികളും അമ്പലങ്ങളും ക്രൈസ്തവ ദേവാലയങ്ങളും കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തുന്ന നിരവധി സംഘങ്ങളാണ് കിഴക്കന്‍ മലയോര മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും സാമൂദായിക സംഘടനകളുടെ ലെറ്റര്‍ പാഡില്‍ തയ്യാറാക്കിയ വ്യാജ ശുപാര്‍ശാ കത്തുകളുമായി എത്തുന്ന സംഘം വ്യാപകമായി പണപിരിവു നടത്തുന്നതായാണ് അറിയുന്നത്. ഇത്തരത്തില്‍ തട്ടിപ്പു നടത്തുന്ന ഏഴംഗ സംഘത്തിലെ രണ്ടുപേരെ കഴിഞ്ഞ ദിവസം മുണ്ടക്കയം പുത്തന്‍ചന്തയില്‍ നിന്നും നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. സഹോദരി വൃക്ക സംബന്ധമായ രോഗിയാണന്നും ചികില്‍സക്കു വന്തുകയാവശ്യമാണന്നുമറിയിച്ചാണ് 18കാരന് സംഭാവന തേടി മുണ്ടക്കയം മേഖലയില്‍ വ്യാഴാഴ്ച എത്തിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിലെ തട്ടിപ്പു മനസ്സിലായത്. തന്നോടൊപ്പം വേറെയും ആളുകളുണ്ടന്നും കാഞ്ഞിരപ്പളളിയിലെ ലോഡ്ജിലാണ് താമസമെന്നും വിവിധ പളളികളില്‍ സഹായം തേടിയിട്ടുണ്ടന്നും അറിയിച്ചു. ഇതിനിടയിലാണ് വൃക്ക സംബന്ധമായ രോഗത്തിന്റെ പേരില്‍ ചികില്‍സതേടി മറ്റൊരു സ്ത്രീയും ഇവിടെയെത്തി.എന്നാല്‍ യുവാവിനെ പിടികൂടി പൊലീസിന് കൈമാറിയത് അറിഞ്ഞതോടെ ഇവര്‍ മുങ്ങുകയായിരുന്നു. വെളളിയാഴ്ച രാവിലെ മുസ്ലിം വേഷധാരിയായ 60വയസ് തോന്നിക്കുന്ന തമിഴ് സംസാരിക്കുന്ന ആള് ചികില്‍സ സഹായം തേടി പുത്തന്‍ ചന്തയിലെത്തി. ഇടതു കൈയ്യില്‍ മുറിവിന് മരുന്നുവെച്ചു കെട്ടിയ നിലയില്‍കണ്ട ഇയാളെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് പാലക്കാട് സ്വദേശിയാണന്നും പളനിചാമിയാണ് പേരെന്നും അറിയിച്ചത്. തുടര്‍ന്ന്് കൈയ്യിലെ മുറിവു പരിശോധിച്ചപ്പോള്‍ വ്യാജമാണന്നു കണ്ടെത്തി. ഇതോടെ ഇയാളെയും നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ദീര്‍ഘകാലമായി കാഞ്ഞിരപ്പളളിയില്‍ താമസമാക്കിയ സംഘം ദിവസവും വിവിധ സ്ഥലങ്ങളില്‍ പോയി മാരക രോഗങ്ങളുടെ പേരില്‍ പണപിരിവു നടത്തുകയാണ് പതിവ്. സംഘത്തില്‍ യുവതികളടക്കം സത്രീകളുമുണ്ടന്നു പിടിയിലായവര്‍ സമ്മതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: