കരുനാഗപ്പള്ളി: പുതിയകാവ് കാട്ടില്‍ക്കടവ് റോഡിന്റെ ഇരുവശത്തുമുള്ള ഓടകളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണുന്നതില്‍ നിന്നും പിന്നോക്കം മാറുന്ന പിഡബ്ലിയുഡി അധികൃതരുടെ അനാസ്ഥക്കെതിരെ ബിജെപി കുലശേഖരപുരം പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു.
റോഡിന്റെ തെക്കുവശത്തുള്ള പഴയ ഓടയും വടക്കുഭാഗത്തുള്ള പുതിയ ഓടയും ഉപയോഗശൂന്യമായിക്കിടക്കുന്നു. പുതിയ ഓടയുടെ പണി പൂര്‍ത്തിയാക്കിയിട്ടില്ലാത്തതിനാല്‍ പഴയ ഓട നികത്തിയിട്ടുമില്ല. രാത്രികാലത്ത് കക്കൂസ് മാലിന്യവും ഇറച്ചിയുടെയും മത്സ്യത്തിന്റെയും അവശിഷ്ടങ്ങളും ഈ രണ്ട് ഓടകളിലും നിക്ഷേപിക്കുന്നതിനാല്‍ റോഡിന്റെ രണ്ടുവശങ്ങളിലും താമസിക്കുന്ന ജനങ്ങള്‍ക്ക് വളരെയേറെ ദുരിതമാണ് അനുഭവപ്പെടുന്നത്.
ഇതിനെതിരെ രണ്ടുവര്‍ഷമായി പഞ്ചായത്ത് പൊതുജനാരോഗ്യവകുപ്പ്, പിഡബ്ല്യുഡി, റവന്യു തുടങ്ങിയ വകുപ്പുകള്‍ക്ക് പരാതികള്‍ സമര്‍പ്പിച്ചെങ്കിലും ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ധാരാളം വിദ്യാഭ്യാസ പൊതുസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും വിദ്യാര്‍ത്ഥികളും യാത്രചെയ്യുന്ന ഈ പൊതുനിരത്തില്‍ കൂടി മൂക്കുപൊത്താതെ നടക്കുവാന്‍ സാധിക്കില്ല. പഴയ ഓട മൂടാത്തതിനാല്‍ റോഡിനു വീതി കുറവാണ്. ഇത് വാഹനാപകടങ്ങളുടെ പരമ്പര തന്നെ സൃഷ്ടിക്കുന്നു. സമീപത്തെ കിണറുകളെല്ലാം മലിനമായി.
എപ്പോള്‍ വേണമെങ്കിലും ഒരു പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടാം. ഈ അവസ്ഥയ്ക്കു പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഓഫീസുകള്‍ ഉപരോധിക്കുവാനും മറ്റു സമരപരിപാടികള്‍ സ്വീകരിക്കുവാനും കെഎസ്പുരം മേഖലാകമ്മിറ്റി പ്രസിഡന്റ് ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജനറല്‍സെക്രട്ടറി സുനില്‍, സെക്രട്ടറിമാരായ പ്രസന്നന്, മധുപാല്‍, കൃഷ്ണന്‍കുട്ടി, ജില്ലാകമ്മിറ്റിയംഗം ജി.രാജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: