സ്വന്തം മാനം രക്ഷിക്കുവാനുള്ള പരിശ്രമത്തിനിടെ കൊലപാതകിയാകേണ്ടിവന്നവള്‍, ജീവനെക്കാള്‍ വില മാനത്തിനുണ്ടെന്ന് തെളിയിച്ചവള്‍, കൊലക്കയറിനുമുന്നില്‍ പതറാതെ നിന്ന ധീരവനിത ഇസ്ലാമിക രാജ്യമായ ഇറാനിയന്‍ ഭരണകൂടം നിര്‍ദ്ദാക്ഷിണ്യം തൂക്കിലേറ്റിയ റയ്ഹാന ജബ്ബാരിയാണ് ഈ വിശേഷണങ്ങളുടെ ഉടമ.
2007-ല്‍ ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥനായിരുന്ന മാര്‍താസ അബ്ദുള്‍ അലി സര്‍ബാനിയെ കൊലപ്പെടുത്തിയെന്നായിരുന്നു റയ്ഹാനയ്‌ക്ക് മേല്‍ ചുമത്തപ്പെട്ട കുറ്റം. തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഉന്നത ഉദ്യോഗസ്ഥനില്‍ നിന്ന് ആത്മരക്ഷയ്‌ക്ക് മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതായപ്പോള്‍ കൈയില്‍ കിട്ടിയ കത്തികൊണ്ട് കുത്തി രക്ഷപ്പെടേണ്ടിവന്നു റയ്ഹാനയ്‌ക്ക്. ഇതേ തുടര്‍ന്ന് 19-ാം വയസ്സില്‍ കൊടുംകുറ്റവാളിയെന്നവണ്ണം ജയിലിലടക്കപ്പെട്ട റയ്ഹാനക്ക് തൂക്കുകയര്‍ വിധിച്ചത് 2009- ലാണ്. പിന്നെ തൂക്കിലേറ്റപ്പെടുന്നതിന് മുമ്പത്രയും നാള്‍ ജയിലധികൃതരുടെ ക്രൂരമായ പീഡനങ്ങളേറ്റ് അവള്‍ ജീവിച്ചു. ഈ മനുഷ്യാവകാശലംഘനത്തിനെതിരെ പല അന്താരാഷ്‌ട്ര സംഘടനകളും മുന്നോട്ടുവന്നു. എന്നാല്‍ അവരുടെ മുറവിളികള്‍ക്കൊന്നും റയ്ഹാനയുടെ വിധിയെ തടുക്കാനായില്ല.
മാതൃരാജ്യം റയ്ഹാനയ്‌ക്ക് മാപ്പ് കൊടുക്കാന്‍ തയ്യാറായില്ല. എങ്കിലും അവള്‍ ഒരുതുള്ളി കണ്ണീരും പൊഴിച്ചില്ല. ജീവനുവേണ്ടി യാചിച്ചതുമില്ല. എതിര്‍ഭാഗം അഭിഭാഷകന്‍ അവളുടെ മാനത്തെ വാക്കുകളിലൂടെ വീണ്ടും മുറിവേല്‍പ്പിച്ചപ്പോള്‍ മാത്രം തേങ്ങിപ്പോയ റയ്ഹാന തൂക്കുകയര്‍ തന്നിലേക്ക് അടുക്കുന്നതറിഞ്ഞിട്ടും തളര്‍ന്നില്ല. തന്റെ എല്ലാമായ ഉമ്മയ്‌ക്ക് അവള്‍ എഴുതി. സമൂഹത്തില്‍ എങ്ങനെ പെരുമാറണമെന്നും ജീവിക്കണമെന്നും പഠിപ്പിച്ച ഉമ്മയ്‌ക്കെഴുതിയ കത്തിലെ ഓരോ വരികളും മനുഷ്യമനഃസാക്ഷിയെ കുത്തി മുറിവേല്‍പ്പിക്കുന്നതാണ്. ഒപ്പം അമ്മ, മകള്‍ ബന്ധത്തിന്റെ ആഴവും മനസ്സിലാക്കിത്തരും. ”ഉമ്മ എന്നെ പഠിപ്പിച്ചിട്ടില്ലേ ഒരാള്‍ ഈ ജീവിതത്തിലേക്ക് വരുന്നത് അനുഭവങ്ങള്‍ നേടാനും ഓരോ പാഠങ്ങള്‍ പഠിക്കുവാനുമാണെന്ന്.
ഓരോ ജന്മവും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുവാനായി സൃഷ്ടിക്കപ്പെട്ടതാണെന്നും പൊതുസ്ഥലങ്ങളില്‍ പെരുമാറുന്നതെങ്ങനെയെന്നും. എന്നാല്‍ അമ്മ പഠിപ്പിച്ച അറിവുകളൊന്നും എന്റെ സഹായത്തിനെത്തിയില്ല. എന്റെ പ്രിയപ്പെട്ട ഉമ്മ ചെയ്യേണ്ടത് ഇതു മാത്രം. എന്റെ ശരീരം മണ്ണില്‍ക്കിടന്ന് ജീര്‍ണിക്കാന്‍ ഇടവരുത്തരുത്. എന്റെ ഹൃദയവും വൃക്കകളും കണ്ണുകളും തുടങ്ങി ദാനം ചെയ്യാവുന്നതെല്ലാം വേണ്ടവര്‍ക്ക് സമ്മാനമായി നല്‍കണം. അത് എന്റേതാണെന്ന് അവര്‍ അറിയരുത്.” ഈ വാക്കുകള്‍ ലോക ജനതയുടെ കണ്ണുകളെയാകെ ഈറനണിയിക്കുന്നതാണ്.
അമ്മയുടെ വാക്കുകള്‍ മാത്രം കേട്ട് ജീവിച്ച റയ്ഹാന, ഒരു കൊതുകിനെപ്പോലും കൊല്ലാത്തവള്‍, ഒടുവില്‍ അവള്‍ക്ക് കൊലപാതകിയാകേണ്ടിവന്നു. കാലം ആ പെണ്‍കുട്ടിക്ക് കരുതിവെച്ചതാവട്ടെ തൂക്കുമരവും. നീതി നിഷേധിച്ചവര്‍ക്കും തന്നെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്കും ദൈവത്തിന്റെ കോടതിയില്‍നിന്ന് ശിക്ഷ ലഭിക്കും എന്ന ഉത്തമവിശ്വാസത്തോടെയാണ് റയ്ഹാന ഈ ലോകത്തുനിന്നും യാത്രയായത്. റയ്ഹാനയ്‌ക്ക് മാപ്പ് നിഷേധിച്ചവര്‍ക്ക് അവളുടെ ധീരതയ്‌ക്കു മുമ്പില്‍ തല കുമ്പിടേണ്ടിവരുമെന്നത് തീര്‍ച്ചയാണ്. ലോകത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി രക്തസാക്ഷിയായ റയ്ഹാനയുടെ ജീവിതം എല്ലാവരുടെ മനസ്സിലും മായാത്ത ഓര്‍മയായി നിലകൊള്ളട്ടെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: