കാക്കനാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ചികിത്സാ സഹായം ലഭ്യമാകുന്നതിലെ കാലതാമസം രോഗികള്‍ക്കു ദുരിതമാകുന്നു. മുഖ്യമന്ത്രി സഹായം അനുവദിച്ചാലും സെക്രട്ടേറിയററിലെയും റവന്യു വകുപ്പിലെയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസമാണു കാരണം . മാസങ്ങള്‍ക്കു മുന്‍പേ മുഖ്യമന്ത്രി സഹായം അനുവദിച്ച ജില്ലയിലെ നിരവധി രോഗികള്‍ക്ക് ഇനിയും സഹായം ലഭിച്ചിട്ടില്ല.
ചികിത്സയ്ക്കായി വീടു പോലും പണയപ്പെടുത്തേണ്ടിവന്നവരാണു രോഗികളില്‍ അധികവും. സര്‍ക്കാര്‍ നല്കുന്ന ചെറിയ ആശ്വാസത്തിനു വേണ്ടി അപേക്ഷ നല്കി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട ഗതികേടിലാണ് രോഗികള്‍. ഫയലുകള്‍ തീര്‍പ്പാക്കല്‍ നടക്കുന്നുണ്ടെങ്കിലും ഇവര്‍ക്കു തുക ലഭിക്കുന്നത് ഇനിയും വൈകുമെന്നാണ് അറിയുന്നത്. കാന്‍സര്‍, വൃക്ക മാറ്റിവയ്ക്കല്‍, ഹൃദയ ശസ്ത്രക്രിയ തുടങ്ങിയവയുമായി ബന്ധപ്പെട്ടു ലക്ഷക്കണക്കിനു രൂപ ചെലവു വരുന്നവരാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ അപേക്ഷകര്‍.
ജില്ലയിലെ നിര്‍ധന രോഗികള്‍ക്ക് അനുവദിച്ചിട്ടുള്ള ചികില്‍സാ സഹായ തുക പൂര്‍ണമായി വിതരണം ചെയ്യണമെങ്കില്‍ നാലു കോടി രൂപയാണ് വേണ്ടത്. ഇക്കാര്യം ജില്ലാ ഭരണകൂടം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് വരെ അനുവദിച്ച സഹായ ധനം കൊടുത്തു തീര്‍ക്കാനാണു നാലു കോടി ചോദിച്ചിരിക്കുന്നത്. അപേക്ഷ സമര്‍പ്പിച്ചു ചികില്‍സാ ധന സഹായം കാത്തു വെയ്റ്റിങ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുള്ള മുഴുവന്‍ പേര്‍ക്കും പണം കൊടുക്കണമെങ്കില്‍ നാലു കോടിക്കു പുറമേ ഇനിയും പണം വേണ്ടി വരും. ആയിരത്തോളം പേര് പട്ടികയിലുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ അപേക്ഷിച്ചവരാണു ചികില്‍സാ ധനസഹായം കാത്തു കിടക്കുന്നത്. ഇവരില്‍ ചിലരെങ്കിലും ഇതിനകം മരണമടഞ്ഞിട്ടുണ്ടാകും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം അനുവദിക്കുന്നവര്‍ക്കു കളക്ടറേറ്റില്‍ നിന്നു നേരിട്ടു ചെക്ക് നല്‍കാതെ താലൂക്ക് ഓഫീസുകള്‍ വഴി നല്കിയാല് മതിയെന്ന് ഓഡിറ്റ് വിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ നേരിട്ടു ചെക്ക് ഒപ്പിട്ടു കക്ഷികള്‍ക്കു നല്‍കേണ്ടതില്ലെന്നും മൊത്തം തുക അതതു തഹസില്‍ദാര്‍മാര്‍ക്കു കൈമാറണമെന്നും കളക്ടറേറ്റില്‍ ഓഡിറ്റിങ് പൂര്‍ത്തിയാക്കിയ റവന്യു (ഡിആര്‍എഫ്എ) ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, പണം കിട്ടാതെ എങ്ങനെ കൊടുക്കുമെന്നാണ് റവന്യു ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: