കൊച്ചി: ചമ്പക്കരയുടെ വനിതാ ഹോട്ടല്‍ നാടന്‍ വിഭവങ്ങളാല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഒരുമാസം മുന്‍മ്പ് ഒരു കിലോ അരിയിലാരംഭിച്ച ഈ വനിതാ ഹോട്ടലില്‍ ഇന്ന് വിളമ്പുന്നത് അമ്പതിലധികം കിലോയുടെ തുമ്പച്ചോറാണ്. വനിതാ കൂട്ടായ്മയുടെയും കഠിനാധ്വാനത്തിന്റെയും പ്രതീകമായി മാറുകയാണ് ഈ ഭക്ഷണശാല. കൊതിയൂറും നാടന്‍ വിഭവങ്ങള്‍ മനസ്സറിഞ്ഞ് വിളമ്പുന്നതാണ് ഈ പെണ്വിജയത്തിനു കാരണം.
കാലത്ത് ചായയും പ്രാതലും ഉച്ചക്ക് നാടന്‍ ഊണും, ബിരിയാണിയും ഇവിടെ ലഭിക്കും. പുത്തന്‍ കാലഘട്ടത്തില്‍ ഗൃഹപാചകം പിന്‍വാങ്ങുന്ന അവസ്ഥയിലാണ് ഈ നാടന്‍ ഭക്ഷണത്തിന്റെ പ്രസക്തി. പപ്പായ, കൊടപ്പന്‍, ചീര, വാഴപ്പിണ്ടി തുടങ്ങിയ ഗ്രാമീണ വിളകള്‍കൊണ്ട് തയ്യാറാക്കുന്ന വിഭവങ്ങളാണ് ഇവിടത്തെ പ്രത്യേകത. രുചികരമായ ഭക്ഷണം തേടി ദൂരസ്ഥലങ്ങളില്‍ നിന്നും ആളുകള്‍ ചമ്പക്കരയില്‍ എത്തുന്നുണ്ട്.
കൊച്ചിയിലെ മുന്തിയ ഹോട്ടലുകളില്‍ കുക്കായിരുന്ന ഷീല ശ്രീധരന്റെ നേതൃത്വത്തിലാണ് ഹോട്ടലിന്റെ പ്രവര്‍ത്തനം. സഹായത്തിനായി ഒരു സ്ത്രീയും ഇവര്‍ക്കൊപ്പമുണ്ട്. രുചിയൊരുക്കുന്ന അടുക്കള മുതല്‍ ക്യാഷ് കൗണ്ടറില്വരെ നിറഞ്ഞു നില്‍ക്കുന്നത് ഇവരുടെ കരങ്ങളാണ്. വനിതാ കൂട്ടായ്മയുടെ കരുത്തിലൊരുങ്ങിയ ഈ രുചിയിടത്തെ കുറിച്ച് മികച്ച പ്രതികരണമാണ് നാട്ടുകാരില്‍നിന്നും ലഭിക്കുന്നത്. ഇവിടുത്തെ ഭക്ഷണത്തിനും കിടപിടിക്കുന്ന സ്വാദേറിയ ഭക്ഷണം മറ്റെവിടെയും കിട്ടില്ലെന്നാണ് നാട്ടുകാരനായ ഫ്രാന്‍സിസിന്റെ അഭിപ്രായം.
ഓര്‍ഡറുകള്‍ ലഭിക്കുന്നതിനനുസരിച്ച് പാര്‍ട്ടികള്‍ക്ക് വിഭവങ്ങള്‍ ഉണ്ടാക്കി നല്‍കുമെന്നും ഇവര്‍ പറയുന്നു.” മുതലാളിത്തരീതിയോടുള്ള വെറുപ്പാണ് ഇങ്ങനെ ഒരു സംരംഭം തുടങ്ങാന്‍ കാരണം. ഇത് എന്റെ സ്വപ്നമായിരുന്നു, ഹോട്ടലിന്റെ വിപുലീകരണമാണ് അടുത്ത ലക്ഷ്യ”മെന്നും ഷീല പറയുന്നു. അതിനായി തൊഴില്‍ രഹിതരായ വനിതകളെ ഉള്‍പ്പെടുത്തി വനിതാ തട്ടുകട തുടങ്ങുമെന്നും ആവശ്യമുള്ള വിഭവങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ പാചകം ചെയ്തുനല്കാന് വനിതകള്‍ക്ക് പരിശീലനം നല്‍കുമെന്നും ഷീല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: