തൊടുപുഴ : മദ്യലഹരിയിലായിരുന്ന പാപ്പാന്മാരുടെ ക്രൂരമര്‍ദ്ദനമേറ്റ് ആന വിരണ്ടോടി. ഇന്നലെ വൈകിട്ട് 3.30ഓടെ മണക്കാട് ഷാപ്പിന് സമീപം വച്ചാണ് കൊല്ലം സ്വദേശി ശശിയുടെ ഉടമസ്ഥതയിലുള്ള കാര്ത്തികേയന് എന്ന ആന നാട്ടുകാരെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയത്.
ആനയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ കൊല്ലം ആദിത്യനെല്ലൂര്‍ ചിറയ്ക്കല്‍ പുത്തന്‍വീട്ടില്‍ അഭിലാഷ് (26), കാടിയാടിത്തറ വീട്ടില്‍ റഹിന് (26) എന്നിവരെ തൊടുപുഴ പോലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്ട് മണിക്കൂറോളം പരിഭ്രാന്തി പരത്തിയ ആനയെ നാട്ടുകാരും പോലീസും ചേര്‍ന്ന് തളയ്ക്കുകയായിരുന്നു. ആനയെ മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് ചോദ്യം ചെയ്ത നാട്ടുകാരെ കത്തികാട്ടി പാപ്പാന്മാര് ഭീഷണിപ്പെടുത്തി. സംഭവത്തെക്കുറിച്ച് തൊടുപുഴ പോലീസ് പറയുന്നതിങ്ങനെ; മണക്കാട് പ്രദേശത്ത് തടി പിടിക്കുന്നതിനായി ഇന്നലെ വൈകിട്ട് 3.30ഓടെയാണ് വെങ്ങല്ലൂര്‍ വഴി ആനയെ നടത്തിക്കൊണ്ടുവന്നത്. യാത്രയ്ക്കിടെ ആനയെ ക്രൂരമായി രണ്ട് പാപ്പാന്മാരും മര്‍ദ്ദിക്കുന്നുണ്ടായിരുന്നു. മണക്കാട് എത്തിയപ്പോഴേയ്ക്കും നാട്ടുകാര്‍ ഇത് ചോദ്യം ചെയ്തു.
മദ്യലഹരിയിലായിരുന്ന പാപ്പാന്മാര് ആനയ്ക്ക് പനമടല്‍ വെട്ടുന്ന കത്തിയെടുത്ത് നാട്ടുകാര്‍ക്ക് നേരെ വീശി. ഉടന്‍തന്നെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പാപ്പാന്മാരുടെ മര്‍ദ്ദനത്തില്‍ ഭയന്ന് ആന കുതറിയോടുകയായിരുന്നു.
കസ്റ്റഡിയിലായ പാപ്പാന്മാരെയും വനം വകുപ്പിന് കൈമാറി. രേഖകള്‍ ഹാജരാക്കിയതിന് ശേഷം മാത്രമേ ആനയെ ഉടമസ്ഥന് കൈമാറുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: