റിയാദ്: വിദേശത്ത് പഠിക്കാന്‍ സ്കോളര്‍ഷിപ്പ് സ്വീകരിച്ച സൗദി യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചു. തെക്കന്‍ സൗദി അറേബ്യയിലെ ജസന് ഗ്രാമവാസിയാണ് തന്റെ ആദ്യഭാര്യയെയും അവരില്‍ ജനിച്ച പിഞ്ചുകുഞ്ഞിനെയും ഉപേക്ഷിച്ച് പുതിയ ഭാര്യയെ സ്വീകരിച്ചത്.
അനുരഞ്ജന ചര്‍ച്ചകള്‍ക്ക് വഴങ്ങാതെ ഇയാള്‍ വിവാഹമോചനത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തന്റെ കുടുംബാംഗങ്ങളും ഭാര്യവീട്ടുകാരും നടത്തിയ ചര്‍ച്ചകള്‍ക്കൊന്നും തന്നെ അയാളുടെ തീരുമാനത്തിന് മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
സൗദി അറേബ്യയിലെ വിദ്യാഭ്യാസ വകുപ്പ് ആയിരക്കണക്കിന് ആണ്-പെണ് വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തിനകത്തും വിദേശത്തും പ്രത്യേകിച്ച് പടിഞ്ഞാറന്‍ യൂറോപ്പിലും അമേരിക്കയിലും മറ്റും പഠിക്കാനായി വന്‍ തുകകളാണ് സ്കോളര്‍ഷിപ്പ് ഇനത്തില്‍ ചെലവഴിക്കുന്നത്.
എന്നാല്‍ ഭര്‍ത്താവിന്റെ ഈ നീക്കത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.
അതേസമയം ദീര്‍ഘകാലം ഭാര്യയെ പിരിയേണ്ടിവരുന്നതിനാലാണ് ഭര്‍ത്താവ് വിവാഹമോചനം നേടുന്നതെന്ന് സംഭവത്തെ ന്യായീകരിക്കുന്നവരും കുറവല്ല. ഭാര്യയോടൊപ്പം ഭര്‍ത്താവ് വിദേശത്ത് പോകാനിഷ്ടപ്പെടാത്തതിനാലാണത്രെ വിവാഹമോചനം നടന്നതെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. എന്നാല്‍ ഭര്‍ത്താവ് തന്നെക്കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂവെന്നും ഭാര്യയുടെ ശോഭനമായ ഭാവിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അയാള്‍ക്ക് വേവലാതിയില്ലെന്നുമാണ് എതിര്‍ക്കുന്നവരുടെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: