കോട്ടയം: മണ്ഡല- മകരവിളക്ക് വ്രതകാലം ആരംഭിക്കുന്നതോടെ അയ്യപ്പഭക്തര്‍ക്കായി വെജിറ്റേറിയന്‍ ഭക്ഷണം തയ്യാറാക്കി അമിത വില ഈടാക്കാന്‍ തയ്യാറാക്കിയിരിക്കുകയാണ് ഹോട്ടലുകള്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തന്മാരാണ് ചൂഷണത്തിന് വിധേയരാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്ന വിലയേക്കാള്‍ മുപ്പതുശതമാനം വരെ വര്‍ദ്ധനവാണ് കോട്ടയത്തെ ഹോട്ടലുകളില്‍ ഉണ്ടായിരിക്കുന്നത്. ചില വീടുകളില്‍ ഇഡ്ഡലി, അപ്പം, ഇടിയപ്പം, തുടങ്ങിയ പലഹാരങ്ങള്‍ ഉണ്ടാക്കി 2 രൂപ നിരക്കിലാണ് ഹോട്ടലുകളില്‍ എത്തിക്കുന്നത്. ഈ വിഭവങ്ങള്‍ക്കാണ് ഹോട്ടലുടമകള്‍ 8 രൂപയാണ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്. നിലവില്‍ ഹോട്ടലുകളില്‍ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് ജില്ലാ ഭാരവാഹികള്‍ പറയുന്നത്. ഇഡ്ഡലി, അപ്പം, ഇടിയപ്പം, ദോശ മുതലായവയ്ക്ക് 6 രൂപയും, ചായ, കാപ്പി, പൊറോട്ട തുടങ്ങിയവയ്ക്ക് 8 രൂപയും ബ്രൂകോഫിക്ക് 12 രൂപയുമാണ് അസോസിയേഷന് നിശ്ചയിച്ചിട്ടുള്ള വില. ഏതെങ്കിലും ഹോട്ടലുകള്‍ ഇതില്‍ കൂടുതല്‍ വാങ്ങുന്നുണ്ടെങ്കില്‍ അതില്‍ അസോസിയേഷന് ഉത്തരവാദിത്വമില്ലെന്നും അവര്‍ പറയുന്നു.
നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിച്ച് ഹോട്ടല്‍ ഭക്ഷണത്തിന്റെ വില നിശ്ചയിക്കാന്‍ അധികാരമില്ലെന്നാണ് ജില്ലാ ഭരണാധികാരികള്‍ പറയുന്നത്. എന്നാല്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരുന്നാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. ഹോട്ടലുകളിലെ ഭക്ഷണത്തെ സംബന്ധിച്ച് പരാതികള്‍ ഉണ്ടായാല്‍ കര്‍ശനമായ പരിശോധനകള്‍ നടത്തി നടപടി സ്വീകരിക്കാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ ചുതമലപ്പെടുത്തിയിട്ടുണ്ട്.
ശബരിമല തീര്‍ത്ഥാടന കാലവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമകളുടെ യോഗം അടുത്ത ആഴ്ചയില്‍ വിളിച്ചു ചേര്‍ക്കുമെന്നും ആ യോഗത്തില്‍ ഭക്ഷണവില ഏകീകരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: