കല സ്ത്രീകള്‍ക്കും കായികം പുരുഷന്മാര്ക്കുമെന്ന് എന്നോ നമ്മുടെ സമൂഹത്തില്‍ ഒരു അതിര്ത്തിഭേദം ഉണ്ടായി. അതു തുടര്‍ന്നേ പോരികയായിരുന്നു നമ്മള്. പക്ഷേ സാഹചര്യങ്ങളും അവസരങ്ങളുമാണല്ലോ യഥാര്‍ത്ഥ സൃഷ്ടികള്‍ക്ക് ആധാരം. അതിനൊപ്പം ബോധപൂര്‍വമായ പരിശ്രമങ്ങളുംകൂടി വന്നപ്പോള്‍ അതിര്‍ത്തികള്‍ ഇല്ലാതായി. കലയും കായികവും ആര്‍ക്കും വഴങ്ങുമെന്നായി. മാത്രമല്ല, അങ്ങനെ കഴിവു തെളിയിക്കുന്നവരെ സമൂഹം കൊണ്ടാടുകയും ചെയ്യുന്ന സ്ഥിതി വന്നു.
അവിചാരിതമായാണ് ബിന്ദുവിന്റെ കരാട്ടെ കളത്തിലേക്കുള്ള പ്രവേശനം. കോഴിക്കോട് പാറോപ്പടി സ്വദേശി മനോജ് മഹാദേവനെ വിവാഹം കഴിച്ച് വരുമ്പോള്‍ മറ്റ് ചിന്തകളൊന്നുമില്ലായിരുന്നു ബിന്ദുവിന്. നല്ലൊരു വീട്ടമ്മയായി കുട്ടികളും കുടുംബവും അടുക്കളുമായി കഴിഞ്ഞ് സന്തോഷത്തോടെ കാലം കഴിക്കുക.
എന്നാല്‍ ഭര്‍ത്താവ് മനോജ് കരാട്ടെയില്‍ ‘ഫിഫ്ത് ഡാന്‍’ ബ്ലാക് ബെല്‍റ്റ് ജേതാവും, ആള് ഇന്ത്യ കരാട്ടെ ഫെഡറേഷന് എ ഗ്രേഡ് റഫറിയും കരാട്ടെ പരിശീലകനും കൂടിയാണ്. കരാട്ടെക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആള്. 1986 ല്‍ ആരംഭിച്ച കരാട്ടെ സ്കൂള്‍ നടത്തിപ്പും ടൂര്‍ണമെന്റും മറ്റുമായി തിരക്കോട് തിരക്ക്. വീട്ടുജോലി മാത്രം ചെയ്ത് ബിന്ദുവിനെ വെറുതെ വിടാന്‍ മനോജ് തയ്യാറായില്ല. കരാട്ടെ പഠിക്കാന്‍ മനോജ് ബിന്ദുവിനെ നിര്‍ബന്ധിച്ചു.
ഇതിനിടെ തന്റെ ശിഷ്യന്മാര് പങ്കെടുക്കുന്ന ഒരു ടൂര്‍ണമെന്റ് കാണാന്‍ മനോജ് ബിന്ദുവിനെയും കൂട്ടി. മത്സരത്തില്‍ പങ്കെടുത്തവരില്‍ ഒരാള്‍ സഹകളിക്കാരന്റെ ഇടിയേറ്റ് ബോധമറ്റ് വീണപ്പോള്‍ കണ്ടുനിന്ന ബിന്ദു ഭയന്നു. അതോടെ കരാട്ടെയെ ബിന്ദുവിന് സ്വപ്നത്തിലും പേടിയായി. പക്ഷേ, മനോജ് പിടിവിട്ടില്ല, നിരന്തരം ബിന്ദുവിനെ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.
കരാട്ടെ അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു അഭ്യാസമുറ സ്ത്രീകള്‍ അറിഞ്ഞിരിക്കണമെന്ന് മനോജ് മാഷിന് നിര്‍ബന്ധമായിരുന്നു. കരാട്ടെ പഠിക്കുന്നതിലൂടെ സ്ത്രീകളുടെ കായിക ശക്തിയും മാനസിക ശക്തിയും ഉയരുമെന്നാണ് മനോജ് പറയുന്നത്.
രണ്ടാമത്തെ കുഞ്ഞു പിറന്നശേഷമാണ് മനോജ് മാഷിന്റെ നിരന്തര പ്രേരണയ്ക്കു വഴങ്ങി ബിന്ദു കരാട്ടെ അഭ്യസിക്കാന്‍ തുടങ്ങിയത്. അങ്ങനെ കരാട്ടെയില്‍ ബ്ലാക് ബെല്‍റ്റ് നേടി. ബിന്ദുവിന്റെ വീട്ടുകാര്‍ അമ്പരന്നു. സൈക്കിള്‍ സവാരി പോലും വശമില്ലാഞ്ഞയാളാണ് ബിന്ദു. എല്ലാം പഠിച്ചെടുത്ത് കുട്ടികള്‍ക്ക് കരാട്ടെ ക്ലാസെടുക്കാന്‍ തുടങ്ങി. 2002-ല്‍ ആരംഭിച്ച കരാട്ടെ ക്ലാസില്‍ ഇന്ന് സ്ത്രീകളും, കുട്ടികളുമുള്‍പ്പെടെ ഒട്ടേറെ ശിഷ്യരുണ്ട് ബിന്ദുവിന്. സെക്കന്റ് ഡാന്‍ ബ്ലാക് ബെല്‍റ്റ് നേടിയ ഓള് ഇന്ത്യ കരാട്ടെ ഫെഡറേഷന്റെ അംഗീകൃത റഫറി കൂടിയാണ് ബിന്ദു.
നഗരത്തിലെ ഒട്ടനവധി സ്കൂളുകളിലും സ്വന്തമായും ക്ലാസുകള്‍ നടത്തുന്നുണ്ട്. പ്രായമായ സ്ത്രീകളെയും ബിന്ദു പരിശീലിപ്പിക്കുന്നു. ഇതിനു പുറമെ ആഴ്ചകള്‍ നീളുന്ന പഠനശിബിരങ്ങളും ബിന്ദു സംഘടിപ്പിക്കാറുണ്ട്. അടുത്തിടെ കോഴിക്കോട്ടെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ 15 ദിവസത്തെ ശില്‍പ്പശാല നടത്തിയിരുന്നു. സര്‍ക്കാര്‍ തലത്തില്‍ ബിന്ദു ഏറ്റെടുത്ത ആദ്യത്തെ ഉത്തരവാദിത്തവും ഇതാണ്. ശാരീരികമായും മാനസികമായും കൂടുതല്‍ ഊര്‍ജ്ജവും ആത്മവിശ്വാസവും കരാട്ടെ പഠനത്തിലൂടെ ലഭിക്കുമെന്ന് ബിന്ദു പറയുന്നു.
മുന്‍പൊക്കെ റോഡില്‍ അപകടം കണ്ടാല്‍ മനോജ് മാഷെ അതിനടുത്തേക്ക് പോകുവാനോ സഹായിക്കുവാനോ സമ്മതിക്കാഞ്ഞ ബിന്ദു, ഇന്ന് അതിനെല്ലാം മുന്നില്‍നില്‍ക്കും. രാത്രിയോ പകലോ എത്ര ദൂരത്തേക്കും എവിടെയും സഞ്ചരിക്കാന്‍ ബിന്ദുവിന് ഭയമില്ല. ഇതിനെല്ലാം പ്രാപ്തയാക്കിയത് കരാട്ടെ പഠനമാണെന്ന് ബിന്ദു പറയുന്നു.
ബിന്ദു-മനോജ് ദമ്പതികള്‍ക്ക് രണ്ടു മക്കള്‍. ആദര്‍ശ്, ആകാശ്. കരാട്ടെ, തൈക്വണ്ടോ ബ്ലാക് ബെല്‍റ്റും നേടിയ ഇവര്‍ ദേശീയ ചാമ്പ്യന്മാരുമാണ്.
വീട്ടമ്മമാര്‍ക്ക് ഒരു മാതൃകയാണ് ബിന്ദു. കായിക മേഖലകളിലേക്ക് കടന്നുവരാന്‍ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച കരുത്തുറ്റ വനിതയുടെ പട്ടികയില്‍ ബിന്ദുവും ഇനി ഇടംപിടിക്കും തീര്‍ച്ച…
പ്രതികരിക്കാൻ ഇവിടെ എഴുതുക: