കടുത്തുരുത്തി: കാരിക്കോട് സരസ്വതി വിദ്യാമന്ദിറിന്റെ സ്ഥാപകരില്‍ പ്രമുഖന്, വിദ്യാര്‍ത്ഥികളുടേയും രക്ഷകര്‍ത്താക്കളുടേയും പ്രിയപ്പെട്ട ഭാസിമാമന് ഓര്‍മ്മയായി.
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് മുടക്കാരി ദേവീക്ഷേത്രത്തിന് സമീപത്തുള്ള താത്ക്കാലിക ഷെഡില്‍ അരുണ്‍ ക്ലാസുമായി പ്രവര്‍ത്തനമാരംഭിച്ച വിദ്യാമന്ദിറിന്റെ സര്‍വ്വസ്വവും എച്ച്എന്‍എല്‍ ഉദ്യോഗസ്ഥനായ കെ. ഭാസിയായിരുന്നു.
നെയ്യാറ്റിന്‍കര സ്വദേശിയായ ഭാസി എച്ച്എന്‍.എലില്‍ ജോലിക്കായി വെള്ളൂരില്‍ എത്തുകയും കോര്‍ട്ടേഴ്സില്‍ താമസമാക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരില്‍ ഒരാളായി മാറിയ അദ്ദേഹം ആര്‍എസ്എസുമായി തനിക്കുള്ള ബന്ധം ഉപയോഗപ്പെടുത്തിയാണ് പൊതുരംഗത്ത് എത്തുന്നത്. സംഘത്തിന്റെ മുടക്കാരി ശാഖയില്‍ ഉരുത്തിരിഞ്ഞ ആശയമാണ് സ്കൂള്‍ എന്നത്. അന്നു മുതല്‍ രോഗബാധിതനായി തീരുന്നതുവരെ സ്കൂളിന് വേണ്ടിയുള്ള പ്രവര്‍ത്തനം തന്റെ ജീവതചര്യയുടെ ഭാഗമായിരുന്നു ഭാസിക്ക്.
സിബിഎസ്ഇ അംഗീകാരത്തോടെ പ്ലസ്ടു വരെ എത്തിയ സരസ്വതിവിദ്യാമന്ദിറിന്റെ ചരിത്രം ഭാസിയുടെയും ചരിത്രമാണ്. ഇപ്പോഴത്തെ സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ സമയത്ത് കല്ലും മണ്ണും ചുമക്കുന്നതിനും മടികാണിക്കാതിരിക്കുന്ന അദ്ദേഹം ഓരോ വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും ശ്രദ്ധിക്കുന്നതിനും അക്കാദമിക് നിലവാരം വിലയിരുത്തുന്നതിലും ബദ്ധശ്രദ്ധന്‍ ആയിരുന്നു.
ഏതാണ്ട് രണ്ട് വര്‍ഷത്തോളമായി രോഗബാധിതന് ആയിതീര്‍ന്ന അദ്ദേഹം എച്ച്.എന്‍.എലില്‍ നിന്നും വിആര്‍എസും എടുത്ത് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഭാര്യ – മഹേശ്വരി, മക്കള്‍- ശ്രീലക്ഷ്മി, ജയലക്ഷ്മി ഇവര്‍ക്കൊപ്പം നെയ്യാറ്റിന്കരയിലാരുന്നു താമസം. വിവാഹിതയായ മൂത്തമകള്‍ ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് സൂരജ് ഇവര്‍ക്കൊപ്പമുണ്ട്.
അന്തരിച്ച മാനേജര്‍ കെ. ഭാസിയോടുള്ള ആദരസൂചകമായി ഇന്ന് സരസ്വതി വിദ്യാമന്ദിറിന് അവധി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: