ഇസ്ലാമാബാദ്: ഭാരതവും പാക്കിസ്ഥാനും അതിര്‍ത്തി പങ്കിടുന്ന വാഗയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 64 ആയി സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കരുതുന്ന 20 പേര് പിടിയിലായി
ആയി.അപകടത്തെ തുടര്‍ന്ന് വാഗ അതിര്‍ത്തി മൂന്നു ദിവസത്തേക്ക് അടച്ചു. അതിര്‍ത്തിയിലെ പതാക താഴ്ത്തല്‍ ചടങ്ങും ഈ ദിവസങ്ങളില്‍ ഉണ്ടാകില്ല.
കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന് ഏറ്റെടുത്തു. ലാഹോറിനു സമീപം പാക് നിയന്ത്രിത മേഖലയിലാണ് സ്ഫോടനം നടന്നത്. രണ്ട് പാക് അതിര്‍ത്തി ഗാര്‍ഡുകളും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ലാഹോര്‍ ജിന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആറു മണിക്ക് പതാക താഴ്ത്തലിനുശേഷം മടങ്ങിയവരില്‍ പാക് ഭാഗത്തുള്ളവരാണ് ചാവേറാക്രമണത്തിന് ഇരയായത്. അതിനാല്‍ത്തന്നെ ഒരേ കുടുംബത്തിലെ നിരവധിപേര്‍ കൊല്ലപ്പെട്ടവരില്‍പ്പെടുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍നിന്ന് 500 മീറ്റര്‍ അകലെ മാത്രമാണ് സംഭവമുണ്ടായത്. ഇതേത്തുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ ബിഎസ്എഫിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതിര്‍ത്തിയിലെ അതീവ ജാഗ്രതാ മേഖലയില്‍ സുരക്ഷാ കോംപ്ലക്സിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച പതിനെട്ടുകാരനായ ചാവേറാണ് പൊട്ടിത്തെറിച്ചത്. ചെക്ക് പോസ്റ്റില്‍ പാക് സൈനികര്‍ തടഞ്ഞയുടന്‍ യുവാവ് സ്ഫോടനം നടത്തി. ഭാരതത്തിന്റെ നിയന്ത്രണത്തിലുള്ള ചെക്ക് പോസ്റ്റിലെത്തി കൂടുതല്‍ നാശംവിതയ്ക്കാന്‍ ചാവേര്‍ പദ്ധതിയിട്ടിരുന്നെന്ന് കരുതപ്പെടുന്നു.
ഞായറാഴ്ചയായതിനാല്‍, ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി അടയ്ക്കുന്ന ആചാരപരമായ ചടങ്ങ് വീക്ഷിക്കാന്‍ നിരവധിപേര്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: