ധാക്ക: 1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിനിടെ പാക്കിസ്ഥാന് സൈന്യത്തിനൊപ്പം ചേര്‍ന്ന് നിരവധിപേരെ കൊന്നൊടുക്കിയ ജമാ അത്തെ ഇസ്ലാമി നേതാവും മാധ്യമസ്ഥാപന മേധാവിയുമായ മിര്‍ ക്വാസിം അലിക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. യുദ്ധക്കുറ്റം ചുമത്തിയാണ് 62 കാരനായ അലിയെ തൂക്കുകയറിന് വിട്ടുകൊടുത്തത്. നിരവധി ക്രൂരതകളുടെ പേരില്‍ 72 വര്‍ഷത്തെ തടവും കോടതി അലിക്ക് നല്കി. എന്നാല്‍ വധശിക്ഷ വന്നതോടെ തടവിന് പ്രസക്തിയില്ലാതായി.
പാക്കിസ്ഥാനില്‍ നിന്ന് മോചനംതേടി ബംഗ്ലാദേശികള്‍ നടത്തിയ സമരത്തിനിടെ അലി മനുഷ്യരഹിതമായ ഒട്ടനവധി കുറ്റകൃത്യങ്ങള്‍ ചെയ്തെന്ന് കോടതി കണ്ടെത്തിയിരുന്നു. 14 കുറ്റങ്ങളാണ് അലിക്കുമേല് ചാര്‍ത്തപ്പെട്ടത്. അതില്‍ 10 എണ്ണത്തിലും തെറ്റുകാരനാണെന്നു തെളിഞ്ഞു. കുട്ടികളായ രണ്ടു സ്വാതന്ത്ര്യസമര പോരാളികളെ പിഢിപ്പിച്ചതിനും കൊലപ്പെടുത്തിയശേഷം നദിയില്‍ വലിച്ചെറിഞ്ഞതിനുമാണ് അലിക്ക് വധശിക്ഷ നല്‍കിയത്. ചിറ്റഗോങ്ങിലെ ദലിം ഹോട്ടല്‍ കേന്ദ്രീകരിച്ച് പീഢനാലയം നടത്തിയ അലി നൂറുകണക്കിന് ബംഗ്ലാദേശികളെ കൊലപ്പെടുത്തിയെന്നും തെളിഞ്ഞു.
ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ അലി, ബംഗ്ലാദേശി സ്വാതന്ത്ര്യസമരത്തെ ഞെരിച്ചുകൊല്ലാന്‍ ഹിറ്റ്ലറുടെ രഹസ്യപ്പോലീസായ ‘ഗസ്റ്റപ്പോ’യുടെ മാതൃകയില്‍ രൂപീകരിച്ച അല്‍ ബാദറിന്റെ നേതാക്കളില്‍ മൂന്നാമനാണ്. ബംഗ്ലാദേശ് നിലവില്‍വന്നതിനുശേഷം സ്വന്തമായി ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത അലി മാധ്യമരംഗത്തും ശ്രദ്ധകേന്ദ്രീകരിച്ചു. ജമാ അത്തെ ഇസ്ലാമി അനുകൂല പത്രത്തിന്റെയും ചാനലിന്റെയും ഉടമകളായ ഡിഗാന്ത മീഡിയ കോര്‍പ്പറേഷന്റെ തലവനും അലി തന്നെ.
അതേസമയം, ശിക്ഷാവിധിയുടെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. വിധിക്ക് പിന്നാലെ ജമാ അത്തെ ഇസ്ലാമിക്കാര്‍ ദേശവ്യാപക പണിമുടക്കിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചു. സ്വാതന്ത്ര്യസമര കാലത്തെ കൂട്ടക്കൊല, ബലാത്സംഗം, കൊള്ള എന്നിവയുടെ പേരില്‍ മറ്റൊരു ജമാ അത്തെ ഇസ്ലാമി നേതാവ് മതിയുര്‍ റഹ്മാന് നിസാമിക്ക് യുദ്ധക്കുറ്റ വിചാരണകോടതി ഒക്ടോബര്‍ 29ന് മരണശിക്ഷ നല്‍കിയിരുന്നു. അതിന്റെ പേരില്‍ മൂന്നു ദിവസത്തെ ബന്ദാണ് ജമാ അത്തെ ഇസ്ലാമി അനുഭാവികള്‍ പ്രഖ്യാപിച്ചത്. അലിക്കെതിരായ വിധി വന്നതോടെ പ്രതിഷേധ ദിനങ്ങളുടെ എണ്ണം കൂട്ടാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തലസ്ഥാനമായ ധാക്കയടക്കം പ്രധാന നഗരങ്ങളെയൊന്നും ബന്ദ് ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: