ന്യൂദല്‍ഹി: ടീം ഇന്ത്യയുടെ കഴിവുകേടില്‍ മനംനൊന്ത് ഒരിടയ്‌ക്ക് കായികരംഗത്തോടുതന്നെ വിടപറയാന്‍ തീരുമാനിച്ചതായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. തുടര്‍ച്ചയായുള്ള ദയനീയ പരാജയങ്ങളുടെ ഉത്തരവാദിത്തം ക്യാപ്റ്റനെന്ന നിലയില്‍ തനിക്കാണെന്ന് തോന്നിയ സാഹചര്യത്തിലാണ് ക്യാപ്റ്റന്‍ പദവിയും കായികരംഗവും ഉപേക്ഷിക്കണമെന്ന തോന്നലുണ്ടായതെന്ന് ഈ മാസം 6ന് പുറത്തിറങ്ങുന്ന ആത്മകഥയില്‍ സച്ചിന്‍ കുറിക്കുന്നു.
തന്റെ സകല കഴിവുകളും പ്രയോജനപ്പെടുത്തിയിട്ടും ദയനീയ പ്രകടനങ്ങളില്‍നിന്ന് ടീമംഗങ്ങളെ കരകയറ്റാന്‍ കഴിയാതെ പോയത് തന്നെ തകര്‍ത്തതായി ‘പ്ലെയിങ്ങ് ഇറ്റ് മൈ വേ’ എന്ന പേരിലുള്ള ആത്മകഥയില്‍ അദ്ദേഹം പറയുന്നു.
24 വര്‍ഷം നീണ്ട അന്താരാഷ്‌ട്ര കരിയറിനിടയില്‍ പതറിപ്പോയ നിമിഷങ്ങള്‍ വിശദീകരിക്കുകയാണ് സച്ചിന്‍. 1996-2000 കാലഘട്ടത്തില്‍ അദ്ദേഹം ഇന്ത്യയെ നയിച്ച 25 ടെസ്റ്റുകളില്‍ 9 എണ്ണത്തില്‍ പരാജയപ്പെട്ടു. നാലെണ്ണം ജയിച്ചു. 12 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. പരാജയങ്ങളോട് പൊരുത്തപ്പെടാന്‍ ഏറെക്കാലം വേണ്ടിവന്നു. കായികരംഗത്തോട് വിടപറയാന്‍ വരെ ഒരു വേളയില്‍ ചിന്തിച്ചു. 1997 മാര്‍ച്ച് 31ന് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ദുര്‍ദിനവും.
തലേന്ന് രാത്രിയില്‍ ബാര്‍ബഡോസിലെ സെന്റ്‌ലോറന്‍സ് ഗ്യാപ്പിലുള്ള ഒരു റെസ്‌റ്റോറന്റില്‍ അത്താഴം കഴിച്ചുകൊണ്ടിരിക്കെ വെയിറ്ററുമായി നടത്തിയ നര്‍മ്മ സല്ലാപത്തിനിടയില്‍ അദ്ദേഹം തൊട്ടടുത്ത ദിവസത്തെ വെസ്റ്റിന്‍ഡീസ് വിജയം പ്രവചിച്ച കാര്യവും സച്ചിന്‍ ഓര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: