അങ്ങനെയും ചിലരുണ്ട്; ഉയരത്തില്‍ പറക്കുമ്പോഴും മനസ് ഭൂമിയെ ചുംബിക്കുന്നവര്‍. ഗരിമയുടെ വരവറിയിക്കുകയാണത്. സ്നേഹത്തിന്റെ ഇത്തരം ഉദാരതയില് അവര്‍ ചെറിയവരാകും. പൊങ്ങച്ചവും ധാര്‍ഷ്ട്യവും അകമ്പടിയുള്ളവരില്‍ നിന്നും മാറി നടന്ന വലിയ പ്രതിഭയും അത്രത്തോളം മനസുമായി ജീവിച്ചവരുണ്ട്. അങ്ങനെയൊരു അസാധാരണനാണ് ഈയിടെ അന്തരിച്ച ലോകപ്രശസ്ത ചിത്രകാരന് കെ.വി ഹരിദാസന്.
ഒരുപക്ഷെ, ഹരിദാസനെക്കുറിച്ച് കൂടുതല്‍ അറിയുകയോ കേള്‍ക്കുകയോ ചെയ്യാത്തതുകൊണ്ടാവണം എന്തും ആഘോഷിക്കുന്ന ചില പത്രമാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ മരണം ഒരു ബാധ്യത പോലെ ഒറ്റക്കോളത്തില്‍ ഒതുക്കിയത്. പത്രത്തിലും ചാനലിലും വാര്‍ത്തയും മുഖവുമായി നിരന്തരം പ്രത്യക്ഷപ്പെടുന്നതാണ് അര്‍ഹതയെന്നും അബദ്ധത്തിന് പെയിന്റില്‍ ബ്രഷ് മുക്കിപ്പോയാല്‍ മീഡിയയ്ക്ക് പിന്നാലെ പായുകയും ചെയ്യുന്നവര്‍ക്കിടയിലൊന്നും ഹരിദാസനെ കണ്ടുകാണില്ല. അത്തരം തത്സമയക്കാരുടെ തലമുറയില്‍പ്പെട്ട ആളുമല്ല അദ്ദേഹം. അങ്ങനെയുള്ള സങ്കല്പക്കാര്‍ക്കും അപ്പുറമാണ് ആ പ്രതിഭയുടെ ഇടം.
ഭാരതീയ ചിത്രകലയ്ക്ക് നഷ്ടപ്പെട്ട അപൂര്‍വ ജീനിയസ് എന്നാവും ഹരിദാസന് ഇനി ഓര്‍മിക്കപ്പെടുക.
പത്തുമുപ്പതു വര്‍ഷം മുമ്പ് ചിത്രകാരന്മാര്ക്കും ആസ്വാദകര്‍ക്കുമിടയില്‍ വന്‍ വാര്‍ത്തയും ആരാധനയും ആയിരുന്നു ഹരിദാസന്. ഭാരതീയ ചിത്രകലയില്‍ അദ്ദേഹം തീര്‍ത്ത താന്ത്രിക രീതിയെന്ന ഒറ്റയടിപ്പാതയോടുള്ള കടുത്ത ആദരവിന്റെ അംഗീകാരം. വര-വര്‍ണങ്ങളിലൂടെ ഭാരതീയ ദര്‍ശനങ്ങളുടെ അകംപൊരുളില്‍ ഒന്നായ താന്ത്രികതയെ പുത്തന്‍ വ്യാഖാന വാതിലിലൂടെ തുറക്കുകയായിരുന്നു അദ്ദേഹം.
പണ്ട് എറണാകുളത്തെ കലാപീഠത്തിലും മറ്റും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണാനും ചിത്രകാരനുമായി സംവദിക്കാനുമൊക്കെ തിങ്ങിക്കൂടിയവര്‍ അനവധിയാണ്. വെറും വരകള്‍ക്ക് പകരം രേഖകളുടെ ആലേഖന സ്വഭാവം കൊണ്ടും വര്‍ണങ്ങളുടെ വിസ്മയങ്ങള്‍ക്കപ്പുറം നിറച്ചേര്‍ച്ചകളുടെ പക്വതയുമായി കാണുമ്പോള്‍ ഉള്ളില്‍ ദര്‍ശനഭൂഖണ്ഡം തീര്‍ക്കുന്ന ചിത്രങ്ങള്‍. സാധാരണക്കാരെ അത്ര പെട്ടന്നൊന്നും തൃപ്തിപ്പെടുത്താത്ത ഹരിദാസന്റെ ചിത്രമെഴുത്ത് കാണെക്കാണെ അത്തരക്കാരിലും അകമേ ഏതാണ്ടൊരു പുതുമ കോറിയിടും.
നമ്മുടെ നാട്ടില്‍ ബിനാലെയെക്കുറിച്ച് അത്രക്കൊന്നും കേള്‍ക്കും മുമ്പ് 71 ലെ പാരീസ് ബിനാലെയില്‍ ഹരിദാസന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. അത്യാവശ്യം ലോകവിജ്ഞാനവും അനുഭൂതിയും വേണം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ബോധ്യപ്പെടാനെന്ന് കാഴ്ചക്കാര്‍ക്ക് മനസിലായിരുന്നു. ഉള്ളടക്കത്തിന്റെ ഗൗരവവും വിശകലനം ആവശ്യപ്പെടുന്ന ആശയവും തന്നെ പ്രധാനം. അതൊരു യോഗാത്മകതയാണ്. താന്ത്രിക് രീതിയിലൂടെ പ്രപഞ്ചത്തെ അറിയാനുള്ള ഭാരതീയ പ്രകൃതി കണ്ണുകൊണ്ട് കാണുമ്പോള്‍ ഉള്ളുകൊണ്ട് അറിയാന്‍ ആവശ്യപ്പെടുന്ന ചിത്രങ്ങള്‍.
തത്വചിന്തകളുടെ വായനയുണ്ട് ഹരിദാസന്റെ പെയിന്റിംഗുകളില്‍, അതും തനി ഭാരതീയം. പാശ്ചാത്യ സ്വാധീനം പാടേ ഉപേക്ഷിച്ച സ്വാതന്ത്ര്യം, അതിലൊരു നെടിയ മൗനമുണ്ടായിരുന്നു. അതാകട്ടെ മിഴാവു പോലെ മുഴക്കമുള്ളതും. അത്രത്തോളം ധ്യാനാത്മകവും അത്രമേല്‍ ഏകാന്തവുമായ ചോളമണ്ഡലകാലത്തെ പരിശീലനങ്ങളില്‍ നിന്ന് ഈ ചിത്രകാരന് ലഭിച്ച ഉള്‍നിറവിന്റെ പ്രത്യക്ഷങ്ങളാണ് അദ്ദേഹത്തിന്റെ നിയോ താന്ത്രിക് രീതി.
ആര്‍ഷജ്ഞാനത്തോടുള്ള കമ്പവും സാഹിത്യത്തിലും മനഃശാസ്ത്രത്തിലുമുള്ള ആഴവും വീട്ടുപാരമ്പര്യത്തിന്റെ ബലവും കൂടിയായപ്പോള്‍ ഹരിദാസന് എന്ന ചിത്രകാരന് പൂര്ണനായി. വേദാന്തിയും ശ്രീചക്രോപാസകനുമായ അച്ഛന് നാരായണ മേനോനില്‍ നിന്നും കിട്ടിയ നേര്‍വിദ്യ മകനില്‍ വഴിതെറ്റിയില്ല. മിത്തുകളുടെ അടിസ്ഥാനത്തിലുള്ള ഭാരതീയ ദര്‍ശനത്തിന്റെ പരിച്ഛേദമായ താന്ത്രിക സങ്കല്പമെന്ന തെളിച്ചമാണ് പകരക്കാരില്ലാത്ത കെ.വി. ഹരിദാസന് എന്ന ഒറ്റയാന് വെളിച്ചം. വൃത്തങ്ങള്‍ക്കുള്ളിലെ വൃത്തങ്ങള്‍, അഗ്നി, താമരയിതളുകള്‍, ത്രികോണങ്ങള്‍ എന്നിങ്ങനെ വാചാലമാകുന്ന രൂപങ്ങള്‍ ഒരുവട്ടം കാണുമ്പോള്‍ തന്നെ ഉള്ളില്‍ ആണി അടിച്ചിരിപ്പാവും.
താന്ത്രിക് ചിത്രകലയിലൂടെ ലോക പ്രശസ്തനാകുമ്പോഴും അത്രതന്നെ മനുഷ്യനായിരുന്നു ഹരിദാസന്. അഹങ്കാരം ആത്മവിശ്വാസമാണെന്ന് പറയുന്ന കലാകാരന്മാരുടെ ആള്‍ക്കൂട്ടത്തില്‍ ഇല്ലാത്തയാള്‍. അതുകൊണ്ടാണ് പണ്ടേ നമ്മള് ഉപയോഗിച്ച് ഉപേക്ഷിച്ച ആ വാക്ക് പുതിയ ലാവണ്യത്തോടെ, ഹരിദാസനെ ഓര്‍ക്കാന്‍ ചിത്രകാരനും ലളിതകലാ അക്കാദമി വൈസ് ചെയര്‍മാനുമായ കാട്ടൂര്‍ നാരായണപിള്ള ഉപയോഗിച്ചത്; സല്‍സ്വഭാവി. ആരെയും ഉപദ്രവിക്കാതെ, എല്ലാവരെയും സ്നേഹിച്ച് എല്ലാവരിലും നന്മ കണ്ട മനുഷ്യന്. വര്‍ഷങ്ങളോളം തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു അദ്ദേഹം. സര്‍വ്വാദരണീയനായ മാഷ്. പ്രതിഭയെന്ന നിലയില്‍ മാത്രമല്ല, മനുഷ്യ സ്നേഹിയെന്ന വലിപ്പത്തിലും കൂടിയായിരുന്നു അത്തരം ആദരവെന്ന് കാട്ടുര്‍.
സൗമ്യസാന്നിധ്യമെന്നാണ് ഹരിദാസനെക്കുറിച്ച് അദ്ദേഹത്തിന്റെ പഴയ സുഹൃത്തും കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകനുമായ സി.ടി തങ്കച്ചന് പറയുന്നത്. ഇത്രവലിയ കലാകാരനില്‍ അത്രവലിയ മനുഷ്യന് ഉണ്ടാകുമോയെന്ന് തങ്കച്ചന് അതിശയം. മണ്തരികളെ നോവിക്കാതെയാണ് ഹരിദാസന് നടന്നിരുന്നതെന്നും തങ്കപ്പെട്ട മനസായിരുന്നുവെന്നും ആ സുഹൃത്ത് ഓര്‍ക്കുന്നു. ഇങ്ങനെ, ഹരിദാസനിലെ വലിയ മനസിനെക്കുറിച്ച് ഒത്തിരിപ്പേര്‍ക്ക് പറയാനുണ്ടാവും. മനുഷ്യന് എന്ന സുന്ദരപദം എന്ന് ചേരുംപടി ചേരുന്നവര്‍ ഹരിദാസനെപ്പോലെ അപൂര്‍വമായി നമുക്കിടയിലുണ്ടാവും.
കണ്ണൂര്‍ കല്യാശേരി കീച്ചേരിക്കാരനായ ഹരിദാസന് ഏറെക്കാലവും മദിരാശിയിലായിരുന്നു. പഠനവും അവിടെത്തന്നെ. സാഹിത്യത്തിലും മനഃശാസ്ത്രത്തിലും ബിരുദം. 1968ല്‍ മദ്രാസ് ഫൈന്‍ ആര്‍ട്സ് കോളേജില്‍ നിന്നും ഡിപ്ലോമ. ചോള മണ്ഡലത്തിന്റെ അപൂര്‍വ സൃഷ്ടി. കെഎസിഎസിന്റെ വാത്സല്യ ഭാജനം. ചോളമണ്ഡലം ആര്‍ട്ടിസ്റ്റ് വില്ലേജ് സ്ഥാപകന്‍. അവിടെത്തന്നെ സ്ഥിരതാമസമായിരുന്നു. നിരവധി പുരസ്കാരങ്ങള്‍. ഭാരതത്തിലും വിദേശങ്ങളിലുമായി അനവധി ചിത്രപ്രദര്‍ശനം.
കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ബംഗളൂരുവില്‍ വെച്ച് മരണം. അക്കാദമിയുടെ പുരസ്കാരം നേരിട്ട് കൊടുക്കണമെന്ന് അറിയിച്ചപ്പോള്‍ ആശുപത്രിയില്‍ നിന്നും വരട്ടെയെന്നായിരുന്നു ഹരിദാസന്റെ മറുപടി. അത് ബാക്കിയായെന്ന് കാട്ടൂര്‍. ലോകപ്രശസ്തനായിട്ടും അദ്ദേഹത്തെ നാം വേണ്ടവണ്ണം അംഗീകരിച്ചോ എന്ന് സംശയം. ഹരിദാസനെന്ന പ്രതിഭയേയും വലിയ മനുഷ്യനെയും ഇനിയെങ്കിലും അറിയാനും പഠിക്കാനും ശ്രമിക്കണം. പ്രത്യേകിച്ച് മലയാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: