ഏതാണ്ട് രണ്ടുമാസം മുമ്പ് തൊടുപുഴയിലെ മുതിര്‍ന്ന സ്വയംസേവകനും മുന്‍ പ്രചാരകനും സദാ സഞ്ചാരിയുമായ ഇടവെട്ടി ഗോപാലകൃഷ്ണന് കോഴിക്കോട്ടുനിന്നും വിളിച്ച് സി.എം.കൃഷ്ണനുണ്ണിയെ സന്ദര്‍ശിച്ചശേഷം വിവരമറിയിച്ചു.
കഠിനമായ ഉദരരോഗമാണെന്നും മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണത്തിലാണെന്നും. ആ സമയത്ത് അദ്ദേഹത്തെ ചെന്നു കാണണമെന്ന് ആഗ്രഹിച്ചുവെങ്കിലും യാത്ര ചെയ്യാനുള്ള പ്രയാസം മൂലം അതു സാധിച്ചില്ല. കഴിഞ്ഞ വെള്ളിയാഴ്ച കൃഷ്ണനുണ്ണി അന്തരിച്ച വിവരം ജന്മഭൂമിയിലെ കെ.മോഹന്‍ദാസ് അറിയിച്ചു. അല്‍പ്പസമയത്തിനുശേഷം നിരവധിപേരുടെ സന്ദേശങ്ങള്‍ വന്നു. ഗോപാലകൃഷ്ണന് രാവിലെ പോകുന്ന വിവരവും പറഞ്ഞു.
സി.എം.കൃഷ്ണനുണ്ണിയുമായുള്ള അടുപ്പം 1967 അവസാനം കോഴിക്കോട്ടു നടന്ന ഭാരതീയ ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനകാലത്താണ് ആരംഭിച്ചത്. സമ്മേളനത്തിന്റെ നടത്തിപ്പില്‍ സഹായിക്കാന്‍ കലാലയ വിദ്യാര്‍ത്ഥികളുടെ സംഘങ്ങള്‍ രൂപീകരിക്കണമെന്ന നിര്‍ദ്ദേശമനുസരിച്ച് ധാരാളം പേരെ സ്വയംസേവകരായ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ സമീപിക്കുകയുണ്ടായി. പിന്നീട് വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഒട്ടേറെ പേര് അന്ന് ആ പ്രവര്‍ത്തക വൃന്ദത്തില്‍ ഉണ്ടായിരുന്നു.
സി.എം.കൃഷ്ണനുണ്ണി, പുത്തൂര്‍ മഠം ചന്ദ്രന് ( മുന്‍ പബ്ലിക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍), പി.വിജയകുമാര്‍ (തൃപ്പൂണിത്തുറ സംഘചാലക്), ബാലചന്ദ്രന് (മഞ്ചേരി സംഘചാലക്) തുടങ്ങിയ ഒട്ടേറെപ്പേര്‍ അതില്‍പ്പെടുന്നു. കോഴിക്കോട് ആര്‍ഇസി (ഇപ്പോള്‍ എന്‍ഐടി)യിലെ വിവിധ ഭാഷക്കാരായ വിദ്യാര്‍ത്ഥികള്‍ അതത് സംസ്ഥാനങ്ങളിലെ പ്രതിനിധികളുടെ സൗകര്യം നോക്കുന്ന പ്രബന്ധകന്മാരായി. സമ്മേളനത്തിനുശേഷം, അന്നത്തെ കേസരി കാര്യാലയത്തിലും അതിനുമുകളിലത്തെ ജനസംഘ കാര്യാലയത്തിലും നടക്കാറുണ്ടായിരുന്ന സൗഹൃദ ചര്‍ച്ചകളിലെ പ്രമുഖ പങ്കാളികളില്‍ കൃഷ്ണനുണ്ണി പ്രധാന പങ്കുവഹിച്ചിരുന്നു.
ആശയപരമായി ആഴത്തില്‍ ചിന്തിച്ചു കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ അന്നേ അദ്ദേഹം തത്പരനായിരുന്നു. മാധവ്ജിയും പരമേശ്വര്‍ജിയും മറ്റുമായി നടത്തിയ ആശയവിനിമയം, ആ ചെറുപ്രായത്തില്‍ത്തന്നെ ഉന്നതനിലവാരം പുലര്‍ത്തി മാധവ്ജിയില്നിന്നു ആധ്യാത്മിക ശിക്ഷണവും ക്രമേണ സമ്പാദിച്ചു. മാധവ്ജിയുടെ അച്ഛനും കൃഷ്ണനുണ്ണിയുടെ അച്ഛനും തിരുവണ്ണൂര്‍ കോവിലകത്തെ അംഗങ്ങളായിരുന്നത് ആ അടുപ്പത്തിന് ഘനിഷ്ഠതയുണ്ടാക്കിയിരിക്കാം.
രാഷ്ട്രീയത്തേക്കാള്‍ സാംസ്കാരിക രംഗമാണ് തനിക്കനുയോജ്യം എന്ന് ആദ്യമെ തന്നെ അദ്ദേഹത്തിനു തോന്നിയിരിക്കാം. അടിയന്തരാവസ്ഥക്കാലത്തെ അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നാണല്ലൊ തപസ്യയും ബാലഗോകുലവും മറ്റും പുഷ്ടിപ്രാപിച്ചത്.
അടിയന്തരാവസ്ഥ കഴിഞ്ഞ് ജനാധിപത്യം പുനഃസ്ഥാപിച്ചശേഷം, ജനതാപാര്‍ട്ടിയുടെ ഔപചാരികമായ രൂപീകരണത്തിനായി, ദല്‍ഹിയില്‍ വിവിധകക്ഷികളുടെ സമ്മേളനങ്ങള്‍ നടന്നു.
അതിനുശേഷം ജനതാപാര്‍ട്ടിയുടെ വിവിധപോഷക സംഘടനകള്‍ ഓരോ സംസ്ഥാനത്തും രൂപീകരിക്കുന്നതിനായി ജനസംഘ ഘടകത്തിന്റെ ദേശീയ നേതൃത്വം ഒരുമിച്ചിരിക്കുകയും യുവജനതയുടെ കേരള കണ്‍വീനര്‍ സ്ഥാനം ജനസംഘത്തിനു ലഭിക്കുന്നതിനായി ഒരു പേര് നിര്‍ദ്ദേശിക്കാന്‍ സുന്ദര്‍ സിംഗ് ഭണ്ഡാരി ആവശ്യപ്പെട്ടപ്പോള്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ പേരാണ് മനസ്സില്‍വന്നത്. സെക്രട്ടറിയായി കൃഷ്ണനുണ്ണിയുടെതും. അവരിരുവരും കെ.കുഞ്ഞിക്കണ്ണനും ചേര്‍ന്ന് യുവജനതയുടെയും പിന്നീട് യുവമോര്‍ച്ചയുടെയും ത്രിമൂര്‍ത്തികളായി പ്രവര്‍ത്തിച്ചു.
യുവമോര്‍ച്ചയുടെ പുഷ്കലമായ കാലഘട്ടം കൃഷ്ണനുണ്ണി പ്രസിഡന്റും കുഞ്ഞിക്കണ്ണന് സെക്രട്ടറിയുമായിരുന്നപ്പോഴാണ്. കേരള ഡയാലിസിസ് എന്ന പേരില്‍ തിരുവനന്തപുരം മുതല്‍ മഞ്ചേശ്വരം വരെയുള്ള പദയാത്ര നടത്താന്‍ കൃഷ്ണനുണ്ണി തീരുമാനിക്കുന്നതിനുമുമ്പ് ഞങ്ങള്‍ ഒരുമിച്ച് പാലക്കാട്ടുനിന്നും എറണാകുളത്തേക്ക് ബസ്സില്‍ യാത്ര ചെയ്തിരുന്നു.
ജനതാ പരീക്ഷണം ജനസംഘ ഘടകത്തെ അതിന്റെ ആശയപരമായ പന്ഥാവില്‍നിന്നു വ്യതിചലിപ്പിച്ചുവെന്ന് മറ്റു പലരേയും പോലെ തീവ്രമായി വിശ്വസിച്ച ആളായിരുന്നു കൃഷ്ണനുണ്ണി. 1984 ഒക്ടോബറില്‍ പൂനെയില്‍ ചേര്‍ന്ന ഭാരതീയ പ്രതിനിധിസഭാ സമ്മേളനത്തില്‍ ആ അഭിപ്രായം പലരും ശക്തമായി ഉന്നയിച്ചിരുന്നു. അക്കാര്യം തന്നെയാണ് ആ യാത്രയില്‍ ഞങ്ങള്‍ സംസാരിച്ചതും. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ സുചിന്തിതവും ഉറച്ചവയും യുക്തിഭദ്രവുമായിരുന്നു.
‘ഭാരതവല്‍ക്കരണം മോചനത്തിന്റെ മന്ത്രവും സാധനാ തന്ത്രവും’ എന്ന പേരില്‍ അദ്ദേഹം തയ്യാറാക്കിയ ലഘുപുസ്തകം കേരളമെങ്ങും ബിജെപി പ്രവര്‍ത്തകരും പുറമെയുള്ളവരും വിലപ്പെട്ട രേഖയായിട്ടാണ് കരുതിയത്. സര്‍വകാല പ്രസക്തമായ അഭിപ്രായങ്ങളാണ് അതില്‍ അദ്ദേഹം പ്രകടിപ്പിച്ചത്.
തിരുവനന്തപുരം മുതല്‍ മഞ്ചേശ്വരം വരെ നടത്തിയ പദയാത്ര കൃഷ്ണനുണ്ണിയുടെ സഹനസമരം തന്നെയായിരുന്നു. സാധാരണ മഞ്ചേശ്വരത്തുനിന്നും തിരുവനന്തപുരത്തേക്ക് എന്ന പതിവിനു വിരുദ്ധമായിരുന്നു ആ പദയാത്ര. തെക്കോട്ടുള്ള യാത്ര ഐശ്വര്യപ്രദമല്ല, ഉത്തരോത്തരമാണ് പോകേണ്ടതെന്നദ്ദേഹം കരുതി. യാത്രയുടെ പലയിടങ്ങളിലും സ്വീകരിക്കാനും അനുയാത്രയ്ക്കും ആളുകള്‍ വിരളമായിരുന്നു. പാദങ്ങള്‍ വ്രണപ്പെട്ട് വളരെ കഷ്ടതകള്‍ അനുഭവിച്ചു യാത്ര പൂര്‍ത്തിയാക്കാനാവുമോ എന്നുപോലും ഭയന്നു. ആത്മവിശ്വാസം കൈവിടാതെയുള്ള പ്രയാണം ഉത്തരകേരളത്തില്‍ ഗംഭീരമായി സമാപിച്ചു.
കണ്ണൂരില്‍ 1984 ഒക്ടോബര്‍ അവസാനം നടന്ന ഭാരതവല്‍ക്കരണ റാലിയില്‍ വാജ്പേയിയാണ് മുഖ്യാതിഥിയായി പങ്കെടുത്തത്. കൃഷ്ണനുണ്ണിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ഉജ്വലമുഹൂര്ത്തമായിരുന്നു അതെന്ന് എനിക്കുതോന്നുന്നു.
ജന്മഭൂമിയില് വി.എം.കൊറാത്ത് മുഖ്യപത്രാധിപരായിരുന്ന കാലത്ത് കൃഷ്ണനുണ്ണി കുറച്ചുകാലം ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നു. അടുത്ത ദിവസത്തെ പത്രത്തില്‍ എന്തൊക്കെ ഉണ്ടാവണമെന്നതിനെപ്പറ്റി കൊറാത്ത് സാറുമായി ചര്‍ച്ച ചെയ്ത ശേഷം ഓരോ ആളെ ചുമതലയേല്‍പ്പിക്കുന്നതിലെ ഔചിത്യം ശ്രദ്ധേയമായിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പത്തെ രാഷ്ട്രീയ വിശകലനങ്ങളും മികച്ച നിലവാരം പുലര്‍ത്തി.
ശാരീരികമായ പ്രശ്നങ്ങളും സ്വാഭിപ്രായങ്ങളുമായി മറ്റു ചിലരോടു പൊരുത്തമുണ്ടാക്കാന്‍ വന്ന വിഷമങ്ങളും മൂലമാവണം പിന്നീടദ്ദേഹം ക്രമേണ അന്തര്‍മുഖനായി കാണപ്പെട്ടു. കുടുംബജീവിതത്തിലും പല പ്രശ്നങ്ങളും ഉണ്ടായി. ആധ്യാത്മികമായി കൂടുതല്‍ ഉയര്‍ന്നു. മാധവ്ജിയില്‍നിന്ന് സ്വീകരിച്ച അനുഷ്ഠാനങ്ങള്‍ തുടരുകയും അതിലൂടെ സന്തുഷ്ടി അനുഭവിക്കുകയും ചെയ്തു.
ഇരിങ്ങാലക്കുടയിലെ മാടായിക്കോണത്തെ ശ്രീപുരം തന്ത്ര ഗവേഷണ കേന്ദ്രത്തിലെ ഗിരീഷ് കുമാറിന്റെ പ്രേരണയില്‍ ലളിതോപാഖ്യാനമെന്ന ദിവ്യഗ്രന്ഥത്തിന് മലയാള വ്യാഖ്യാനം തയ്യാറാക്കുക എന്ന കൃത്യം അദ്ദേഹം ഏറ്റെടുത്തു. സ്വന്തം ആചാര്യനായ മാധവ്ജിയെ ഓര്‍ത്തുകൊണ്ട് വ്യാഖ്യാനത്തിന് മാധവീയം എന്നാണ് പേര് നല്‍കിയത്. പുസ്തകത്തിന്റെ നിരൂപണം ഒരു പത്രത്തില്‍ വായിച്ച് അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചപ്പോള്‍ അതിന്റെ ഒരു പ്രതി സദയം അയച്ചു തന്നതു കൂടാതെ തുടര്‍ന്നു പ്രസിദ്ധീകരിച്ച ശ്രീകൃഷ്ണ കര്‍ണാമൃതം കൂടി എത്തിച്ചു തന്നു.
കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് മാനനീയ സര്‍കാര്യവാഹ്ജിയുടെ ബൈഠകിന് പോയിരുന്ന അവസരത്തില്‍ അദ്ദേഹം വീട്ടിലേക്കു വിളിച്ച് അന്വേഷിച്ചത് അറിഞ്ഞപ്പോള്‍ ഞാന്‍ തിരിച്ചു ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അദ്ദേഹത്തിന്റെ വസതിയില്‍ പോകണമെന്ന് ആഗ്രഹിച്ചുവെങ്കിലും തരപ്പെട്ടില്ല. അസുഖമാണെന്ന് ഗോപാലകൃഷ്ണന് പറഞ്ഞപ്പോഴും ചരമവാര്‍ത്ത അറിഞ്ഞപ്പോഴും അതൊരു കുറ്റബോധത്തോടെ മനസ്സില്‍ തറച്ചു.
കോഴിക്കോട്ടെ ആദ്ധ്യാത്മിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ പ്രകാശം പരത്തി നിന്ന പ്രതിഭയാണ് അസ്തംഗനായ കൃഷ്ണനുണ്ണി. അദ്ദേഹത്തിന്റെ സ്മരണയ്ക്കു നമസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: