മഹാരാഷ്ട്രയിലെ ജനപ്രിയ നേതാവായിരുന്നു ഗോപിനാഥ് മുണ്ടെ. മറാത്ത രാഷ്ട്രീയത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം ചെറുതായിരുന്നില്ല. മുണ്ടെയുടെ വിയോഗത്തില്‍ നിന്നും ഇനിയും മുക്തമാകാത്ത മറാത്താ മണ്ണ് ഇന്ന് ആഹ്ലാദത്തിലാണ്. ആഹ്ലാദത്തിന്റെ കാരണം ചെറുതല്ല, മുണ്ടെയുടെ മരണശേഷം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ പെണ്മക്കളുടെ തെരഞ്ഞെടുപ്പ് വിജയമാണ് അതിനു പിന്നില്‍. ഗോപിനാഥ് മുണ്ടെയുടെ മൂന്ന് പെണ്മക്കളില് രണ്ടു പേര്, പങ്കജ മുണ്ടെ, പ്രീതം മുണ്ടെയും.
രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും മൂത്ത മകള്‍ പങ്കജയാണ് മുന്നില്‍. തെരഞ്ഞെടുപ്പിലെ രണ്ടാമൂഴത്തിലാണ് പങ്കജ വിജയിച്ചത്. പങ്കജയെ എല്ലാവര്ക്കും അറിയാമെങ്കിലും പ്രീതം മുണ്ടെ അത്ര സുപരിചിതയായിരുന്നില്ല. മുണ്ടെയുടെ ഇളയ മകളാണ് പ്രീതം. ചേച്ചി പങ്കജയുടെ തണലിലാണ് പ്രീതം രാഷ്ട്രീയത്തിലേക്കിറങ്ങിയത്. അച്ഛന്റെ പേര് കളയാന്‍ തയ്യാറാവാതിരുന്ന മക്കള്‍ അച്ഛനൊപ്പം, അല്ലെങ്കില്‍ ഒരുപിടി മുന്നിലെത്താനാണ് ശ്രമിച്ചത്. അവസാനം ജനപ്രിയനായ അച്ഛന്റെ പാതയിലാണ് തങ്ങളെന്നും അവര്‍ തെളിയിച്ചു.
മുണ്ടെയുടെ മരണത്തിനുശേഷം ഒഴിഞ്ഞുകിടന്ന ബീഡ് മണ്ഡലത്തില്‍ നിന്നാണ് 31 കാരിയായ പ്രീതം മത്സരിച്ചത്. കന്നി അങ്കത്തിനിറങ്ങിയ പ്രീതം വന്‍ വിജയമാണ് കൊയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി സൃഷ്ടിച്ച റെക്കോര്‍ഡ് ഭൂരിപക്ഷമാണ് പ്രീതം തിരുത്തിക്കുറിച്ചത്. ഏഴു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് പ്രീതം മുന്‍ മന്ത്രി കൂടിയായിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അശോക് പാട്ടീലിനെ തോല്‍പ്പിച്ചത്. സിപിഐ സ്ഥാനാര്‍ത്ഥി അനില്‍ ബസു സൃഷ്ടിച്ച ഒരു ദശകത്തോളം പഴക്കമുള്ള റെക്കോര്‍ഡാണ് പ്രീതം തകര്‍ത്തത്. 2004 ല്‍ പശ്ചിമബംഗാളിലെ ആരംബാഗില്‍ നിന്നും അഞ്ചു ലക്ഷത്തി തൊണ്ണൂറ്റിരണ്ടായിരത്തി അഞ്ഞൂറ്റിരണ്ട് വോട്ടുകള്‍ക്കാണ് അനില്‍ ബസു വിജയിച്ചത്.
മുണ്ടെ കുടുംബത്തിലെ ഏറ്റവും വിദ്യാസമ്പന്നയാണ് പ്രീതം. മുംബൈയിലെ ഡി.വൈ പാട്ടീല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും മെഡിക്കല്‍ ബിരുദം നേടിയ പ്രീതം ത്വക്ക് രോഗ വിദഗ്ധയാണ്. ഭര്‍ത്താവ് ഐടി ഉദ്യോഗസ്ഥനായ ഗൗരവ് ഖാദെ. നാസിക് സ്വദേശിയാണെങ്കിലും ഇപ്പോള്‍ കുടുംബത്തിനൊപ്പം മുംബൈയിലാണ് താമസം.
പര്‍ളി മണ്ഡലത്തില്‍ നിന്നും 2009-ലാണ് പങ്കജ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അന്നത്തേതിനേക്കാള്‍ വലുതാണ് ഇത്തവണത്തെ ജയം. ഭാരതീയ യുവമോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനവും പങ്കജ അലങ്കരിച്ചിട്ടുണ്ട്. ബിരുദ പഠനത്തിനുശേഷം എംബിഎയും പൂര്‍ത്തിയാക്കിയ ശേഷമാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ഗോപിനാഥ് മുണ്ടെക്കുണ്ടായിരുന്ന ജനസമ്മിതിയുടെ ഒരു പങ്ക് 35 കാരിയായ പങ്കജയ്ക്കും ആവോളം ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് അമിത് പാല്വെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: