ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) വൈസ് ചാന്‍സലറായി നിയമനം ലഭിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ ഡോ. ലതക്ക് സന്തോഷം അടക്കാനിയില്ല. ഒരുപിടി ശുഭപ്രതീക്ഷകളുമായാണ് ഈ വനിത കുസാറ്റിന്റെ തലപ്പത്തേക്ക് വരുന്നത്. കുസാറ്റ് വൈസ് ചാന്‍സലറാകുന്ന ആദ്യ വനിതയാണ് ഇവര്‍. സമര്‍പ്പണവും, ദിശാബോധവുമാണ് തന്റെ വിജയത്തിനു പിന്നിലെന്ന് ഉറപ്പിച്ചുപറയാന്‍ ഈ വനിതക്കാകും. കാരണം വിവിധ മേഖലകളില്‍ 27 വര്‍ഷത്തിലധികം പരിചയ സമ്പത്തോടെയാണ് ലത ഈ നിലയിലെത്തിയത്. തിങ്കളാഴ്ച വി.സി ആയി ചുമതലയേറ്റ ഡോ.ജെ. ലതയുടെ വിശേഷങ്ങളാണ് ഈ ആഴ്ച മിഴി പങ്കുവെക്കുന്നത്.
കടന്നുവന്ന വഴികള്‍
അദ്ധ്യാപനം, ഗവേഷണം, കണ്‍സള്‍ട്ടന്‍സി, ഭരണനിര്‍വഹണം എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ലത, തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പല്‍, കേരള സര്‍വകലാശാലയുടെ എന്‍ജിനിയറിങ് ഫാക്കല്‍റ്റി ഡീന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍ജിനിയറിങ് കോളേജുകളുടെ മികവ് ലക്ഷ്യമിട്ടുള്ള ടെക്യുപ് പദ്ധതിയുടെ രജിസ്ട്രാറുമായിരുന്നു.
സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലേക്ക്
2011 ഏപ്രില്‍ ഒന്നിനാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി ലത ചുമതലയേറ്റത്. വകുപ്പിന്റെ ആദ്യ വനിതാ ഡയറക്ടറാണ്. കഴിഞ്ഞ നാലു വര്‍ഷമായി മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ലതയ്ക്കായിട്ടുണ്ട്. മദ്രാസ് ഐഐടി., കാലിക്കറ്റ് എന്‍ഐടി., കേരള സര്‍വകലാശാല, എല്‍ബിഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ ഭരണസമിതികളില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തോടെയാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലേക്ക് അവര്‍ എത്തിയത്.
നേട്ടങ്ങളുടെ തോഴി
പ്രവര്‍ത്തനമേഖലയില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ വനിതക്ക് സാധിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്ന നിലയില്‍ ഡയറക്ടറേറ്റില്‍ ഇ-ഗവേണന്‍സ് നടപ്പാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ലതയാണ്. ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിലും തിരുവനന്തപുരം സയന്‍സ് ആന്‍ഡ് ടെക്നോളജി പാര്‍ക്കിന്റെ രൂപീകരണത്തിലും ഈ വനിതയുടെ കരങ്ങളാണ് പ്രവര്‍ത്തിച്ചത്. കേന്ദ്ര സഹായത്തോടെ സംസ്ഥാനത്തെ പോളിടെക്നിക്കുകളുടെ നിലവാരം ഉയര്‍ത്തുന്നതിലും പ്രധാന പങ്കുവഹിച്ചത് ലതയാണ്.
തിരുവനന്തപുരവും ഐഐടിയും
തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ നിന്ന് 1981-ല്‍ സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദവും മദ്രാസ് ഐഐടിയില്‍ നിന്ന് സ്വര്‍ണ മെഡലോടെ എം.ടെക്കും പൂര്‍ത്തിയാക്കി. തുടര്‍ന്ന് മദ്രാസ് ഐഐടിയില്‍ നിന്നും ഡോക്ടറേറ്റും നേടി. 1984 ല്‍ കാലിക്കറ്റ് എന്‍ഐടിയില്‍ സിവില്‍ എന്‍ജിനിയറിങ് ലക്ചററായി ജോലിയില്‍ പ്രവേശിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍, പ്രൊഫസര്‍, വകുപ്പ് മേധാവി, ഡീന്‍, പ്രിന്‍സിപ്പല്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
പുതിയ ദൗത്യങ്ങള്‍
സിന്‍ഡിക്കേറ്റ് അംഗമായതിനാല്‍ കുസാറ്റ് പുതിയൊരു വേദിയല്ല ലതയ്ക്ക്. നിലവിലെ സ്ഥിതിയില്‍ കുസാറ്റിന് മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ഇവര്‍ പറയുന്നു. കുസാറ്റിനെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് സയന്‍സ് ആന്‍ഡ് ടെക്നോളജിയായി ഉയര്‍ത്തുന്നതിനുള്ള പദ്ധതി നിലവിലുണ്ട്. അത് യാഥാര്‍ത്ഥ്യമാക്കണമെന്നാണ് ലതയുടെ ആഗ്രഹം. ”കുസാറ്റില്‍ പല സെന്ററുകളുമുണ്ട് എന്നാല്‍ ചിലതൊക്കെ പ്രവര്‍ത്തനം മുരടിച്ച മട്ടിലാണ്. അത്തരം സെന്ററുകള്‍ സജീവമാക്കണം. പുതുതായി ഏതൊക്കെ സെന്ററുകള്‍ അനിവാര്യമാണെന്ന് കണ്ടെത്തി അതൊക്കെ ആരംഭിക്കാനാണ് പദ്ധതി,” അവര്‍ പറഞ്ഞു. ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് എല്ലാം മാറ്റേണ്ടതും അനിവാര്യമാണെന്നും എല്ലാ ഫയലുകളും ഓണ്‍ലൈനിലേക്ക് മാറ്റണമെന്നും അതാണ് നല്ലതെന്നും ലത കൂട്ടിച്ചേര്‍ത്തു.
അഭിമാനമല്ല കര്‍ത്തവ്യമാണ്
ആദ്യ വനിതാ വിസി എന്ന അഭിമാനത്തേക്കാള്‍ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാണ് ലതയ്ക്ക് താല്‍പ്പര്യം. എല്ലാവരുമായി മികച്ച സഹകരണം പുലര്‍ത്തി മുന്നോട്ടുപോകാനാണ് അവര്‍ക്ക് ആഗ്രഹം. എല്ലാവരുടെയും ഇടയില്‍ വിശ്വാസം ഉണ്ടാക്കിയെടുക്കണം. അംഗീകാരം നല്കേണ്ടവര്ക്ക് അത് നല്‍കണമെന്നും. എല്ലാവരും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാവാണമെന്നുമാണ് വിസിയുടെ അഭ്യര്‍ത്ഥന.
സര്‍വ്വകലാശാലകളിലെ പ്രശ്നങ്ങള്‍
കുസാറ്റിലടക്കം എല്ലാ സര്‍വ്വകലാശാലകളിലും പ്രശ്നങ്ങളുണ്ടെന്ന പക്ഷക്കാരിയാണ് ലത. എന്താണ് നടപ്പാക്കേണ്ടത് എന്നതു സബന്ധിച്ച് സര്‍വ്വകലാശാലകളുടെ ദിശാബോധം മാറിപ്പോയെന്ന് അവര്‍ തുറന്നു പറയുന്നു. പരീക്ഷകള്‍ നടത്താനുള്ള സ്ഥാപനങ്ങളായി സര്‍വ്വകലാശാലകള്‍ മാറിയെന്നും കേരളത്തിലെ ഒരു സര്‍വ്വകലാശാലകളും നമ്മള് ആഗ്രഹിക്കുന്ന നിലയിലേക്ക് എത്തുന്നില്ലെന്നും ലത അഭിപ്രായപ്പെടുന്നു. മികച്ച നിലയിലേക്ക് അവയെ എത്തിക്കുകയാണ് വേണ്ടത്, ആ നിലയ്ക്ക് എന്തു ചെയ്യാമെന്നുമാണ് ലത ചിന്തിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മികച്ച പദ്ധതികള്‍
സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്ന പദ്ധതികള്‍ നടപ്പാക്കുമെന്ന് വിസി ഉറപ്പു നല്കുന്നു. എല്ലാവര്ക്കും കഴിവുണ്ട്, അത് വളര്‍ത്തിയെടുത്താല്‍ മതി. അതാണ് സര്‍വ്വകലാശാലകള്‍ ചെയ്യേണ്ടതെന്നും ഡോ.ലത പറയുന്നു.
കുടുംബം
ചേര്‍ത്തല സ്വദേശിയായ ലത തിരുവനന്തപുരത്താണ് താമസം. ഇറിഗേഷന്‍ വകുപ്പ് റിട്ടയേര്‍ഡ് സൂപ്രണ്ടിങ് എന്‍ജിനിയറും മക്കാസറി എന്‍വയോണ്‍മെന്റല്‍ സൊല്യൂഷന്‍സ് ഇന്ത്യ ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റുമായ ജി. അനില്‍കുമാറാണ് ഭര്‍ത്താവ്. എന്‍ജിനിയര്‍മാരായ പാര്‍വതി നായര്‍, ഗോപീകൃഷ്ണന് എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: