ധാക്കാ: ബാംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി പാര്‍ട്ടി നേതാവ് മോത്തിയൂര്‍ റഹ്മാന് നിസാമി (71)ന് വധശിക്ഷ. 1971ല്‍ പാകിസ്ഥാനെതിരെയുള്ള ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരയുദ്ധത്തിനിടെ നടത്തിയ കുറ്റകൃത്യങ്ങള്‍ക്കാണ് ബംഗ്ലാദേശ് കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചത്.
വംശഹത്യ, കൊലപാതകം, പീഡനം, മാനഭംഗം തുടങ്ങിയ 16 കുറ്റങ്ങളാണ് നിസാമിക്കെതിരെ ചുമത്തിയിരിക്കുന്നത്. യുദ്ധത്തിനിടെ നിസാമി നേതൃത്വം നല്കിയ അല്‍ ബാദര്‍ എന്ന നാട്ടുപ്പട പാകിസ്താന് സൈന്യത്തോടൊപ്പം ചേര്‍ന്ന് ബംഗ്ലാദേശ് സ്വയന്ത്രസമര പോരാളികളെ കൊലപ്പെടുത്തിയെന്ന് ധാക്കയിലെ യുദ്ധകുറ്റങ്ങള് കൈകാര്യം ചെയ്യുന്ന ട്രൈബ്യൂണല്‍ വിധിച്ചു.
കലാപത്തിനിടെ നിരവധി ഉയര്‍ന്ന പ്രൊഫസര്‍മാരെയും, എഴുത്തുകാരെയും, ഡോക്ടര്‍മാരെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഇതൊരു ചരിത്ര വിധിയാണെന്ന് അഭിഭാഷകനായ ഹൈദര്‍ അലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അല്‍ ബദര്‍ തീവ്രവാദ സംഘടനയുടെ തലവനായിരുന്നു നിസാമിയെന്നും അയാള്‍ നിരവധി നീചമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അലി വ്യക്തമാക്കി. ഇസ്ലാമിത മതപണ്ഡിതനാണ് ഇയാളെന്ന് കോടതി നിരീക്ഷിച്ചെങ്കിലും നിസാമി ഖുറാനെ തെറ്റായി വ്യാഖ്യാനിച്ചതായും കോടതി ചൂണ്ടിക്കാട്ടി.
കോടതിവിധി പരിഗണിച്ച് ധാക്കയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കൂടുതല്‍ പോലീസിനെയും അതിര്‍ത്തി സേനയേയും തലസ്ഥാനത്തും മറ്റ് പ്രധാന പട്ടണങ്ങളിലും വിന്യസിച്ചിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യാഗസ്ഥര്‍ പറഞ്ഞു. വിധിക്കെതിരെ ജമാഅത്തെ ഇസ്ലാമി പാര്‍ട്ടി മൂന്നു ദിവസത്തെ ദേശീയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
2010ല്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയാണ് യുദ്ധകുറ്റങ്ങള് കൈകാര്യം ചെയ്യുന്ന ട്രൈബ്യൂണല്‍ സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: