വിര്‍ജീനിയ: വിക്ഷേപണത്തിനിടെ നാസയുടെ ആളില്ലാ റോക്കറ്റ് പൊട്ടിത്തെറിച്ചു. ബഹിരാകാശത്തേക്ക് നാസ വിക്ഷേപിച്ച ആന്റാറസ് റോക്കറ്റാണ് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിച്ചത്. നാസയുടെ വെര്‍ജീനിയയിലെ വാല്ലപ്സ് വിക്ഷേപണകേന്ദ്രത്തില്‍ നിന്നായിരുന്നു ആന്ററസ് റോക്കറ്റിന്റെ വിക്ഷേപണം.
ജ്വലനത്തിന് ശേഷം ആകാശത്തെത്തിയ റോക്കന്റ് ആറാമത്തെ സെക്കന്റില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തിനുള്ള കാരണം ഇതുവരെ വ്യക്തമല്ലെന്ന് നാസ മിഷന് കമന്റേറ്റര്‍ ഡാന്‍ ഹുവാട്ട് പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിതരണം ചെയ്യാനുള്ള സാധനങ്ങളുമായി പറന്നുയര്‍ന്നതായിരുന്നു റോക്കറ്റ്.
5,055 പൗണ്ട് ഭാരമുള്ള ശാസ്ത്ര പരീക്ഷണങ്ങള്‍ക്കുള്ള ഉപകരണങ്ങളും മറ്റ് സാധനസാമഗ്രികളുമായി ചൊവ്വാഴ്ച വൈകുന്നേരം 6.22 നാണ് റോക്കറ്റ് പറന്നുയര്‍ന്നത്. കൗണ്ട് ഡൗണ്‍ സമയത്ത് യാതൊരു പ്രശ്നവും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. റോക്കറ്റ് ആകാശത്തേക്കുയര്ന്നയുടനെ പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: