ന്യൂദല്‍ഹി: കൂടുതല്‍ വിദേശമൂലധനം ഭാരതത്തില്‍ എത്തിക്കാനും അങ്ങനെ അടിസ്ഥാന മേഖലയ്ക്ക് കുതിപ്പു പകരാനുമുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതിക്ക് ജപ്പാനില്‍ നിന്ന് വന്‍പിന്തുണ. ജപ്പാനിലെ ടെലികോം ഇന്റര്‍നെറ്റ് ഭീമനായ സോഫ്റ്റ് ബാങ്ക് ഭാരതത്തില്‍ അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ 60,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് തയ്യാറായിട്ടുള്ളത്.വാര്‍ത്താവിനിമയ രംഗത്ത്, പ്രത്യേകിച്ച് മൊഹൈല്‍ രംഗത്താകും ഇവര്‍ മുതല്‍മുടക്കുക.
ഭാരതത്തിലെത്തിയ സോഫ്റ്റ്ബാങ്ക് കോര്പ്പറേഷന് സിഇഒ മസായൊഷി സണ്‍ നിരവധി വ്യവസായികളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
കൂടിക്കാഴ്ചയില്‍ ഭാരതത്തില്‍ നിക്ഷേപം നടത്തുവാനുള്ള താത്പര്യം മസായൊഷി സണ്‍ പ്രകടിപ്പിച്ചതായി വാര്‍ത്താ വിതരണ ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ് പത്രക്കുറിപ്പില്‍ അറിയിച്ചു.
നിക്ഷേപത്തിനായി ഭാരതത്തിന് ഉയര്‍ന്ന മുന്‍ഗണനയാണ് സണ്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ദേശവ്യാപകമായി പെട്ടെന്ന് തന്നെ 4ജി സര്‍വ്വീസ് വ്യാപിപ്പിക്കണമെന്നും സണ്‍ നിര്‍ദ്ദേശിച്ചു. മൊബൈല്‍ ടെക്നോളജി മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഇനി ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിക്ഷേപത്തിലൂടെ ഭാരതത്തില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനാണ് സോഫ്റ്റ് ബാങ്കിന്റെ ശ്രമം.
ഇവര്‍ ദല്‍ഹി ആസ്ഥാനമായ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ സ്നാപ്ഡീലില് 3,762 കോടി രൂപയുടെ നിക്ഷേപവും നടത്തും. ഭാരതത്തിലെ ഇ – കൊമേഴ്സ് കമ്പനിയില്‍ ഏക നിക്ഷേപകന് മുടക്കുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. മറ്റ് നിക്ഷേപകരും തുക മുടക്കിയിട്ടുണ്ട്. എന്നാല്‍ ഈ തുകയെത്രയെന്ന് സ്നാപ്ഡീല്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
സോഫ്റ്റ് ബാങ്ക് ഭാരതത്തിലെ പ്രമുഖ ടെലികോം കമ്പനിയായ ഭാരതിയുമായി സംയുക്ത സംരംഭത്തിന് തയ്യാറായിട്ടുണ്ട്. ബാംഗ്ലൂര്‍ ആസ്ഥാനമായ മൊബൈല്‍ പരസ്യ നെറ്റ് വര്‍ക്ക് മൊബിയില് നിക്ഷേപംനടത്തും. സോഫ്റ്റ് ബാങ്കിന്റെ നിക്ഷേപ പ്രഖ്യാപനം ഈ മേഖലയില്‍ വന്ഉണര്വാണ് ഉണ്ടാക്കിയിരിക്കുന്നത്.
രണ്ടായിരത്തില്‍ ചൈനീസ് ഓണ്‍ലൈന്‍ ഭീമന് ആലിബാബയില്‍ ജപ്പാനിലെ വ്യവസായ ഭീമനായ സണ്‍ 20 മില്യണ്‍ നിക്ഷേപം നടത്തിയിരുന്നു. 57 കാരനായ സണ്‍ ജപ്പാനിലെ ഏറ്റവും വലിയ കോടീശ്വരനാണ്.
ഭാരതത്തില്‍ മൂലധന നിക്ഷേപത്തിന് ജപ്പാന് സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടുത്തെ വ്യവസായികളെ ക്ഷണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: