സതീഷ് സ്ഥലത്തു ഇല്ലാത്തപ്പോഴൊക്കെ അവളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ കുളിര്‍മയേകാനും എത്തിച്ചേരാറുള്ള ഒരു വര്‍ണക്കിളിക്ക് വേണ്ടിയായിരുന്നു ധനുഷ്ലത കാത്തിരുന്നത്.
രാജമല്ലിച്ചെടികള്ക്കിടയിലായിരിക്കും വര്‍ണക്കിളി ആദ്യം പ്രത്യക്ഷപ്പെടാറുള്ളത്. ശത്രുക്കളുടെ ക്രൗര്യത്തെ ഭയപ്പെടുന്നതുപോലെ തലങ്ങും വിലങ്ങും ഒളിഞ്ഞുനോക്കി ആരുമില്ലെന്ന് ബോധ്യപ്പെടുമ്പോള്‍ ഈണത്തില്‍ അവളെ വിളിക്കും.
അടുക്കളയിലോ, മറ്റേതെങ്കിലും തിരക്കിലോ ആണെങ്കില്‍പ്പോലും ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ആ ശബ്ദം അവള് തിരിച്ചറിഞ്ഞിരിക്കും. പിന്നെ മലര്‍ക്കെ തുറന്നിട്ട ചില്ലുപാകിയ ജനാലയ്ക്കുള്ളിലൂടെ മുറിയിലെത്തുന്നു.
നിറഞ്ഞ ആത്മഹര്ഷത്തോടെ അവള് കൊഞ്ചി പറയും. വര്‍ണക്കിളി, നീ എന്തേ വൈകിയത്? ഞാന്‍ എത്ര നേരമായെന്നോ നിന്നെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്? നിനക്ക് എന്നോട് സ്നേഹമില്ലേ? ഇഷ്ടമില്ലേ?
ധനുഷ്ലതയുടെ പായാരങ്ങള്‍ക്ക് ചില ചിലമ്പലുകളിലൂടെ വര്‍ണക്കിളി നിഷേധക്കുറിപ്പ് ഇറക്കി മുറിയിലാകെ പറന്നു നടക്കും. പിന്നെ അവര്‍ നല്കുന്ന ചാമയരി തിന്ന് സംതൃപ്തിയോടെ മടങ്ങുമ്പോള്‍ ധനുഷ്ലതയ്ക്ക് വിലപിടിച്ചതെന്തോ കൈമോശം വന്ന ഒരാളിന്റെ മാനസികാവസ്ഥ ഉണ്ടാകുന്നു. അവള് വിചാരിക്കും വ്യര്ത്ഥമോഹമാണെന്നറിഞ്ഞു കൊണ്ടുതന്നെ. ഒരു പക്ഷി ജന്മത്തെക്കുറിച്ചു.
അനന്തവിഹായസിലൂടെ, സ്വാതന്ത്ര്യത്തിന്റെ രഥചക്രങ്ങളുരുട്ടി…. അങ്ങനെ…അങ്ങനെ….
നേര്‍ത്ത ഇരുട്ടിന്റെ ചീളുകള്‍ ജനാലവഴി പാറി വീണു. മൂടിക്കെട്ടിയ ആകാശം മുഖം കറുപ്പിച്ചു. തണുപ്പ് അരിച്ചുകയറി. പുറകെ മഴയുടെ ആരവം ആരവത്തിനിടയില്‍ കാറിന്റെ മുഴക്കം കേട്ട് അവള് ഓടിയെത്തി ആഹ്ലാദത്തോടെ ഗേറ്റ് തുറന്നു. സതീഷ് ആയിരിക്കും എന്ന ചിന്തയായിരുന്നു അവള്‍ക്ക്. പക്ഷേ അവളെ നാണിപ്പിച്ചു കൊണ്ടു പുറത്തിറങ്ങിയത് രാജേഷ് മേനോന് ആയിരുന്നു.
‘ലതേ സതീഷ് വന്നോ’ അയാള്‍ ചോദിച്ചു.
അവള് ഉദാസീന ഭാവത്തില്‍ നിഷേധത്തോടെ തലയാട്ടി.
”അപ്പോള്‍ ശ്രീമതി ഒറ്റയ്ക്കിരുന്നു ബോറടിക്കുന്നുണ്ടാവും ഇല്ലേ?”
അവള് അതിനുത്തരം പറഞ്ഞില്ല. അവളെ ആശ്വസിപ്പിക്കാനായി രാജേഷ് മേനോന് പറഞ്ഞു.”ഓഫീസ് ടൂറല്ലേ? ഒഴിവാക്കാനാവില്ലല്ലോ? വൈകാതെ എത്തും.”
മുന്നിലെ ടീപ്പോയില്‍ ചിതറിക്കിടക്കുന്ന ചെസ് ബോര്‍ഡിന്റെ കരുക്കള്‍ അയാള്‍ സ്വയം നിരത്തി. പിന്നെ അവളെ നോക്കി ”ഒറ്റയ്ക്കിരിക്കുന്നതും ഒരുതരത്തില്‍ സുഖമാണ്…”
”സുഖം തന്നെ” പരിഹാസത്തോടെ അവള് പറഞ്ഞു. അവളുടെ വാക്കുകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്ന് രാജേഷിന് മനസ്സിലായോ? എന്തോ?
അയാള്‍ കരുക്കള്‍ ചലിപ്പിച്ചുകൊണ്ടു പറഞ്ഞു ”ഒരു കൈ നോക്കാം..”
അയാളെ വെറുപ്പിക്കാതിരിക്കാന്‍ അവള് ചെസ് ബോര്‍ഡിനു മുന്നിലിരുന്നു. അവള് ശ്രദ്ധയോടെ കരുക്കള്‍നീക്കി. ആദ്യതവണ തോറ്റത് അയാളായിരുന്നു.
അവളുടെ സാമര്‍ത്ഥ്യത്തെ പുകഴ്ത്തി അയാള്‍ എഴുന്നേറ്റു. ”ഇനി ഒരിക്കലാകാം.” കാറിന്റെ ശബ്ദം അകന്നുപോയി.
നേരം പുലരുന്നതേയുള്ളൂ. ധനുഷ്ലത വര്ണക്കിളിക്കുവേണ്ടി കാത്തിരുന്നു. പെട്ടെന്ന് മഴ വീണു തുടങ്ങി. അവള്‍ക്ക് ദുഃഖം തോന്നി. ഈ ശക്തമായ മഴയില്‍ നനഞ്ഞൊലിച്ച് വര്‍ണക്കിളി എത്തിച്ചേരുമ്പോള്‍ തുഷാരബിന്ദുക്കള്‍ പോലെ ചിറകുകളില്‍ മഴത്തുള്ളികള്‍. പിന്നെ ചിറക് വിടര്‍ത്തി കുടയുമ്പോള്‍ വെള്ളം ചിതറിത്തെറിക്കുന്നു. കൊക്കുകള്‍ കൊണ്ട് ചിറകുകള് മിനുക്കിയുള്ള ഒളിഞ്ഞുനോട്ടം. അവള്‍ക്ക് ചിരി വരും. ചിരി അടക്കി അവള് സൂക്ഷിക്കും. ശബ്ദം കേട്ട് കിളി പറയുന്നുപോയാലോ… വേണ്ട. എത്രയോ നേരമായി കാത്തിരുന്നതാണ് ഈ വരവിനുവേണ്ടി. അവസാനം കിളിയുടെ ചിറകടി ശബ്ദം അവളുടെ കാതുകളഇല് ഒരു സംഗീതമായി ഒഴുകി എത്തി. ധനുഷ്ലത രോമാഞ്ചം കൊണ്ടു. അവളുടെ തോളിയും കൈത്തണ്ടയിലും പിടിച്ചുകയറി വര്‍ണക്കിളി ചിറകടിച്ചു. ചിറകുകളില്‍ മഴനാരുകളുടെ ചീറ്റുകള്‍ തെറിച്ചു മുഖത്തു വീണു. ധനുഷ്ലത കുളിരണിഞ്ഞു. വര്‍ണക്കിളിയെ മടിയിലിരുത്തി അവള് പയ്യാരങ്ങള്‍ പറഞ്ഞു. വര്‍ണക്കിളി കൊത്തിപ്പെറുക്കിയ തിനയുടെ തോലുകള്‍ മുറിയില്‍ ചിതറിക്കിടന്നു.
സതീഷ് ആഴ്ചകളായി ടൂറിലായിരുന്നു. അയാള്‍ എന്നും മടങ്ങി എത്തുമ്പോള്‍ അവള്‍ക്കുവേണ്ടി കൗതുകവസ്തുക്കളും സാരികളും കൊണ്ടുവരാന്‍ മറക്കാറില്ല.
കൗതുകവസ്തുക്കള്‍! സാരികള്‍. അവള്‍ക്ക് ഇത്ര അധികം സാരികള്‍ എന്തിന്? ഉടുത്തുപോലും നോക്കാത്തവ എത്രയെണ്ണം. എന്തിന് ഉടുക്കണം? ആരെ കാണിക്കാന്‍? സതീഷിനൊപ്പം പുറത്തുപോയ നാളുകള്‍ മറന്നുകഴിഞ്ഞു. ഈ തിരക്കേറിയ നഗരത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു പെണ്‍കുട്ടിയുടെ ജന്മംപോലെത്തെ ജീവിതം.
അയാള്‍ സ്ഥലത്തുള്ളപ്പോഴും തിരക്ക് പിടിച്ച ദിവസങ്ങളായിരിക്കും. ഓഫീസ്. സുഹൃത്തുക്കള്‍. പിന്നെ അല്പം സ്മാള്‍…. സുഹൃത്ത് വലയങ്ങളുടെ പട്ടിക നീളുന്നു. അതിനിടയില്‍ ധനുഷ്ലതയുടെ സ്വപ്നങ്ങള്‍ വീണുടയുന്നു. സതീഷ് അതറിഞ്ഞില്ല. അറിയാന്‍ മിനക്കെട്ടുമില്ല. അവ വിചാരിച്ചു. ഭര്‍ത്തൃധര്‍മം എന്നൊന്നുണ്ടല്ലോ? സതീഷ് അതെത്രമാത്രം പാലിക്കും എന്നറിയട്ടെ. കെഞ്ചാന്‍ കഴിയില്ല, താഴാനും സ്ത്രീത്വം അപമാനിക്കപ്പെടാന്‍ അധികനിമിഷം വേണ്ട.
പെട്ടെന്ന് ഡോര്‍ തള്ളി തുറന്ന് രാജേഷ് മേനോന് വന്നത് അവള് അറിഞ്ഞില്ല. കൗതുകത്തോടെ അയാള്‍ അവളെത്തന്നെ ഏറെ നേരം നോക്കിനിന്നു. ഭയത്തോടെ വര്‍ണക്കിളി ഒച്ചവെച്ചപ്പോഴാണ് അവള് ഉണര്‍ന്നത്. രാജേഷിനെ പിടിച്ച് വര്‍ണക്കിളി ജനാലവഴി പുറത്തേയ്ക്ക് പായാന്‍ തുടങ്ങി. പെട്ടെന്നയാള്‍ അതിനെ പിടിച്ചുനിര്‍ത്തി രാജേഷിന്റെ കൈകളില്‍ കിടന്നു വര്‍ണക്കിളി പിടഞ്ഞു. അപ്പോഴാണ് അവള് അയാളെ കൂടുതല്‍ ശ്രദ്ധിച്ചത്. അയാളുടെ പാദങ്ങള്‍ നിലത്തുറയ്ക്കുന്നില്ല. അവള്‍ക്ക് ദ്വേഷ്യം വന്നു.
രാജേഷ് അതിനെ വിടൂ… ഉപദ്രവിക്കാതെ വികൃതമായ ഒരു ചിരി പാസ്സാക്കിയതല്ലാതെ അവളുടെ അഭ്യര്‍ത്ഥന അയാള്‍ ചെവിക്കൊണ്ടില്ല. അവള്‍ക്ക് കരയണമെന്നുണ്ടായിരുന്നു. പാവം വര്‍ണക്കിളി!
പെട്ടെന്ന് രാജേഷ് മേനോന് വര്‍ണക്കിളിയെ ഞെരിച്ചമര്‍ത്തി പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു, നേര്‍ത്ത തേങ്ങലോടെ വര്‍ണക്കിളി പുറത്തെ വരാന്തയില്‍ വീഴുന്ന ശബ്ദം ധനുഷ്ലത കേട്ടു.
അതിനുമുമ്പ് രാജേഷിന്റെ കണ്ണുകളിലെ ചുവപ്പും ലഹരിയുടെ ഗന്ധവും ധനുഷ്ലത തിരിച്ചറിഞ്ഞിരുന്നു.
പുറത്തെ മരച്ചില്ലകള്‍ കാറ്റില്‍ ആടിയുലഞ്ഞതും മഴ കോരിച്ചൊരിഞ്ഞതും രാജേഷിന്റെ കണ്ണുകളിലെ ചുമപ്പ് നീലയായി ജ്വലിച്ചതും അവള്‍ക്ക് കാണാന്‍ കഴിഞ്ഞു.
അവള് അന്ധാളിച്ചു നില്‍ക്കേ, മുറിയിലെ മയമുള്ള ഇരുട്ട് നീലയായി പടര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: