അടൂര്‍: വിഭാഗീയത രൂക്ഷമായ സിപിഎമ്മില്‍ സമ്മേളനങ്ങളിലും അത് പ്രതിഫലിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന അടൂര്‍ മൂന്നാളം ബ്രാഞ്ച് സമ്മേളനത്തിലാണ് തര്‍ക്കം കൂട്ടത്തല്ലില്‍ അവസാനിച്ചത്. ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്ന രാജേഷിനാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ഇ.കെ.നയനാരുടേയും വി.എസ്.അച്യുതാനന്ദന്റേയും പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന രാജേഷിനെ മറുവിഭാഗം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇയാളെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിഐടിയു നേതാവിന്റെ മരുമകനായ ശിവപ്രസാദിനെ ബ്രാഞ്ച് സെക്രട്ടറിയാക്കാനുള്ള നീക്കത്തെ ഒരു വിഭാഗം എതിര്‍ത്തതാണ് തര്‍ക്കത്തിന് കാരണമായത്. മറ്റൊരു ബ്രാഞ്ചിലെ അംഗമായിരുന്ന ഇയാളെ മൂന്നാളം ബ്രാഞ്ച് സെക്രട്ടറിയാക്കാനുള്ള നീക്കമാണ് മറുവിഭാഗം ചോദ്യം ചെയ്തത്. സമ്മേളന തീയതി പ്രഖ്യാപിച്ച ശേഷം അംഗത്വമുള്ള ബ്രാഞ്ചില്‍ നിന്നും മറ്റൊരിടത്തേക്ക് മാറ്റാന്‍ പാടില്ല എന്ന പാര്‍ട്ടി നയത്തിന്റെ ലംഘനമാണ് നടന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്വന്തം ബ്രാഞ്ചില്‍ നിന്നും ലോക്കല്‍ കമ്മിറ്റി നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും സമ്മേളനം പ്രതിനിധിപോലുമാകാന് ശിവപ്രസാദിന് കഴിഞ്ഞിരുന്നില്ലാ. പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാന്‍ പണിപ്പെടുന്നതിനിടയില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍തന്നെ പേരിന് മാത്രമായി ഒതുങ്ങുന്നതായും പാര്‍ട്ടിയംഗങ്ങള്‍തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: