ചങ്ങനാശേരി: സമുദായാചാര്യന്‍ മന്നത്തുപത്മനാഭന് അന്ത്യവിശ്രമം കൊള്ളുന്ന പെരുന്നയില്‍ ആയിരക്കണക്കിനു വനിതകള്‍ അണിനിരന്ന പ്രകടനം സമസ്ത നായര്‍ വനിതാ സമാജത്തിന്റെ ശക്തി വിളിച്ചറിയിച്ചു. ചട്ടമ്പിസ്വാമികളുടെയും മന്നത്തു പത്മനാഭന്റെയും ഛായാചിത്രം ആലേഖനം ചെയ്ത രഥത്തിനു പിന്നില്‍ അച്ചടക്കത്തോടെ നേതാക്കളും പ്രവര്‍ത്തകരും അണിനിരന്നു. നായര്‍ ഭൃത്യ ജനസംഘം രൂപീകരിച്ചപ്പോള്‍ കൊളുത്തിയ നിലവിളക്കിന്റെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ വര്‍ണ കൊടികള്‍ ഉയര്‍ത്തിയ വനിതകള്‍ നായര്‍ സമുദായത്തിനെതിരെയുള്ള സര്‍ക്കാരുകളുടെ അവഗണനയ്ക്കെതിരെ മുദ്രാവാക്യമുയര്‍ത്തി സമ്മേളന നഗരിയായ കമ്യൂണിറ്റി ഹാള്‍ ലക്ഷ്യമാക്കി നിങ്ങി. വിവിധ ജില്ലകളില്‍ നിന്നും അതാതു പ്രദേശത്തിന്റെ ബാനറുകള്‍ക്കു പിന്നില്‍ ഇരുവരികളിലായി നീങ്ങിയ വനിതകള്‍ കേരളീയ വേഷത്തില്‍ അണിനിരന്നത് നഗരത്തിന് വ്യത്യസ്ത കാഴ്ചയായി. കഴിഞ്ഞ ദിവസം സമ്മേളന വേദിയായ മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ വിട്ടുതരില്ലെന്ന ചെയര്‍പേഴ്സന്റെ നടപടി ഏറെ വിവാദം സൃഷ്ടിച്ചു. ഇതിനെത്തുടര്‍ന്ന് സംഘാടകര്‍ കോടതിയെ സമീപിച്ച് വിധി സമ്പാദിച്ചു. സംഘര്‍ഷ സാദ്ധ്യത ഉണ്ടാകാന്‍ ഇടയുണ്ടെന്ന നിഗമനത്തില്‍ നഗരത്തില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: