ആലപ്പുഴ: അകാരണമായി അപേക്ഷകളില്‍ നടപടി താമസിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന്. സേവനാവ കാശ നിയമം സര്‍ക്കാര്‍ പാസാക്കിയിട്ടും ജനങ്ങള്‍ക്ക് കൃത്യമായി സേവനം ലഭിക്കുന്നില്ലെന്ന് ഉത്തരവില്‍ പറയുന്നു. സേവനം ഒരിക്കലും ഔദാര്യമല്ല. ചെപ്ര സ്വദേശി എസ്. സഹദേവന് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. മകന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ തെറ്റായി രേഖപ്പെടുത്തിയ അച്ഛന്റെയും അമ്മയുടെയും പേര് തിരുത്താന്‍ താന്‍ നല്കിയ അപേക്ഷ കായംകുളം നഗരസഭാ അധികൃതര്‍ പരിഗണിച്ചില്ലെന്നാണ് പരാതി.
സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതു കാരണം മകന് ജോലി കിട്ടിയില്ലെന്നും പരാതിയില്‍ പറയുന്നു. വിവിധ കാരണങ്ങള്‍ പറഞ്ഞ് തന്റെ അപേക്ഷ അവഗണിച്ചതായും സഹദേവന് ആരോപിച്ചു. സഹദേവന്റെ പരാതിയെ കുറിച്ച് സര്‍ക്കാരിന്റെ മുനിസിപ്പല്‍ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തണമെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. കായംകുളം നഗരസഭയില്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തുന്നുവെന്ന ആരോപണവും അന്വേഷിക്കണമെന്ന് കമ്മീഷന് അംഗം ആര്. നടരാജന് ഉത്തരവില്‍ പറയുന്നു.
വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. പരാതിക്കാരന്റെ അപേക്ഷയിന്‍ മേല്‍ സര്‍ട്ടിഫിക്കേറ്റ് നല്കാന് അടിയന്തര നടപടി സ്വീകരിക്കണം. പരാതിക്കാരന്റെ അപേക്ഷയില്‍ ന്യൂനതയുണ്ടെങ്കില്‍ വിവരം രേഖാമൂലം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നതായി കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: