അടിമാലി: വ്യാജമായി നിര്‍മ്മിച്ച സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താന്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സമീപിച്ച ഓട്ടോ ഡ്രൈവറും സഹായിയും കുടുങ്ങി. വര്‍ഷങ്ങളായി ലൈസന്‍സില്ലാതെ ടൗണില്‍ ഓട്ടോറിക്ഷ ഓടിച്ചിരുന്ന കൂമ്പന്‍പാറ ചൂരവേലിത്തൊട്ടിയില് ഇബ്രാഹിം (50), ടൗണില്‍ സീല്‍ നിര്‍മാണ സ്ഥാപനം നടത്തുന്ന ഇരുന്നൂറേക്കര്‍ പ്ലാത്തറയില്‍ ബാബു (65) എന്നിവരാണു പോലീസ് പിടിയിലായത്. ഡ്രൈവിംഗ് ലൈസന്‍സ് സമ്പാദിക്കാനായി അഞ്ചാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഇബ്രാഹിം എട്ടാം ക്ലാസ് പാസായതായി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുകയായിരുന്നു. വര്‍ഷങ്ങളായി പഞ്ചായത്ത് ജംഗ്ഷനില്‍ ബാബൂസ് സീല്‍ നിര്‍മാണ സ്ഥാപനം നടത്തുന്ന ബാബുവാണ് വ്യാജസീലും മറ്റും തയാറാക്കി നല്‍കിയത്. സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് സംശയം തോന്നിയ പോലീസ് ഓഫീസര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ വൈരുദ്ധ്യം ഉണ്ടായതോടെ വെള്ളത്തൂവല്‍ ഗവ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകനുമായി ബന്ധപ്പെട്ടതോടെ ഇത്തരത്തില്‍ ഒരാള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നു തെളിയുകയായിരുന്നു. കഴിഞ്ഞ 21 നാണു മുദ്ര പത്രം വാങ്ങിയിട്ടുള്ളത്. രണ്ടു ദിവസം കൊണ്ട് തയാറാക്കിയ സര്‍ട്ടിഫിക്കറ്റ് കൂടുതല്‍ വിശ്വാസ്യത ഉറപ്പ് വരുത്താന്‍ പോലീസ് സ്റ്റേഷനില്‍ സാക്ഷ്യപ്പെടുത്താന്‍ തീരുമാനിച്ച അതിബുദ്ധിയാണ് വിനയായത്. സീല്‍ നിര്‍മ്മിച്ച ബാബുവിന് കോടതി ജാമ്യം അനുവദിച്ചു. ഇബ്രാഹിമിനെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: