ആലപ്പുഴ: മാവേലിക്കരയിലെ ജില്ലാ കൃഷിത്തോട്ടത്തിലെ അഞ്ചേക്കറിലേറെ ഭൂമി സര്‍ക്കാര്‍ അനുമതിയില്ലാതെ വിഎഫ്പിസികെയ്ക്ക് പാട്ടത്തിന് നല്കാന് കരാര്‍ ഒപ്പുവച്ച ജില്ലാ പഞ്ചായത്ത് ഒടുവില്‍ നാടകീയമായി പിന്‍വാങ്ങി. ജില്ലാ പഞ്ചായത്ത് നടപടി തുടക്കംമുതല്‍ വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ മലക്കം മറിഞ്ഞത്.
ജില്ലാപഞ്ചായത്ത് യോഗത്തിലാണ് കരാറില്‍ നിന്നും പിന്മാറുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി അറിയിച്ചത്. കരാര്‍ നല്‍കിയതിലെ അഴിമതി ചൂണ്ടിക്കാട്ടി തഴക്കര പഞ്ചായത്തിന്റെ നേതൃത്വത്തിലും ജില്ലാ പഞ്ചായത്തില്‍ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലും പ്രതിഷേധം നടത്തിയെങ്കിലും യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലപാടാണ് പ്രസിഡന്റ് സ്വീകരിച്ചിരുന്നത്. കരാറില്‍ നിന്നും പിന്‍വാങ്ങാന്‍ ജില്ലാപഞ്ചായത്ത് തീരുമാനിച്ചത് ഹൈക്കോടതി നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണെന്നാണ് വിവരം.
ഡിസിസി വൈസ് പ്രസിഡന്റും തഴക്കര പഞ്ചായത്ത് പ്രസിഡന്റുമായ കോശി എം.കോശി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്നായിരുന്നു പ്രസിഡന്റിന്റെ പിന്മാറ്റം. ഹൈടെക്ക് വിത്തുത്പ്പാദന കേന്ദ്രം തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ സ്ഥലം വിട്ടുകൊടുക്കാന്‍ ജില്ലാ പഞ്ചായത്തിന് അനുമതിയില്ലെന്ന് കാട്ടിയായിരുന്നു കോശി എം കോശി ഹൈക്കോടതിയെ സമീപിച്ചത്. കരാറില്‍ നിന്നും പിന്മാറിയതുകൊണ്ട് കാര്യമില്ലെന്നും അവിടെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും മറ്റും സര്‍ക്കാരിനുണ്ടായ നഷ്ടം ഈടാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെനന്നും കോശി എം.കോശി പറഞ്ഞു.
മാവേലിക്കരയിലെ ജില്ലാ കൃഷിത്തോട്ടത്തിലെ അഞ്ചേക്കറിലേറെ ഭൂമി സര്‍ക്കാര്‍ അനുമതിയില്ലാതെ വിഎഫ്പിസികെയ്ക്ക് കൈമാറി കരാര്‍ ഒപ്പുവെച്ചത് പിന്‍വലിക്കുന്നുവെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസ്താവന പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണങ്ങളെ ശരിവച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ജോണ്‍തോമസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.പി. ശ്രീകുമാര്‍ എന്നിവര്‍ പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പരസ്യമായി മാപ്പു പറയുവാനും സ്ഥാനം രാജിവച്ച് ജനാധിപത്യത്തോട് നീതിപുലര്‍ത്തുവാനും തയാറാകണം. സിപിഎം നേതൃത്വത്തിന് ജനാധിപത്യബോധവും ധാര്‍മ്മികതയും അവശേഷിക്കുന്നുവെങ്കില്‍, ജന്‍ഡര്‍പാര്‍ക്ക്-ജില്ലാ കൃഷിത്തോട്ടം തുടങ്ങിയ പദ്ധതികളിലൂടെ നിയമവിരുദ്ധ കരാറുകളിലേര്‍പ്പെട്ട് ജില്ലയിലെ അഴിമതിയുടെ കേന്ദ്രബിന്ദുവായി ജില്ലാ പഞ്ചായത്ത് ഓഫീസിനെ മാറ്റിയ പ്രസിഡന്റിനെതിരെ നടപടി സ്വീകരിക്കുവാന്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: