വെള്ളൂര്‍: ശ്രീവാമനസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ പഞ്ചായത്ത് വക മീന്‍ ചന്ത നിര്‍മ്മാണം വിവാദമാകുന്നു. ക്ഷേത്രഭരണസമിതിയും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. പഞ്ചായത്തില്‍ ഇപ്പോള്‍ മാര്ക്കറ്റില്ലാത്തതുകൊണ്ട് മത്സ്യവില്പന നടക്കുന്നത് റയില്‍വേയുടെ സ്ഥലത്താണ്. റയില്‍വേ സ്ഥലത്തുളള കച്ചവടം അവസാനിപ്പിക്കുവാന്‍ റയില്‍വേ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതോടെ മത്സ്യക്കച്ചവടക്കാര്‍ക്ക് വില്പന നടത്തുന്നതിന് സ്ഥലമില്ലാതായി. ഇതോടെയാണ് 2014-15 ലെ പദ്ധതിയില്‍പെടുത്തി ക്ഷേത്രനടയില്‍ മത്സ്യമാര്‍ക്കറ്റ് നിര്‍മ്മിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. നേരത്തെ റെയില്‍വേ സ്ഥലം പഞ്ചായത്തിന് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിക്കാന്‍ പാട്ടത്തിന് നല്കുവാന് തയ്യാറാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചിരുന്നതാണ്. എന്നാല്‍ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥമൂലം അത് നടന്നില്ല. ക്ഷേത്രത്തിലേക്കുള്ള പ്രധാനവഴി പടിഞ്ഞാറെ നടവഴിയാണ്. ആറാട്ടുകടവും പടിഞ്ഞാറേനടയില്‍ ആണ്. ഭക്തജനങ്ങള്‍ ക്ഷേത്രത്തിലേക്ക് വരുന്ന വഴിയുടെ സൈഡില്‍ മീന്ചന്തവരുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഇതോടെ 25 ന് ചേരുന്ന പഞ്ചായത്ത് കമ്മറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്യുവാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: