ആലപ്പുഴ: കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലം മുതല്‍ കുടുംബശ്രീയില്‍ നടന്നിട്ടുളള സാമ്പത്തിക അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കുന്നതിന് ഉത്തരവിട്ടതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചെന്ന് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍. ജില്ലയില്‍ ഒമ്പത് സിഡിഎസുകളില്‍ നടന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തന്നെ വലിയ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി വിവരം പുറത്ത് വന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭരണിക്കാവില്‍ പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും സിഡിഎസിലെ 13 അയല്‍ക്കൂട്ടങ്ങള്‍ക്കായി രണ്ടു ശതമാനം പലിശനിരക്കില്‍ നല്കിയ 25 ലക്ഷം രൂപ എസ്ബിഐ ബ്രാഞ്ചില്‍ നിക്ഷേപിച്ചു.
പിന്നീട് 25 ലക്ഷം പണമായി പിന്‍വലിച്ച് സര്‍വ്വീസ് സഹകരണ ബാങ്കില്‍ 23 ലക്ഷം നിക്ഷേപിക്കുകയും രണ്ടു ലക്ഷം കൈവശം വയ്ക്കുകയും ചെയ്തുവെന്നതും സിഡിഎസ് ചെയര്‍പേഴ്സണ്‍ പുഷ്പമ്മ ബോസിന്റെ സ്വന്തം പേരില്‍ മൂന്നു ലക്ഷം രൂപ ചെക്ക് എഴുതി തുക പിന്‍വലിച്ചതും കണ്ടെത്തിയിരുന്നു. എന്നാല്‍ ബന്ധപ്പെട്ട വിവരങ്ങള്‍ അക്കൗണ്ടിലും കാഷ് രജിസ്റ്ററിലും രേഖപ്പെടുത്തിയിട്ടില്ല. ഇക്കാര്യം മന്ത്രിക്ക് നല്കിയ പരാതിയില്‍ സൂചിപ്പിച്ചിരുന്നു.
മാന്നാറില്‍ ന്യൂട്രിമിക്സ് യൂണിറ്റ് പരിശീലനത്തിനായി സിഡിഎസ് അക്കൗണ്ടില്‍ നിന്നും താത്ക്കാലികമായി യൂണിറ്റിന് നല്കിയ 50,000 രൂപ ന്യൂട്രിമക്സ് യൂണിറ്റ് തിരികെ നല്‍കിയെങ്കിലും അക്കൗണ്ടില്‍ വരവ് വയ്ക്കാതെ സിഡിഎസ് ചെയര്‍പേഴ്സണ്‍ പണാപഹരണം നടത്തിയതും തെളിവ് സഹിതം കോണ്‍ഗ്രസ് പരാതിയില്‍ പറഞ്ഞിരുന്നു. പുറക്കാട് നടത്തിയ തട്ടിപ്പും വള്ളികുന്നത്ത് 44 ലക്ഷം അപഹരിച്ചതും കൃഷ്ണപുരം, കുത്തിയതോട്, തുറവൂര്‍, മാരാരിക്കുളം തെക്ക്, മുതുകുളം എന്നിവിടങ്ങളില്‍ സിഡിഎസ് ചെയര്പേഴ്സണ്മാര് നടത്തിയ സാമ്പത്തിക തട്ടിപ്പുകളും ഭവനശ്രീ വായ്പയുമായി ബന്ധപ്പെട്ട തട്ടിപ്പുമെല്ലാം കോണ്‍ഗ്രസ് നല്കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: