ലക്ഷ്മിയുടെ കഥയാണിത്. ഒന്നാം വയസ്സില്‍ വിവാഹിതയായ കുട്ടിവധുവിന്റെ കഥ. ജയ്പൂരില്‍ സിബിഎസ്ഇ പാഠ്യപദ്ധതിയില്‍ ഇപ്പോള്‍ ഇവളെക്കുറിച്ചാണ് പഠിക്കാനുള്ളത്. മനുഷ്യാവകാശങ്ങളും ലിംഗപഠനങ്ങളും ഉള്‍പ്പെടുന്ന വിഷയം. പതിനൊന്ന് -പന്ത്രണ്ടാം കാസ്ലിലെ കുട്ടികളാണ് ലക്ഷ്മിയുടെ ജീവിതത്തിലെ നല്ല പാഠങ്ങള്‍ പഠിക്കുന്നത്.
ലക്ഷ്മിയുടെ കഥ എന്താണെന്നറിയേണ്ടേ? സംഭവ ബഹുലമാണ് ആ കഥ. ജയ്പൂരിലെ ജോദ്പൂര്‍ ജില്ലയില്‍ ലുനി ഗ്രാമവാസിയാണ് ലക്ഷ്മി. അവളെ 20 വര്‍ഷത്തിനുമുമ്പ്, കൃത്യമായി പറഞ്ഞാല്‍ ഒരു വയസ്സുള്ളപ്പോള്‍ മൂന്ന് വയസ്സുകാരനായ രാകേഷ് വിവാഹം ചെയ്തു. സത്ലാന ഗ്രാമത്തിലുള്ളതാണ് രാകേഷ്.
16-ാം വയസ്സില്‍ വിവാഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവതിയായതോടെ അന്ന് നടന്ന ഈ സംഭവം ലക്ഷ്മിയില്‍ വലിയ ആഘാതമേല്‍പ്പിച്ചു. അവള് അതുവരെയും കരുതിയിരുന്നത് താന്‍ അവിവാഹിതയായിരുന്നുവെന്നാണ്. അതിനിടെ ഭര്‍ത്താവിനെക്കുറിച്ചും ഭര്തൃവീട്ടുകാരെക്കുറിച്ചും ചില മോശം കാര്യങ്ങളും ലക്ഷ്മി അറിഞ്ഞു.
നിരക്ഷരരായ ലക്ഷ്മിയും അവളുടെ സഹോദരനും അക്ഷയതൃതീയ ദിനത്തില്‍ നടക്കുന്ന ‘ഗൗണ’ എന്ന ഈ ആചാര രീതിയെ ശക്തമായി എതിര്‍ത്തു. ശൈശവവിവാഹത്തിലേര്‍പ്പെട്ട വധുവിനെ ഭര്‍തൃവീട്ടുകാരോടൊപ്പം പറഞ്ഞയക്കുന്ന രീതിയാണ് ഗൗണ. ഈ സമയത്താണ് ലക്ഷ്മിയും സഹോദരനും ടെലിവിഷനില്‍ ഒരു അഭിമുഖം കാണാനിടയായത്. മനഃശാസ്ത്രജ്ഞയും സാരഥി ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയുമായ കൃതി ഭാരതിയുടെ അഭിമുഖമായിരുന്നു അത്. ശൈശവ വിവാഹം എന്ന സാമൂഹ്യവിപത്തായിരുന്നു വിഷയം. ലക്ഷ്മി ഉടന്‍ അവരുടെ സഹായം തേടി. തനിക്ക് ഈ വിവാഹത്തില്‍ അസന്തുഷ്ടിയാണെന്നും മാതാപിതാക്കള്‍ തന്റെ വാദം അംഗീകരിക്കുന്നില്ലെന്നും തനിക്ക് സഹായം നല്‍കണമെന്നും അവള് ഭാരതിയെ അറിയിച്ചു.
നിയമ നടപടികളും കൗണ്‍സലിംഗും കൊണ്ട് ‘ഗൗണ’ നടപ്പാക്കുന്നത് വൈകിപ്പിക്കുകയോ റദ്ദാക്കുകയോ വേണമെന്നാണ് ഭാരതി ഉപദേശിച്ചത്. എന്നാല്‍ ലക്ഷ്മി തൃപ്തയായില്ല. ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട ലക്ഷ്മിക്ക് ശൈശവ വിവാഹം റദ്ദ് ചെയ്യുന്നതിന് നിയമസഹായം നല്കി.
ഭര്‍ത്താവ് രാകേഷ് വിവാഹം റദ്ദാക്കാന്‍ സമ്മതിച്ചതിനെത്തുടര്‍ന്ന് ഒരു നോട്ടറി ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തില്‍ ലക്ഷ്മിയും രാകേഷും സത്യവാങ്മൂലത്തില്‍ ഒപ്പുവെച്ചു. ഇതോടെ വിവാഹം അസാധുവാണെന്ന് പ്രഖ്യാപിച്ചു. ശൈശവവിവാഹം അസാധുവാക്കിയ ദമ്പതികള്‍ക്കുള്ള ആദ്യത്തെ ഉദാഹരണമാണ് ഇതെന്ന് ഭാരതി പറഞ്ഞു. രാകേഷ് ആദ്യം വിവാഹത്തിലുറച്ചു നില്‍ക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ ഭാരതി കൗണ്‍സലിംഗിലൂടെ തീരുമാനം മാറ്റിയെടുക്കുകയായിരുന്നു. അങ്ങനെ 2012- ല്‍ ഒരു എന്‍ജിഒയുടെ സഹായത്തോടെ ലക്ഷ്മിയുടെ ശൈശവവിവാഹത്തെ നിയമപരമായി അസാധുവാക്കി.
പിന്നീട് 2013 ജനുവരി 31 ന് ലക്ഷ്മി അവളുടെ ആഗ്രഹപ്രകാരം മഹേന്ദ്ര സര്‍ഗാര എന്ന യുവാവിനെ വിവാഹം ചെയ്തു. ഇപ്പോള്‍ ലക്ഷ്മി പാലി ജില്ലയിലെ രോഹത് ഗ്രാമത്തില്‍ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ്. ഇതാണ് ലക്ഷ്മിയുടെ കഥ. വലിയൊരു സാമൂഹ്യ വിപ്ലവത്തിനു കൂടി ലക്ഷ്മിയുടെ ജീവിതം സാക്ഷ്യം വഹിക്കുമെന്ന് തീര്‍ച്ച…
പ്രതികരിക്കാൻ ഇവിടെ എഴുതുക: