പാലാ: തുലാമഴയ്ക്കൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലേറ്റ് വീടു തകര്‍ന്നു. കുടുംബാംഗങ്ങള്‍ അത്ഭുതകരമായി രക്ഷപെട്ടു. കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലേറ്റ് കരൂര്‍ പേണ്ടാനംവയല്‍ കുന്നത്തോലിക്കല്‍ ദാമോദരന്റെ വീടാണ് ഭാഗീകമായി തകര്‍ന്നത്. ദാമോദരന്‍, ഭാര്യ രാജമ്മ, മകന് സജീവിന്റെ ഭാര്യ മായ, മകന് സംഗീത് അയല്‍വാസികളായ രണ്ടു സ്ത്രീകളും ഒരു കുട്ടിയും ഈ സമയം വീട്ടിലുണ്ടായിരുന്നു.
തയ്യല്‍ ജോലിക്കാരിയായ മായയുടെ അടുത്ത് തയ്പിച്ച വസ്ത്രങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു അയല്‍വാസികള്‍. ഇവര്‍ നിന്ന മുറിയിലാണ് മിന്നലേറ്റതെങ്കിലും ഇവര്‍ക്ക് അപകടമുണ്ടായില്ല. വൈദ്യുത ലൈനുകള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ് പുക പടര്‍ന്നത് പരിഭ്രാന്തി പരത്തി. വൈദ്യുത ലൈനുകള്‍ കടന്നുപോയിടത്തെല്ലാം ഭിത്തി തകര്‍ന്നു വിള്ളലുണ്ടായി. വൈദ്യുതോപകരണങ്ങളെല്ലാം നശിച്ചു.
വൈദ്യുതി മീറ്ററും സ്വിച്ച് ബോര്‍ഡുകളും പൊട്ടിത്തകരുകയായിരുന്നു. റവന്യൂ ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും ആരും സ്ഥലത്തെത്തിയില്ലെന്ന് സജീവ് പറഞ്ഞു. സമീപത്തെ കുന്നത്തോലിക്കല്‍ പരമേശ്വരന്, പ്ലാത്തോട്ടത്തില്‍ മുരളി എന്നിവരുടെ വീട്ടിലെ വൈദ്യുതോപകരണങ്ങളും ഇടിമിന്നിലില്‍ തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: