ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18-ാം വാര്‍ഡിലെ തീരപ്രദേശത്ത് അപ്രതീക്ഷിതമായി ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. രണ്ട് കയര്‍ ഫാക്ടറികളും ഏഴ് വീടുകലും ഭാഗികമായി തകര്‍ന്നു. നിരവധി വൃക്ഷങ്ങളും കടപുഴകി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു സംഭവം.
പതിനെട്ടാം വാര്‍ഡ് തെക്കേ പാലയ്ക്കല്‍ ഉത്തമന്, ഗോപന് എന്നിവരുടെ കയര്‍ ഫാക്ടറികളാണ് തകര്‍ന്നത്. സമീപത്തെ ഏഴോളം വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. ശക്തമായ കാറ്റില്‍ മേല്‍ക്കൂരയും ഷീറ്റുകളും മറ്റും പറന്നുപോകുകയായിരുന്നു. പ്രദേശത്തെ നിരവധി തെങ്ങുകളും വൃക്ഷങ്ങളും കടപുഴകി. പരിഭ്രാന്തരായ ജനം വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു, ആളപായമില്ല. കയര്‍ ബോര്‍ഡില്‍ നിന്ന് വായ്പയെടുത്ത് നിര്‍മ്മിച്ച കയര്‍ ഫാക്ടറികളാണ് തകര്‍ന്നത്. നിലവില്‍ ബാങ്കുകളില്‍ നിന്ന് വായ്പ കുടിശികയ്ക്ക് നോട്ടീസും ലഭിച്ചിരുന്നു. ഫാക്ടറി തകര്‍ന്നതോടെ ഉടമകള്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. തഹസില്‍ദാരുടെയും മറ്റ് റവന്യു ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പ്രദേശത്തെ നഷ്ടം വിലയിരുത്തി. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഏതാനും ദിവസം മുമ്പ് തൃക്കുന്നപ്പുഴയിലും ഇതേ രീതിയില്‍ വന്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചിരുന്നു. വ്യാപക നാശനഷ്ടമാണ് ഈ പ്രദേശത്തുണ്ടായത്. പിന്നീട് വിദഗ്ധസംഘം പ്രദേശത്തെത്തി പഠനവും നടത്തിയിരുന്നു. ജില്ലയുടെ തീരപ്രദേശങ്ങളില്‍ തുടര്‍ച്ചയായി ശക്തമായ ചുഴലിക്കാറ്റ് അനുഭവപ്പെടുന്നത് ആശങ്കയിലാഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: