ആലപ്പുഴ: ആര്യാട്-മണ്ണഞ്ചേരി പഞ്ചായത്തുകളുടെ മദ്ധ്യത്തിലായി സ്ഥിതി ചെയ്യുന്ന തോട്ടില്‍ കൈയേറ്റം വ്യാപകം. വേമ്പനാട് കായലിനെയും ആലപ്പുഴ-ചേര്‍ത്തല കനാലിനെയും ബന്ധിപ്പിക്കുന്ന കനാലാണിത്. ഏതാണ്ട് 75 വര്‍ഷം മുമ്പ് 40 മീറ്റര്‍ വീതിയില്‍ കഴിച്ച തോട് കാലാകാലങ്ങളായുള്ള കൈയേറ്റങ്ങളും നികത്തലും മൂലം ആഴവും വീതിയും തീരെക്കുറഞ്ഞ അവസ്ഥയിലാണിന്ന്.
ഇരുപഞ്ചായത്തിലും പെടുന്ന വലിയൊരു പ്രദേശത്തെ നീരൊഴുക്കിനെയും ജലവിതാനത്തെയും സ്വാധീനിക്കുന്ന തോടിന്റെ നാശം കുടിവെള്ള ലഭ്യതയെ ബാധിച്ചിട്ടുണ്ട്. മഴക്കാലത്ത് പ്രദേശമാകെ വെള്ളക്കെട്ട് ഭീഷണിയിലാകുകയും പകര്‍ച്ചവ്യാധികളും മറ്റ് നാശനഷ്ടങ്ങളും വ്യാപകമാകുകയും ചെയ്യുന്നു. തോടിന്റെ വടക്കേക്കരയില്‍ റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ തോട് വീണ്ടും കൈയേറാനുള്ള ശ്രമങ്ങളുള്ളതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചില ഭാഗങ്ങളില്‍ തോടിന്റെ വീതി ഒരു മീറ്ററോളം ചുരുങ്ങിയിട്ടുമുണ്ട്. പ്രദേശവാസികളുടെയും ചില സംഘടനകളുടെയും പരാതികളെത്തുടര്‍ന്ന് മണ്ണഞ്ചേരി പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് കൈയേറ്റം തടയുകയുണ്ടായി.
ഈ സാഹചര്യത്തില്‍ കോമളപുരം പാലത്തിന് കിഴക്കുഭാഗത്ത് കല്ലുകെട്ടി സംരക്ഷിച്ചിട്ടുള്ള വീതിയിലെങ്കിലും മുഴുവന്‍ ഭാഗത്തും തോട് സംരക്ഷിക്കാനുള്ള സത്വര നടപടികള്‍ അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും തോടിന്റെ സംരക്ഷണം ഉറപ്പാക്കി മാത്രമേ വികസന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാവൂവെന്നും ശാസ്ത്രസാഹിത്യ പരിശത്ത് ആലപ്പുഴ മേഖലാ പ്രവര്‍ത്തക യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതേ ആവശ്യങ്ങളുന്നയിച്ച് ആലപ്പുഴ സബ് കളക്ടര്‍ക്ക് രേഖാമൂലം പരാതി നല്കി. നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും പ്രതിഷേധങ്ങളെ പിന്തുണയ്ക്കാനും ജനപ്രതിനിധികളെ ഉള്‍പ്പെടെ ഒപ്പം കൂട്ടി തോടിന്റെ കരയിലൂടെ കാല്‍നടജാഥ നടത്താനും പ്രവര്‍ത്തക യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: