ആലപ്പുഴ: സിപിഎമ്മിന്റെ സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ കണ്ണര്‍കാട്ടെ സ്മാരകം തകര്‍ത്തത് സ്വന്തം പാര്‍ട്ടിക്കാരാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ആര്‍എസ്പി ഓഫീസിന് നേരെയുണ്ടായ അക്രമത്തിന് പിന്നിലെ ദുരൂഹതയും നീക്കണമെന്ന് ആവശ്യമുയരുന്നു. ആര്‍എസ്പി, എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേക്കേറിയതിന് പിന്നാലെയാണ് ആലപ്പുഴ നഗരത്തിലെ ജില്ലാക്കമ്മറ്റി ഓഫീസിന് നേരെ അക്രമം ഉണ്ടായത്. ഈ സംഭവത്തിന് ഏതാനും ദിവസങ്ങള്‍ മുമ്പ് കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രന്റെ വീടിന് നേരെയും അക്രമം നടന്നിരുന്നു.
ആര്‍എസ്പി ജനറല്‍ സെക്രട്ടറി ചന്ദ്രചൂഢന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെയായിരുന്നു ജില്ലാക്കമ്മറ്റി ഓഫീസിന് നേരെയുണ്ടായ അക്രമം. അടുത്തദിവസം ആലപ്പുഴയിലെത്തിയ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി അസീസ് അക്രമം നടത്തിയത് ഇടതുപാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് ആക്ഷേപം ഉന്നയിച്ചിരുന്നു. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അക്രമത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. എന്നാല്‍ അന്വേഷണം എങ്ങുമെത്തിയില്ല.
തുടര്‍ന്ന് അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് ആര്‍എസ്പി നേതാക്കള്‍ എസ്പി ഓഫീസ് മാര്‍ച്ച് നടത്തുമെന്നും പ്രഖ്യാപിച്ചു. ഇതിനിടെ ഓഫീസിന്റെ ചില്ലുകള്‍ തകര്‍ക്കപ്പെട്ടത് പുറത്തുനിന്നുള്ള കല്ലേറില്‍ അല്ലെന്നും, അകത്ത് നിന്ന് ചില്ല് എറിഞ്ഞ് തകര്‍ത്തതാണെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായതായി വാര്‍ത്തകള്‍ പ്രചരിച്ചു. ഇതോടെ എസ്പി ഓഫീസ് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികളില്‍ നിന്നെല്ലാം ആര്‍എസ്പി പിന്മാറി. യഥാര്‍ത്ഥ പ്രതികളെ പിടികൂടുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പ് നല്കിയിട്ടുള്ളതിനാല് പ്രക്ഷോഭ പരിപാടികള്‍ നടത്തുന്നില്ലെന്നാണ് ആര്‍എസ്പി നേതാക്കള്‍ പ്രചരിപ്പിക്കുന്നത്.
എന്നാല്‍ സംഭവം നടന്ന് ആറുമാസമായിട്ടും ഒരു പ്രതിയെ പോലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഭരണപക്ഷത്തായിട്ടും ആര്‍എസ്പിക്കും ഇതേക്കുറിച്ച് യാതൊരു പ്രതികരണവുമില്ല. സത്യം പുറത്തുവന്നാല്‍ കൃഷ്ണപിള്ള സ്മാരകത്തിന്റെ ഗതി തന്നെ ഇവിടെയും ആവര്‍ത്തിക്കുമോയെന്നും സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സത്യം പുറത്തുവരാന്‍ ആര്‍എസ്പിക്ക് പോലും താത്പര്യമില്ലാത്ത സാഹചര്യത്തില്‍ പോലീസും അന്വേഷണം മതിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: