കായംകുളം: മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ക്കുണ്ടായ വന്‍മുന്നേറ്റത്തെ തുടര്‍ന്ന് പത്തിയൂര്‍ പഞ്ചായത്തില്‍ നടന്ന ആഹ്ലാദപ്രകടത്തില് പങ്കെടുത്തവര്‍ക്ക് പോലീസ് മര്‍ദ്ദനം. ബിജെപി പ്രവര്‍ത്തകരായ എരുവ കാവിന്റെ കിഴക്കതില്‍ മനു (ബിജു), എരുവ കിഴക്ക് ഗണിയതറയില് സജിന്‍ സത്യപാലന് എന്നിവരെയാണ് കായംകുളം സിഐ: ഉദയഭാനുവിന്റെ നിര്‍ദ്ദേശപ്രകാരം അറസ്റ്റ് ചെയ്ത് ക്രൂരമായി മര്‍ദ്ദിച്ചത്.
ബിജെപി നടത്തിയ പ്രകടനത്തിനിടയിലേക്ക് സിപിഎമ്മുകാരനായ രാഹുല്‍ ബൈക്ക് ഓടിച്ച് കയറ്റുകയും ഇതിനെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ സമാധനപരമായി പ്രകടനം നടത്തി. എന്നാല്‍ രാഹുല്‍ മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് പോലീസില്‍ കള്ളപരാതി നല്കി. തുടര്‍ന്ന് കായംകുളം സിഐ മനുവിനേയും, സജിനേയും അറസ്റ്റ് ചെയ്ത് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനവിവരം പുറത്തുപറഞ്ഞാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി ജീവിതം നശിപ്പിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ പരാതിനല്‍കിയ രാഹുലിന് മര്‍ദ്ദനമേറ്റതിന്റെ യാതൊരു ലക്ഷണങ്ങളും മെഡിക്കല്‍ പരിശോധനയില്‍ സാക്ഷ്യപ്പെടുത്തിയിട്ടില്ല. എന്നിട്ടും കായംകുളം സിഐ, മനുവിനും, സജിനും എതിരെ ജാമ്യം ലഭിക്കാത്ത തരത്തില്‍ ക്രിമിനല്‍ കേസെടുത്തതിനു പിന്നില്‍ ഹരിപ്പാട്ടെ സംഭവത്തില്‍ സ്ഥലം മാറ്റിയതിനുള്ള വിദ്വേഷമാണെന്ന് ആക്ഷേപം ഉയരുന്നു.
ക്രൂരമായി മര്‍ദ്ദനമേറ്റ് അവശരായ മനുവിനേയും സജിനേയും ആശുപത്രിയില്‍ എത്തിക്കുന്നതിലും പോലീസ് ഉദാസീനതകാട്ടി. സിപിഎമ്മിനുവേണ്ടി അകാരണമായി ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കേസെടുക്കുകയും സ്റ്റേഷനില്‍ എത്തിച്ച് മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ ബിജെപി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സിപിഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന സിഐയുടെ നടപടിയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെടണമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: