കുമരകം: കുമരകത്ത് വീണ്ടും സിപിഎം അക്രമം. റിസോര്‍ട്ടിലെ തൊഴില്‍തര്‍ക്കം മുന്‍നിര്‍ത്തിയായിരുന്നു അക്രമം. കുമരകത്ത് ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ വകയായുള്ള റിസോര്‍ട്ടില്‍ സിപിഎം അക്രമികള്‍ ബിഎംഎസ് തൊഴിലാളികളെ മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ബിഎംഎസ് പ്രവര്ത്തകന് ക്രിസ്റ്റഫര്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുമരകത്തെ അമ്പത്താറോളം വരുന്ന വന്‍കിട റിസോര്‍ട്ടു നിര്‍മ്മാണം തുടക്കം മുതല്‍ സിഐടിയുവിന്റെ നേതൃത്വത്തിലുള്ള തൊഴിലാളികള്‍ കയ്യടക്കി വച്ചിരിക്കുകയായിരുന്നു. ഐഎന്‍ടിയുസി, ബിഎംഎസ് യൂണിയനുകളില്‍ ഉള്‍പ്പെടുന്ന തൊഴിലാളികളെ ഇവടെ പണിയെടുക്കാന്‍ സിഐടിയു നേതൃത്വം അനുവദിച്ചിരുന്നില്ല.
പള്ളിച്ചിറ ഭാഗത്ത് പണിനടക്കുന്ന റിസോര്‍ട്ടില്‍ നാട്ടുകാരായ കുറെ സ്ത്രീപുരുഷന്മാര്ക്കുകൂടി തൊഴില്‍ നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് ബിജെപി, ബിഎംഎസ് പ്രവര്‍ത്തകര്‍ സൈറ്റിലെ സൂപ്പര്‍വൈസറുമായി സംസാരിക്കുന്നതിനിടിയില്‍ പി.ടി. അനീഷെന്ന സിപിഎം പ്രവര്ത്തകന് തൊഴിലെടുക്കാനെത്തിയ ക്രിസ്റ്റഫര്‍ എന്ന ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതെത്തുടര്‍ന്ന് സൈറ്റിലെ സൂപ്പര്‍വൈസര്‍ പണി നിര്‍ത്താന്‍ സിഐടിയു തൊഴിലാളികളോട് ആവശ്യപ്പെട്ടെങ്കിലും അതു വകവയ്ക്കാതെ അവര്‍ പണി തുടര്‍ന്നു. ഇതോടെ നൂറുകണക്കിന് സ്ത്രീതൊഴിലാളികള്‍ വിവരമറിഞ്ഞെത്തിയത് സംഘര്‍ഷാവസ്ഥയിലെത്തിച്ചു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
സിപിഎമ്മിന്റെ നയങ്ങളോട് പൊതുവെ റിസോര്‍ട്ടുകളില്‍ പണിയെടുത്തുവന്ന തൊഴിലാളികള്‍ക്ക് എതിരഭിപ്രായമാണ്. പാര്‍ട്ടി പരിപാടികള്‍ക്ക് കൊഴുപ്പുകൂട്ടാന്‍ വിസമ്മതിക്കുന്നവര്‍ക്ക് റിസോര്‍ട്ടുകളില്‍ പണി നല്‍കാറില്ല. ഇതിനെതിരെ നേതൃത്വത്തോടുള്ള അമര്‍ഷം ഉള്ളിലൊതുക്കി കഴിഞ്ഞിരുന്ന സിഐടിയു തൊഴിലാളികള്‍ യൂണിയന് വിടാന്‍ തീരുമാനിച്ചിരുന്നു. ഇന്നലെ റിസോര്‍ട്ടില്‍ സിഐടിയുവും സിപിഎം ഗുണ്ടകളും നടത്തിയ അക്രമത്തിനു പിന്നില്‍ അണികളെ കൂടെ നിര്‍ത്തുക എന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നത്.
പാര്‍ട്ടി നിര്ദ്ദശങ്ങള് തള്ളി അണികള്‍, ആശങ്കയോടെ നേതൃത്വം
കുമരകം: സിപിഎമ്മില്‍ നിന്നും സംഘ വിവിധക്ഷേത്ര സംഘടനകളിലേക്കുള്ള അണികളുടെ ഒഴുക്ക് തടയാനാകാതെ കുമരകത്ത് സിപിഎം നേതൃത്വം കുഴയുന്നു. റിസോര്‍ട്ടുകാരെയും തൊഴില്‍ദാതാക്കളെ ഭീഷണിപ്പെടുത്തി ബിജെപി- ബിഎംഎസ് പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന സിപിഎം നേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു.
തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ ബിഎംഎസ് പ്രവര്‍ത്തകരുമായി ഉണ്ടാക്കിയ സംഘര്‍ഷം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. പോലീസ് സ്റ്റേഷനില്‍ വിളിച്ച സമാധാന ചര്‍ച്ചകള്‍ സിപിഎം നേതാക്കള്‍ ബഹിഷ്കരിച്ചതും അണികളില്‍ പ്രതിഷേധത്തിന് കാരണമായി. സിപിഎമ്മും സിഐടിയുവും ആഹ്വാനം ചെയ്ത ഓട്ടോറിക്ഷ പണിമുടക്ക് ഓട്ടോ തൊഴിലാളികള്‍ തള്ളിക്കളഞ്ഞത് നേതൃത്വത്തെ ഞെട്ടിച്ചു.
പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ഏതാനും ചിലര്‍ നടത്തുന്ന നിയമ – പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സിപിഎമ്മിലെ സാധാരണ പ്രവര്‍ത്തകര്‍. ഇന്നലെ തൊഴില്‍ സ്ഥാപനങ്ങളില്‍ നടത്താനിരുന്ന ഉപരോധവും പ്രകടനവും ഓട്ടോറിക്ഷ പണിമുടക്കും പരാജയപ്പെട്ടത് അണികളുടെ പ്രതിഷേധത്തിന്റെ സൂചനയായി ചൂണ്ടിക്കാണിക്കുന്നു.
സിഐടിയു ആഹ്വാനം ചെയ്ത
ഓട്ടോപണിമുടക്ക് പാളി
കുമരകം: സിപിഎം ആഹ്വാനംചെയ്ത ഓട്ടോറിക്ഷാ പണിമുടക്ക് പൊളിഞ്ഞു. സിഐടിയു ഓട്ടോതൊഴിലാളികല്ക്ക് തൊഴില്‍ തര്‍ക്കത്തിടയില്‍ പരിക്കേറ്റെന്നു പ്രചരിപ്പിച്ചാണ് സിഐടിയുവും സിപിഎമ്മും ഓട്ടോറിക്ഷ പണിമുടക്കിന് ആഹ്വാനം ചെയ്തത്. എന്നാല്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കാന്‍ കൂട്ടാക്കിയില്ല. ഇത് സിപിഎം നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. സിഐടിയു യൂണിയനിലുള്ള കവണാറ്റിന്‍കരയിലെ മോട്ടോര്‍ തൊഴിലാളികള്‍ കൂട്ടത്തോടെ കഴിഞ്ഞദിവസം ബിഎംഎസ് യൂണിയനില്‍ ചേര്‍ന്നിരുന്നു. കുമരകത്തെ ബാക്കി വരുന്ന ഓട്ടോതൊഴിലാളികളും ബിഎംഎസ്സിലേക്ക് ചേക്കേറുമെന്ന തോന്നല്‍ സിപിഎം നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: