മുഹമ്മ: മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന ഉച്ചയ്ക്ക് ശേഷമുള്ള ഒപി ചികിത്സയ്ക്ക് താഴ് വീണു. ഡോക്ടര്‍മാരുടെ ക്ഷാമത്തെ തുടര്‍ന്ന് പുതിയ ഡോക്ടര്‍മാരെ നിയമിക്കുന്നത് വരെ ഉച്ചയ്ക്ക് രണ്ട് മുതല്‍ ആശുപത്രിയില്‍ പരിശോധന ഉണ്ടായിരിക്കുന്നതല്ലെന്ന് മെഡിക്കല്‍ ഓഫീസറുടേതായി ബോര്‍ഡും തൂക്കി. രണ്ട് എന്‍ആര്‍എച്ച്എം ഡോക്ടര്‍മാരും ഒരു ജീവിതശൈലി രോഗ ചികിത്സയ്ക്കുള്ള ഡോക്ടറും ജോലി ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാരുടെ കുറവുണ്ടായത്. ശേഷിക്കുന്ന നാല് ഡോക്ടര്‍മാരില്‍ മെഡിക്കല്‍ ഓഫീസര്‍ ചേര്‍ത്തല തെക്ക് പിഎച്ച്സിയില്‍ അധിക ചുമതലയിലുമാണ്.
അറുപത് വര്‍ഷത്തിന് മേലായി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ വന്നതോടെയാണ് അധഃപതനം ആരംഭിച്ചത്. ഇപ്പോള്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. അതോടെ ആര്യാടിന് കീഴില്‍ രണ്ട് സിഎച്ച്സികളായി. ഇത് മുഹമ്മ സിഎച്ച്സിയുടെ അധഃപതനത്തിന് മറ്റൊരു കാരണവുമായി. ബ്ലോക്ക് പഞ്ചായത്തും എംഎല്‍എയും എംപിയും മുഹമ്മ സിഎച്ച്സിയുടെ കാര്യത്തില്‍ കാണിച്ച അലംഭാവം ചെറുതല്ലെന്ന് ജനം തിരിച്ചറിഞ്ഞത് രണ്ട് മുതലുള്ള ഒപി പൂട്ടിയതോടെയാണ്.
ഇതിനിടെ ചില സാമുദായിക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സമരം നടത്തി പിന്‍വാങ്ങിയിരുന്നു. സര്‍ക്കാര്‍ കനിയാതെ സിഎച്ച്സിയാക്കി ഉയര്‍ത്തിയിട്ടും സിഎച്ച്സിയുടെ പാറ്റേണില്‍ ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാതെ എത്രനാള്‍ മുന്നോട്ടു നീങ്ങാനാകും ഈ ആതുരാലയത്തിനെന്ന ആശങ്കയാണ് ജനങ്ങള്‍ക്ക്. ഇതിനിടെ 24 മണിക്കൂറും ആശുപത്രി തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മ വെളിയില്‍ ശിവജി ഒറ്റയാള്‍ പോരാട്ടത്തിനിറങ്ങി. ആര്യക്കര, മുഹമ്മ ബസ് സ്റ്റാന്‍ഡ്, ജങ്ഷന്, ആശുപത്രിക്കവല എന്നിവിടങ്ങളില്‍ പ്ലക്കാര്‍ഡുമായി ഇയാള്‍ സമരം നടത്തി. പെട്ടിയോട്ടോ ഡ്രൈവറാണ് ശിവജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: