കോട്ടയം: പുതുമന തന്ത്രവിദ്യാലയത്തിന്റെ ഈ വര്‍ഷത്തെ ആദ്ധ്യാത്മിക ക്ഷേത്രവാദ്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നവംബര്‍ ആദ്യം തിരുവനന്തപുരത്ത് പ്രസ്ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരദാനം നിര്‍വ്വഹിക്കും. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.സി. ജോസഫ്, കെ. ബാബു, ജയലക്ഷ്മി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
വാദ്യമേഖലയിലെ അതുല്യപ്രതിഭയ്ക്ക് നല്കുന്ന വാദ്യകലാനിധി പുരസ്കാരത്തിന് കാഞ്ഞങ്ങാട് മുരളീധര മാരാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന കലാകാരന്മാര്ക്ക് നല്കുന്ന ക്ഷേത്രശ്രീ പുരസ്കാരത്തിന് പഞ്ചവാദ്യ മേഖലയില്‍ നിന്നും കുറിച്ചിത്താനം രാമചന്ദ്രന്, കലാപീഠം സുനില്മാരാര്, എന്നിവരും നാദസ്വര മേഖലയില്‍ കിടങ്ങൂര്‍ ഉണ്ണികൃഷ്ണന്, പരിപ്പ് വിനോദ്കുമാര്‍, ശൂരനാട് കൃഷ്ണകുമാര്‍ എന്നിവരും തവില്‍ വിഭാഗത്തില്‍ സേതു പാമ്പാടിയും തെരഞ്ഞെടുക്കപ്പെട്ടു. തന്ത്രശാസ്ത്ര പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിനായക ചതുര്‍ത്ഥി പുരസ്കാരത്തിന് ചേറ്റുപുഴ രാധാകൃഷ്ണന്, ആറ്റിങ്ങല്‍ ഹരികുമാര്‍, കുറുപ്പംപടി ചന്ദ്രന് എന്നിവര്‍ അര്‍ഹരായി.
പുതുമന മഹേശ്വരന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ പുതുമന തന്ത്രവിദ്യാലയം ഭാരവാഹികളാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: