ആലപ്പുഴ: വാഹനമോഷണം തൊഴിലാക്കിയ വിമുക്തഭടനെ കൈത്തോക്കും തിരകളുമായി സൗത്ത് പോലീസ് അറസ്റ്റു ചെയ്തു. ചെങ്ങന്നൂര്‍ ഇരമല്ലിക്കര ഓതരത്ത് വീട്ടില്‍ സുജേഷ്കുമാറി (മിലിട്ടറി സുജേഷ്-36)നെയാണ് വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്. ഞായറാഴ്ച രാവിലെ പതിനൊന്നോടെ കടപ്പുറം ആശുപത്രിയ്ക്കു സമീപമുള്ള റെയില്‍വേ ക്രോസിനു സമീപം വാഹനപരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്.
സൗത്ത് സിഐ: ഷാജിമോന്‍ ജോസഫ്, എസ്ഐ: കെ. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളില്‍ നിന്ന് നിരവധി ബൈക്കുകളും കാറുകളും മോഷ്ടിച്ചിരുന്ന ഇയാള്‍ക്ക് എന്‍ഫീല്‍ഡ് ബുള്ളറ്റ് ബൈക്കുകളോടായിരുന്നു കുടുതല്‍ താത്പര്യം. മോഷ്ടിച്ച ഫോണ്‍ ഉപയോഗിച്ചതാണ് പ്രതിയെ പിടികൂടാന്‍ പോലിസിന് സഹായകമായത്. പിടിയിലാകുമ്പോള്‍ പ്രതി ചങ്ങനാശേരിയില്‍ നിന്ന് മോഷ്ടിച്ച ബുള്ളറ്റ് ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്.
ചോദ്യം ചെയ്യലില്‍ കോട്ടയം നാഗമ്പടം, തിരുവല്ല റെയില്‍വേ സ്റ്റേഷന്, ആലപ്പുഴ റെയില്‍വേ സ്റ്റേഷന്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നായി അഞ്ച് എന്‍ഫീല്‍ഡ് ബുള്ളറ്റുകളും ചിങ്ങവനത്തുനിന്ന് പള്‍സര്‍ ബൈക്കും ചങ്ങനാശേരി ബൈപാസില്‍ നിന്ന് മാരുതിക്കാറും മോഷ്ടിച്ചതായി ഇയാള്‍ സമ്മതിച്ചു. പ്രതിയുടെ പക്കല്‍ നിന്ന് കൈത്തോക്കും നാല് തിരകളും പോലീസിന് ലഭിച്ചു. മിലിട്ടറിയില്‍ സഹപ്രവര്‍ത്തകനായിരുന്ന ഉത്തര്പ്രദേശുകാരന് നല്‍കിയതാണ് തോക്ക് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
കഴിഞ്ഞമാസം ആലപ്പുഴ ബീച്ചില്‍ ബുള്ളറ്റ് ബൈക്കിലെത്തിയ പ്രതി ഷാഡോ പോലീസ് ചമഞ്ഞ് കണിച്ചുകുളങ്ങര സ്വദേശിയായ ജഗദീഷ് എന്നയാളെ ആക്രമിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന വിലകൂടിയ മൊബൈല്‍ഫോണ്‍ കൂടാതെ എടിഎം കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, 8,000 രൂപ എന്നിവ അടങ്ങിയ പഴ്സും തട്ടിയെടുത്തു. ചങ്ങനാശേരി ബൈപാസ് റോഡില്‍ രാത്രിയില്‍ വാഹനം കാത്തുനിന്നയാളെ ആക്രമിച്ച് 15,000 രൂപ പിടിച്ചുപറിച്ചതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ പേ ആന്‍ഡ് പാര്‍ക്കില്‍ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയുമായി ഹിന്ദിയില്‍ സംസാരിച്ച് അടുപ്പംകൂടി ഇയാളെ മദ്യപിച്ച് ബോധരഹിതനാക്കിയശേഷം അവിടെ പാര്‍ക്കുചെയ്തിരുന്ന ബുള്ളറ്റ് ബൈക്ക് കടത്തിക്കൊണ്ടുപോയി.
14 വര്‍ഷത്തോളം മിലിട്ടറിയില്‍ സിഗ്നല്‍ കോറില്‍ മെക്കാനിക്കായിരുന്ന സുജേഷിനെ സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് നാലുമാസം മുമ്പ് പിരിച്ചുവിടുകയായിരുന്നു. നാട്ടിലെത്തിയ ഇയാള്‍ ജോലി നഷ്ടപ്പെട്ട വിവരം വീട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മറച്ചുവെച്ചു. വിവിധ സ്ഥലങ്ങളില്‍ മാറിമാറി താമസിച്ച് മോഷണം നടത്തിവരികയായിരുന്നു. വിവിധ തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ആര്‍സി ബുക്കുകള്‍, വാഹനങ്ങളുടെ താക്കോല്‍കൂട്ടങ്ങള്‍, സീലുകള്‍ എന്നിവയും പ്രതിയില്‍ നിന്ന് പിടിച്ചെടുത്തു.
മോഷ്ടിച്ചെടുത്ത വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മാറ്റി പകരം ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വ്യാജ നമ്പര്‍പ്ലേറ്റ് പതിച്ചാണ് വില്പന നടത്തിയിരുന്നത്. വാഹനങ്ങള്‍ മിലിട്ടറിയില്‍ നിന്ന് ലേലത്തില്‍ പിടിച്ചതാണെന്നാണ് ഇടപാടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. മോഷ്ടിച്ച് കിട്ടുന്ന പണം ഉപയോഗിച്ച് പ്രതി ആര്‍ഭാടജീവിതം നയിച്ചുവരികയായിരുന്നുവെന്ന് സി.ഐ. ഷാജിമോന്‍ ജോസഫ് പറഞ്ഞു. ജില്ലാ പോലീസ് ചീഫ് കെ.കെ. ബാലചന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് പ്രത്യേക സംഘം അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. സംഘത്തില്‍ സീനിയര്‍ സിപിഒമാരായ നെവിന്, സുരേഷ് കൃഷ്ണ, മോഹന്‍കുമാര്‍, മുജീബ്, ഷാജി, പ്രമോദ്, ജോമോന് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: